

ഭോപ്പാല്‍: വര്‍ഗീയ അക്രമങ്ങളുടെ പേരില്‍ മുസ്ലിംകളുടെ സ്വത്തുവകകള്‍ തെരഞ്ഞുപിടിച്ച് തകര്‍ക്കുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ ബോര്‍ഡ് ചെയര്‍മാന്‍ ആകാര്‍ പട്ടേല്‍. കലാപകാരികളായി സംശയിക്കുന്നവരുടെ വീടുകള്‍ തകര്‍ക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന് വിരുദ്ധമായും കടുത്ത ശിക്ഷ ലഭിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാമനവമിയോടനുബന്ധിച്ച് മധ്യപ്രദേശിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ആകാര്‍ പട്ടേലിന്റെ പ്രതികരണം.

രാജ്യം കുറച്ചു ദിവസങ്ങളായി വര്‍ഗീയതയുടെ പേരില്‍ മുസ്ലിംകളുടെ സ്വത്തുവകകള്‍ നശിപ്പിക്കപ്പെടുന്നതിന് സാക്ഷ്യം വഹിക്കുകയാണെന്നും സ്വകാര്യ സ്വത്ത് അറിയിപ്പുകളോ മറ്റ് നടപടിക്രമങ്ങളോ ഇല്ലാതെ നശിപ്പിക്കപ്പെടുന്നത് നിയമവാഴ്ചയ്ക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊളിച്ചുമാറ്റിയ വസ്തുവകകളില്‍ ഭൂരിഭാഗവും മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ളതാണ്. ഇത്തരം അക്രമങ്ങളെ കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തുകയും അക്രമത്തിന് നേതൃത്വം നല്‍കിയവരെ ന്യായമായ വിചാരണയിലൂടെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നുവെന്ന് ഉറപ്പാക്കുകയും വേണമെന്നും ആകാര്‍ പട്ടേല്‍ ആവശ്യപ്പെട്ടു.
സ്വത്തുവകകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണം. ഇതെല്ലാം ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

