
തൃശൂര്‍: പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി പ്രശസ്ത സിനിമാ സംവിധായകന്‍ സത്യന്‍ അന്തിക്കാടും മണപ്പുറം ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സി എം ഡി വി പി നന്ദകുമാറും. കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ മുഖ്യ രക്ഷാധികാരികളായി ഇരുവരും ചുമതലയേറ്റു.

തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ എം നൂര്‍ദീന്‍ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരികളെ അദ്ദേഹം പ്രഖ്യാപിച്ചു. ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ നാള്‍ക്കുനാള്‍ പുരോഗമിക്കുന്നുവെന്നതും വേദനയനുഭവിക്കുന്ന ആയിരക്കണക്കിനാളുകളിലേക്ക് ദേശഭേദങ്ങള്‍ മറികടന്ന് സഞ്ചരിക്കുന്നുവെന്നതും തന്നെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മേയര്‍ എം കെ വര്‍ഗീസ് പറഞ്ഞു. പൊതുപ്രസ്ഥാനങ്ങള്‍ക്കുണ്ടായിരിക്കേണ്ട വിശ്വാസ്യത ആല്‍ഫയ്ക്കു വേണ്ടത്രയുണ്ടെന്നതിനാലാണ് കോര്‍പ്പേറഷന്റെ കോടികള്‍ വിലമതിക്കുന്ന സ്ഥലത്ത് കെട്ടിടം പണിതുനല്‍കാനും ഡയാലിസിസ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കാനും കോര്‍പ്പറേഷന്‍ തീരുമാനമെടുത്തതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

മറുപടി പ്രസംഗം നടത്തിയ സത്യന്‍ അന്തിക്കാട് ആല്‍ഫയോടൊത്ത് ദശാബ്ദക്കാലത്തിലേറെയായുള്ള തന്റെ അടുപ്പം ഓര്‍മിച്ചു. ആല്‍ഫ നടത്തുന്നത് വേദനിക്കുന്നവര്‍ക്ക് ആശ്വാസം കണ്ടെത്തുന്നതിനുള്ള യുദ്ധസമാനമായ പ്രവര്‍ത്തനമെന്നാണ് തന്റെ അനുഭവമെന്ന് അദ്ദേഹം പറഞ്ഞു. തിരക്കിട്ട സിനിമാ പ്രവര്‍ത്തനത്തിനിടയിലും അതിനാല്‍ തന്റെ സമയം ആല്‍ഫയ്ക്കായി മാറ്റിവയ്ക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മണപ്പുറം ഗ്രൂപ്പ് ചെയര്‍മാന്‍ വി പി നന്ദകുമാറും രണ്ടു പതിറ്റാണ്ടോളമായി ആല്‍ഫയുമായി നിരന്തരം സഹകരിച്ച അനുഭവങ്ങള്‍ പങ്കുവച്ചു. ആല്‍ഫയുടെ പ്രവര്‍ത്തനം കേരളത്തിന്റെ അതിര്‍ത്തിക്കപ്പുറം വ്യാപിപ്പിക്കുന്നതില്‍ തന്റെ പരിപൂര്‍ണ പിന്തുണ അദ്ദേഹം പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് മുഖ്യാതിഥിയായിരുന്നു.
മണപ്പുറം ഫൗണ്ടേഷന്‍ സി ഇ ഒ ജോര്‍ജ് ഡി ദാസ്, സി എസ് ആര്‍ ഹെഡ് ശില്‍പ്പ ട്രീസ, ആതിര ബില്‍ഡേഴ്സ് എം ഡി റഷീദ്, കേരള ഹെല്‍ത്ത് യൂണിവേഴ്സിറ്റി ഡീന്‍ ഡോ. കെ എസ് ഷാജി തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രോഗ്രാം കണ്‍വീനര്‍മാരായ തോമസ് തോലത്ത് സ്വാഗതവും കെ എ കദീജാബി നന്ദിയും പറഞ്ഞു. കണ്‍വീനര്‍ വി ജെ തോംസണ്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ആല്‍ഫയുടെ വിവിധ സെന്ററുകളുടെ ഭാരവാഹികളും പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.

