
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ പി എഫ്) ബഹ്റൈന്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അഞ്ഞൂറിലധികം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച ക്യാമ്പില്‍ വിവിധ ആരോഗ്യ പരിശോധനകളും രക്തപരിശോധനകളും സ്‌പെഷ്യലിസ്റ്റ് കണ്‍സള്‍ട്ടേഷനുകളും നടന്നു.

ഡോ. ശ്യാം ശരത് (ഇന്റേണല്‍ മെഡിസിന്‍), ഡോ. കൃഷ്ണ പ്രിയ ലീല (ഓബ്‌സ്‌ടെട്രിക്‌സ് ആന്റ് ഗൈനക്കോളജി) എന്നിവര്‍ ജീവിത ശൈലി രോഗങ്ങള്‍, വനിതകളുടെ ആരോഗ്യം എന്നീ വിഷയങ്ങളില്‍ ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

ചടങ്ങ് അപ്പര്‍ ഗള്‍ഫ് റീജണല്‍ ഹെല്‍ത്ത്, സേഫ്റ്റി, സെക്യൂരിറ്റി, എന്‍വയോണ്‍മെന്റ് ആന്റ് ക്വാളിറ്റി അഷ്വറന്‍സ് മാനേജര്‍ സച്ചിന്‍ ദേവ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് സുധീര്‍ തിരുനിലം അധ്യക്ഷത വഹിച്ചു. ഐമാക്ക് ബി എം സി മാനേജിംഗ് ഡയറക്ടര്‍ ഫ്രാന്‍സിസ് കൈതാരത്ത് മെയ് ദിന സന്ദേശം നല്‍കി. ജോയിന്റ് സെക്രട്ടറി രമ സന്തോഷ് സ്വാഗതവും കെ പി എഫ് ചാരിറ്റി വിങ് കണ്‍വീനര്‍ സജിത്ത് വെള്ളിക്കുളങ്ങര നന്ദിയും പറഞ്ഞു. ക്യാമ്പ് ലേഡീസ് വിങ് കണ്‍വീനര്‍ സജ്‌ന ഷനൂബ് നിയന്ത്രിച്ചു.
കിംസ് ഹെല്‍ത്ത് പ്രതിനിധിയായ സൗരവ് ഭുദി രാജ സമൂഹത്തിന് പിന്തുണ നല്‍കുന്നതില്‍ ആശുപത്രി എപ്പോഴും തയ്യാറാണെന്ന് അറിയിച്ചു.
പരിപാടിയുടെ ഭാഗമായി കെ പിഎ ഫ് കിംസ് ഹെല്‍ത്ത് പ്രിവിലേജ് കാര്‍ഡ് ഔദ്യോഗികമായി പുറത്തിറക്കി. ഇത് അംഗങ്ങള്‍ക്ക് കൂടുതല്‍ ആരോഗ്യ സേവന ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ്.
ട്രഷറര്‍ സുജിത്ത് സോമന്‍, കെ പി എഫ് രക്ഷാധികാരികളായ കെ ടി സലീം, യു കെ ബാലന്‍, ജമാല്‍ കുറ്റിക്കാട്ടില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
കെ പി എഫ് ചാരിറ്റി വിങ്, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ലേഡീസ് വിങ് പ്രതിനിധികള്‍ എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.

