Connect with us

Community

കെ ടി ജലീല്‍ പൊതുസമൂഹത്തോട് മാപ്പ് പറയണം: ഹൈദര്‍ ചുങ്കത്തറ

Published

on


ദോഹ: സംസ്ഥാന മന്ത്രിസഭയില്‍ അംഗമായിരിക്കെ കേരളത്തിലെ ഒരു വാര്‍ത്തയുടെ പേരില്‍ ‘ഗള്‍ഫ് മാധ്യമം’ നിരോധിക്കണം എന്നാവശ്യപ്പെട്ട് വിദേശ രാജ്യത്തേക്ക് കത്തെഴുതിയ കെ ടി ജലീലിന്റെ നടപടി ജനാധിപത്യ വിരുദ്ധവും പ്രോട്ടോകോള്‍ ലംഘനവുമാണെന്ന് ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ പ്രസ്താവനയില്‍ പറഞ്ഞു. വ്യക്തിതാല്‍പര്യത്തിനുവേണ്ടി അധികാര ദുര്‍വിനിയോഗം നടത്തുകയും സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി മുന്‍ മന്ത്രി കെ ടി ജലീല്‍ അടുത്ത ബന്ധം സൂക്ഷിക്കുകയും ചെയ്തുവെന്നതിന്റെ തെളിവാണ് സ്വപ്ന സുരേഷിന്റെ സത്യവാങ് മൂലം.

കോവിഡ് വ്യാപന സമയത്ത് വസ്തുതാപരമായ റിപ്പോര്‍ട്ടുകളുമായി പ്രവാസികളുടെ പക്ഷത്തു നിന്നു വാര്‍ത്ത നല്‍കിയതിന്റെ പേരിലാണ് മന്ത്രി പദവി വഹിച്ച ഒരു ജനപ്രതിനിധി അധികാര ദുര്‍വിനിയോഗം നടത്തിയത്. കേരള സമൂഹത്തെ നാണം കെടുത്തുന്ന ഈ നടപടിയില്‍ അദ്ദേഹം പൊതു സമൂഹത്തോടും മാധ്യമ സമൂഹത്തോടും പരസ്യമായി മാപ്പ് പറയണമെന്ന് ഇന്‍കാസ് ഖത്തര്‍ ആവശ്യപ്പെട്ടു.

വിദേശ രാജ്യത്തെ ഭരണകൂടത്തിന്റെ തെറ്റായ നടപടി മൂലമാണ് ആളുകള്‍ മരിക്കുന്നതെന്ന അവാസ്തവമായ ആരോപണമാണ് കെ ടി ജലീല്‍ യു എ ഇ അധികൃതര്‍ക്ക് എഴുതിയ കത്തില്‍ സൂചിപ്പിച്ചത്. വസ്തുതാ വിരുദ്ധമായ കാര്യം ഉന്നയിച്ചു വൈരാഗ്യം തീര്‍ക്കാന്‍ ശ്രമിക്കുന്ന കെ ടി ജലീല്‍ ജനപ്രതിനിധിയായി പോലും തുടരാന്‍ അര്‍ഹതയില്ല. കോവിഡ് വ്യാപന സമയത്ത് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസികളെ ഇന്ത്യയിലേക്ക് കൊണ്ടു വരുന്നതില്‍ കേന്ദ്ര- സംസ്ഥാന മന്ത്രിസഭകള്‍ കാണിച്ച അലംഭാവത്തിനെതിരെയാണ് ‘മാധ്യമം ദിനപത്രം’ മരണപ്പെട്ട പ്രവാസികളുടെ ചിത്രങ്ങള്‍ സഹിതം വാര്‍ത്ത നല്‍കിയത്. എന്നാല്‍, ഇതിനെ പ്രതികാര ബുദ്ധിയോടെ നേരിട്ട പിണറായി വിജയന്‍ സര്‍ക്കാറിനു വേണ്ടി മുഖ്യമന്ത്രിയുടെ സമ്മതത്തോടെയാണോ കെ ടി ജലീല്‍ ഇടപെട്ടതെന്ന് വ്യക്തമാക്കണമെന്നും ഇന്‍കാസ് ഖത്തര്‍ ആവശ്യപ്പെട്ടു.


error: Content is protected !!