
മനാമ: മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിന് ഭാഷാ സമരം നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂര്‍ അഭിപ്രായപ്പെട്ടു. കെ എം സി സി ബഹ്‌റൈന്‍ മലപ്പുറം ജില്ലാ കമ്മിറ്റി മനാമ കെ എം സി സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഭാഷാ സമര അനുസ്മരണ സംഗമത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1980-ല്‍ കേരളം ഭരിച്ചിരുന്ന നായനാര്‍ സര്‍ക്കാര്‍ അറബി, ഉര്‍ദു, സംസ്‌കൃതം ഭാഷകള്‍ക്കെതിരെ കൊണ്ടുവന്ന നടപടികള്‍ അന്ന് പ്രാബല്യത്തില്‍ വന്നിരുന്നുവെങ്കില്‍ മുസ്ലിം സമുദായം ഇന്ന് കൈവരിച്ചിരിക്കുന്ന വിദ്യാഭ്യാസ പുരോഗതി സാധ്യമാകുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭാഷാ സമരത്തിന്റെ വിജയമാണ് വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തിനും പുതിയ തലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസ അവസരങ്ങള്‍ ലഭിക്കുന്നതിനും വഴിയൊരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവകാശ സംരക്ഷണത്തിനായുള്ള പോരാട്ടങ്ങള്‍ക്ക് എന്നും ഊര്‍ജ്ജവും പ്രചോദനവുമായാണ് ഭാഷാ സമരത്തെ ചരിത്രം രേഖപ്പെടുത്തുന്നതെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ച കെ എം സി സി ബഹ്റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്‍ പറഞ്ഞു. ഭാഷയ്ക്കും വിദ്യാഭ്യാസ അവകാശങ്ങള്‍ക്കും വേണ്ടി പോരാടിയ ധീരസമര സേനാനികളുടെ ത്യാഗങ്ങള്‍ പുതിയ തലമുറയ്ക്ക് മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഇഖ്ബാല്‍ താനൂര്‍ അധ്യക്ഷത വഹിച്ചു. പരിപാടിയോട് അനുബന്ധിച്ച് പുറത്തിറക്കിയ സപ്ലിമെന്റ് ജില്ലാ ട്രഷറര്‍ ഫാറൂഖ് കൊണ്ടോട്ടി പ്രകാശനം ചെയ്തു, കെ എം സി സി ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര, ട്രഷറര്‍ കെ പി മുസ്തഫ, വി എച്ച് അബ്ദുള്ള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ജില്ലാ ജനറല്‍ സെക്രട്ടറി അലി അക്ബര്‍, ഭാരവാഹികളായ ഷഹിന്‍ താനാളൂര്‍, മുജീബ് ആഡ് വെല്‍, മൊയ്ദീന്‍ മീനാര്‍കുഴി, ശിഹാബ് പൊന്നാനി, ജാസിര്‍ തിരൂര്‍ എന്നിവര്‍ നേതൃത്വം കൊടുത്ത പരിപാടിയില്‍ ശരീഫ് കുറ്റൂരിന് കെ എം സി സി ബഹ്റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്‍ മൊമെന്റോ നല്‍കി ആദരിച്ചു.
മലപ്പുറം ജില്ലാ കെ എം സി സിയുടെ ബിസിനസ്സ് എക്‌സലന്‍സ് അവാര്‍ഡ് ദാറുല്‍ മുന കുഞ്ഞഹമ്മദിനെ നല്‍കി ആദരിച്ചു. പരിപാടിയുടെ മുഖ്യ പ്രയോജകരായ ശിഫ അല്‍ ജസിറ ഹോസ്പിറ്റലിനുള്ള ഉപഹാരം ചെയര്‍മാന്‍ സഹീദ് ഉമ്മറിന് കൈമാറി. ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി വി കെ റിയാസ് സ്വാഗതവും ഉമര്‍ കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.

