

തിരുവനന്തപുരം: ഇന്ത്യയെ വിറ്റുതുലയ്ക്കുന്നതിന്റെ തുടര്‍ച്ചയാണ് ലാറ്റക്സ് സ്വകാര്യവല്‍ക്കരണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രത്തിന്റെ പൊതുസമ്പത്താകെ കുത്തക മുതലാളിമാര്‍ക്ക് വിറ്റഴിക്കുന്ന മോഡി ഭരണകൂടം ജനങ്ങളുടെ
സമ്പത്താകെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് സ്വകാര്യവല്‍ക്കരണത്തിനെതിരെ സി പി ഐ ജില്ലാ
കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പേരൂര്‍ക്കട ഹിന്ദുസ്ഥാന്‍ ലാറ്റക്സിന് മുന്നില്‍ നടന്ന ബഹുജന മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകളും തുറമുഖങ്ങളും നവരത്നങ്ങളായ വ്യവസായങ്ങളും കല്‍ക്കരി
എണ്ണപ്പാടങ്ങളും വിറ്റഴിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമാണ് ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ കച്ചവടവും. രാജ്യത്തിലെ ഏറ്റവും വലിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ എല്‍ ഐ സിയുടെ നൂറു ശതമാനം ഓഹരിയും വിറ്റഴിക്കലാണ് തങ്ങളുടെ അടിയന്തര ദൗത്യമെന്നാണ് മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍ഷുറന്‍സ് രംഗവും ഈ കുത്തക മുതലാളിമാര്‍ കീഴ്പ്പെടുത്തുന്ന ദുരന്തമാണ് സംജാതമാകുന്നത്.

മിനിരത്നം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ വില്പനയ്ക്കെതിരെ വന്‍ പ്രതിഷേധം ഉയരുകയും ജനങ്ങളുടെയാകെ പ്രതിരോധനിര
കെട്ടിപ്പെടുക്കുകയും വേണമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.
സി പി ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി ദിവാകരന്‍, എന്‍ രാജന്‍, വി
ശശി എം എല്‍ എ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചല്‍ വിജയന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വി പി ഉണ്ണികൃഷ്ണന്‍, സോളമന്‍ വെട്ടുകാട്, അരുണ്‍ കെ എസ്, മീനാങ്കല്‍ കുമാര്‍, മനോജ് ബി ഇടമന, എം ജി രാഹുല്‍,
വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി വട്ടിയൂര്‍ക്കാവ് ശ്രീകുമാര്‍
തുടങ്ങിയവര്‍ സംസാരിച്ചു.
ബഹുജന മാര്‍ച്ചിനും ധര്‍ണയ്ക്കും ഡെപ്യൂട്ടി മേയര്‍ പി കെ രാജു, വെങ്ങാനൂര്‍ ബ്രൈറ്റ്, എം രാധാകൃഷ്ണന്‍ നായര്‍, കള്ളിക്കാട് ചന്ദ്രന്‍, പി എസ് ഷൗക്കത്ത്, വിളപ്പില്‍ രാധാകൃഷ്ണന്‍, പൂവച്ചല്‍ ഷാഹുല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഊളമ്പാറ ജംഗ്ഷന്‍ കേന്ദ്രീകരിച്ച് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

