പെരിയാര്‍, മൂവാറ്റുപുഴയാര്‍, ചാലക്കുടിപ്പുഴ എന്നിവിടങ്ങളിലെ എക്കലും ചെളിയും നീക്കണമെന്ന് എം എ എമാരുടെ കത്ത്

Web Desk
1 Min Read

ആലുവ: പെരിയാറിലേയും മൂവാറ്റുപുഴയാറിലേയും ചെളിയും എക്കലും നീക്കം ചെയ്യാനുള്ള നടപടികള്‍ നടക്കുന്നതായി അന്‍വര്‍ സാദത്ത് എം എല്‍ എയുടെ സബ്മിഷന് മറുപടി ന്‌ല്കിയ മന്ത്രി നിയമസഭയില്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ നല്കിയ വിവരം തെറ്റാണോ എന്ന് പരിശോധിക്കണമെന്നും എം എല്‍ എമാരായ അന്‍വര്‍ സാദത്ത്, എല്‍ദോസ് പി കുന്നപ്പിള്ളി, റോജി എം ജോണ്‍, ടി ജെ വിനോദ്, മാത്യു കുഴല്‍നാടന്‍, സനില്‍കുമാര്‍ ജോസഫ് എന്നിവര്‍ സംയുക്തമായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന് കത്തു നല്‍കി. സഭയില്‍ മന്ത്രി നല്‍കിയ മറുപടിയില്‍ പറഞ്ഞിരിക്കുന്നതുപോലെ പെരിയാര്‍, മൂവാറ്റുപുഴയാര്‍ എന്നിവയിലെ ചെളിയോ എക്കലോ മറ്റു മാലിന്യങ്ങളോ 2018 -ലെ പ്രളയത്തിനുശേഷം നീക്കം ചെയ്തിട്ടില്ലെന്നും പെരിയാറില്‍ അടിഞ്ഞു കൂടിയ ചെളിയും എക്കലും സംബന്ധിച്ച വിഷയത്തില്‍ പഠനം പോലും പൂര്‍ത്തീകരിച്ച് ബന്ധപ്പെട്ടവര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് നല്‍കിയിട്ടില്ലെന്നും എം എല്‍ എമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

city exchange

സഭയെ മന്ത്രി തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ഇതില്‍ ഗുരുതരമായ വീഴ്ചയാണ് വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നും ഇതിലൂടെ മന്ത്രിയുടെ വിശ്വാസ്യതയെയാണ് പൊതുസമൂഹം ചോദ്യം ചെയ്തിരിക്കുന്നതെന്നും എം എല്‍ എമാര്‍ ചൂണ്ടിക്കാട്ടി. തെറ്റായ വിവരം നല്‍കി മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണെങ്കില്‍ ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. മന്ത്രി ഇടപെട്ട് പെരിയാര്‍, മൂവാറ്റുപുഴയാര്‍, ചാലക്കുടി പുഴ എന്നീ നദികളില്‍ പ്രളയത്തെ തുടര്‍ന്ന് അടിഞ്ഞുകൂടിയ ചെളിയും എക്കലും മറ്റു മാലിന്യങ്ങളും ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാത്ത രീതിയില്‍ അടിയന്തര പ്രാധാന്യത്തോടെ സര്‍ക്കാരിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും നീക്കം ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. പെരിയാര്‍ ഉള്‍പ്പെടെയുള്ള നദികളില്‍ അടിഞ്ഞുകൂടിയ ചെളിയും എക്കലും മറ്റു മാലിന്യങ്ങളും മാറ്റിയില്ലെങ്കില്‍ ശക്തമായ മഴയെ തുടര്‍ന്നു ഡാമുകള്‍ തുറന്നു വിടേണ്ട സാഹചര്യത്തില്‍ നദികളുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തി ജനവാസ മേഖലകളിലേക്ക് നദികള്‍ മാറി ഒഴുകുന്ന സാഹചര്യമുണ്ടാകുമെന്നും എം
എല്‍ എമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. എത്രയും വേഗം അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും എം എല്‍ എമാര്‍ ആവശ്യപ്പെട്ടു.

TAGGED:
Share This Article
Leave a Comment
error: Content is protected !!