
ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ ഫുട്ബോള്‍ ഇതിഹാസവും ദേശീയ ടീമിന്റെ നായകനുമായ ലയണല്‍ മെസ്സി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 39-ാം വയസ്സിലാണ് അര്‍ജന്റീന ദേശീയ ടീമിനോടുള്ള തന്റെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട യാത്ര അവസാനിപ്പിക്കുന്നതായി മെസ്സി അറിയിച്ചത്.

ഇന്‍സ്റ്റഗ്രാമില്‍ സ്പാനിഷ് ഭാഷയില്‍ കൈയെഴുത്ത് രൂപത്തില്‍ പങ്കുവെച്ച സന്ദേശത്തിലൂടെയാണ് മെസ്സി തന്റെ തീരുമാനം പ്രഖ്യാപിച്ചത്. 2026 ലോകകപ്പ് ഫൈനലിന് ശേഷമുള്ള ആലോചനകള്‍ക്കൊടുവിലാണ് ദേശീയ ടീമില്‍ നിന്ന് പിന്മാറാനുള്ള തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫൈനലിന് രണ്ട് ദിവസം ശേഷം ജൂലൈ 21-നാണ് താന്‍ ഈ വാക്കുകള്‍ എഴുതിയതെന്നും പിന്നീട് പിതാവിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ തന്റെ തീരുമാനത്തില്‍ കൂടുതല്‍ ഉറപ്പുണ്ടാക്കിയെന്നും മെസ്സി കുറിച്ചു.
മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി ഓഗസ്റ്റ് 8-ന് മധ്യ അര്‍ജന്റീനയിലെ റൊസാരിയോയിലെ ആശുപത്രിയിലാണ് അന്തരിച്ചത്. അദ്ദേഹത്തിന് 68 വയസ്സായിരുന്നു.
ആറ് ലോകകപ്പുകളില്‍ അര്‍ജന്റീനയെ പ്രതിനിധീകരിച്ച മെസ്സി, 2022-ല്‍ ഖത്തറില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ചിരുന്നു. 36 വര്‍ഷത്തിന് ശേഷം അര്‍ജന്റീന സ്വന്തമാക്കിയ ലോകകപ്പ് കിരീടമായിരുന്നു അത്. രാജ്യത്തിന്റെ മൂന്നാമത്തെ ലോകകപ്പ് നേട്ടവുമായിരുന്നു.
2026 ലോകകപ്പിലും അര്‍ജന്റീനയെ ഫൈനലിലെത്തിച്ച മെസ്സിക്ക് ഇത്തവണ സ്പെയിനിനോട് തോറ്റ് രണ്ടാം സ്ഥാനത്ത് ഒതുങ്ങേണ്ടിവന്നു.
ദേശീയ ടീമില്‍ നിന്ന് പിന്മാറുന്ന തീരുമാനം ഏറെ വേദനാജനകമാണെന്ന് മെസ്സി സന്ദേശത്തില്‍ പറഞ്ഞു.
”ഈ തീരുമാനമെടുക്കുന്നത് വേദനിപ്പിക്കുന്നതായിരുന്നു. ഇപ്പോഴും അതിന്റെ വേദന ഉള്ളിലുണ്ട്. എന്നാല്‍ സമയം എത്തിയെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഈ ജഴ്സിക്കായി എപ്പോഴും എന്റെ എല്ലാം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ കിരീടങ്ങള്‍ നേടിയപ്പോള്‍ മാത്രമല്ല, അതിനു മുമ്പും ഈ രാജ്യത്തിനുവേണ്ടി പരമാവധി പോരാടി,” മെസ്സി പറഞ്ഞു.
ദേശീയ ടീമിന്റെ ഭാഗമായിരുന്നത് എന്നും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാനമാണെന്നും ഇനി മികച്ച യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കേണ്ട സമയമായെന്നും അദ്ദേഹം വ്യക്തമാക്കി.
‘കഴിഞ്ഞ 20 വര്‍ഷമായി നിങ്ങള്‍ നല്കിയ സ്നേഹത്തിന് നന്ദി. ഇനി ഞാന്‍ നിങ്ങളിലൊരാളായി പുറത്തിരുന്ന് അര്‍ജന്റീനയെ പിന്തുണയ്ക്കും. വിജയകാലത്തും പരാജയകാലത്തും, പ്രത്യേകിച്ച് പ്രയാസകരമായ സമയങ്ങളിലും ടീമിനൊപ്പം ഉണ്ടാകും,’ അദ്ദേഹം കുറിച്ചു.
കുടുംബാംഗങ്ങള്‍ക്കും പരിശീലകര്‍ക്കും സഹതാരങ്ങള്‍ക്കും തന്റെ യാത്രയില്‍ പങ്കാളികളായ എല്ലാവര്ക്കും മെസ്സി നന്ദി അറിയിച്ചു. അര്‍ജന്റീന ജഴ്സിയില്‍ സഹതാരങ്ങള്‍ക്കൊപ്പം ഒരുകാലത്ത് സ്വപ്നം മാത്രമായിരുന്ന നിരവധി നിമിഷങ്ങള്‍ രാജ്യത്തിന് സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘അര്‍ജന്റീനക്കാരനായി എന്നെ സൃഷ്ടിച്ചതിന് ദൈവത്തിന് നന്ദി. വരൂ അര്‍ജന്റീന,’ എന്നും സന്ദേശത്തില്‍ മെസ്സി കുറിച്ചു.
അര്‍ജന്റീനയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവുമാണ് മെസ്സി. ദേശീയ ടീമിനായി 207 മത്സരങ്ങളില്‍ നിന്ന് 125 ഗോളുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ദക്ഷിണ അമേരിക്കന്‍ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവുമാണ് അദ്ദേഹം.
2021-ലെ കോപ്പ അമേരിക്ക കിരീടം നേടുന്നതിലൂടെ അര്‍ജന്റീനയുടെ 28 വര്‍ഷത്തെ പ്രധാന കിരീടവരള്‍ച്ച അവസാനിപ്പിക്കുന്നതില്‍ മെസ്സി നിര്‍ണായക പങ്കുവഹിച്ചു. 2024-ലും അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തി.
2016-ല്‍ ദേശീയ ടീമിനായി തുടര്‍ച്ചയായി മൂന്ന് പ്രധാന ഫൈനലുകളില്‍ തോറ്റതിനെത്തുടര്‍ന്ന് മെസ്സി ഒരിക്കല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അധികം വൈകാതെ തീരുമാനം പിന്‍വലിച്ച് ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ അദ്ദേഹം പിന്നീട് അര്‍ജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു.

