ഫിഫ ലോകകപ്പ് 2026: ഖത്തറിനുവേണ്ടി അരങ്ങേറാനൊരുങ്ങി 12 യുവതാരങ്ങള്‍

Web Desk
2 Min Read

ദോഹ: ഫിഫ ലോകകപ്പ് 2026-ന് മുന്നോടിയായി ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീം അവസാനഘട്ട ഒരുക്കങ്ങള്‍ ശക്തമാക്കുന്നതിനിടെ 12 താരങ്ങള്‍ ലോകകപ്പ് വേദിയില്‍ ആദ്യമായി ഖത്തറിന്റെ ജേഴ്‌സിയണിയാന്‍ ഒരുങ്ങുന്നു.

city exchange

2026 ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പില്‍ ഗ്രൂപ്പ് ‘ബി’യിലാണ് ഖത്തര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജൂണ്‍ 13ന് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം. തുടര്‍ന്ന് ജൂണ്‍ 18ന് വാന്‍കൂവറില്‍ കാനഡയെയും ജൂണ്‍ 24ന് സിയാറ്റിലില്‍ ബോസ്‌നിയ-ഹെര്‍സഗോവിനയെയും ഖത്തര്‍ നേരിടും.

മുഖ്യപരിശീലകന്‍ ജൂലന്‍ ലോപെറ്റെഗി യുവതാരങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് ഖത്തറിന്റെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ പങ്കാളിത്തമായ 2022 ലോകകപ്പില്‍ ടീമിലില്ലാതിരുന്ന 12 താരങ്ങളെ ഇത്തവണ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി.

ഗോള്‍കീപ്പര്‍മാരായ സലാഹ് സകരിയ, മുഹമ്മദ് അബുനാദ എന്നിവര്‍ക്കൊപ്പം അഹമ്മദ് അല്‍ ജനാഹി, അഹമ്മദ് ഫത്തി, എഡ്മില്‍സണ്‍ ജൂനിയര്‍, അല്‍ ഹാഷ്മി അല്‍ ഹുസൈന്‍, അയൂബ് അല്‍ അലാവി, തഹ്‌സീന്‍ മുഹമ്മദ്, സുല്‍ത്താന്‍ അല്‍ ബ്രേക്ക്, ഈസ ലായെ, മുഹമ്മദ് മനായി, യൂസഫ് അബ്ദുറിസാഖ് എന്നിവരാണ് ലോകകപ്പ് അരങ്ങേറ്റത്തിന് ഒരുങ്ങുന്ന താരങ്ങള്‍.

- Advertisement -
Ad image

പരിചയസമ്പന്നരായ അന്താരാഷ്ട്ര താരങ്ങളെയും ഉയര്‍ന്നുവരുന്ന യുവപ്രതിഭകളെയും സംയോജിപ്പിക്കുന്ന ഖത്തറിന്റെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായാണ് ഈ തിരഞ്ഞെടുപ്പ്. ലോക ഫുട്‌ബോളിന്റെ ഏറ്റവും വലിയ വേദിയില്‍ കൂടുതല്‍ മത്സരക്ഷമമായ പ്രകടനം കാഴ്ചവെക്കുക എന്ന ലക്ഷ്യത്തോടെയാണ് ടീം ഒരുങ്ങുന്നത്.

ഈ താരങ്ങളില്‍ പലരും ഖത്തറിന്റെ വിജയകരമായ ലോകകപ്പ് യോഗ്യതാ പ്രചാരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഏഷ്യന്‍ പ്ലേ ഓഫ് ഘട്ടം മറികടന്നാണ് ഖത്തര്‍ ലോകകപ്പിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്.

2023-ലെ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എ എഫ് സി) ഏഷ്യന്‍ കപ്പില്‍ ഖത്തര്‍ കിരീടം നിലനിര്‍ത്തിയപ്പോഴും പുതിയ തലമുറയിലെ നിരവധി താരങ്ങള്‍ നിര്‍ണായക സംഭാവന നല്‍കിയിരുന്നു. 2019ലും 2023ലും തുടര്‍ച്ചയായി ഏഷ്യന്‍ കിരീടം നേടിയ ഖത്തറിന്റെ വിജയയാത്രയില്‍ ഇവര്‍ പങ്കാളികളായിരുന്നു.

ആഭ്യന്തര, ഭൂഖണ്ഡ മത്സരങ്ങളിലൂടെ സമ്പാദിച്ച അനുഭവസമ്പത്ത് ടീമിന് കൂടുതല്‍ കരുത്തും ഊര്‍ജവും വൈവിധ്യവും നല്‍കുമെന്നാണ് പ്രതീക്ഷ. 2026 ലോകകപ്പില്‍ കൂടുതല്‍ ശ്രദ്ധേയമായ പ്രകടനം ലക്ഷ്യമിട്ടാണ് ഖത്തര്‍ തയ്യാറെടുക്കുന്നത്.

മെയ് 28-ന് റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനെതിരെ സൗഹൃദമത്സരം കളിച്ച ഖത്തര്‍ നിലവില്‍ അമേരിക്കയില്‍ അവസാന പരിശീലന ക്യാമ്പ് തുടരുകയാണ്. ജൂണ്‍ 6ന് ലോസ് ആഞ്ചലസില്‍ എല്‍ സാല്‍വദോറിനെതിരായ അവസാന സന്നാഹമത്സരത്തിന് ശേഷം ടീം പൂര്‍ണ ശ്രദ്ധ ലോകകപ്പ് പോരാട്ടത്തിലേക്ക് തിരിക്കും.

Share This Article
Leave a Comment
error: Content is protected !!