

കൊച്ചി: പ്രവാസ ലോകം കണ്ട ഏറ്റവും വലിയ ദുരന്തമാണ് കുവൈത്തില്‍ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുവൈത്തില്‍ മരിച്ച മലയാളികളുള്‍പ്പടെയുള്ളവരുടെ മൃതദേഹങ്ങള്‍ എത്തുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരമൊരു ദുരന്തം ഇനിയും സംഭവിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികള്‍ കേരളത്തിന്റെ ജീവനാഡിയാണ്. ജീവിതത്തില്‍ നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണ് അവരെന്നും പ്രവാസികളുടെ തിരിച്ചുവരവ് കാത്തിരിക്കുന്ന ഉറ്റവര്‍ക്ക് താങ്ങാവുന്നതിലും അധികമാണ് ഈ ദുരന്തമെന്നും അദ്ദേഹം വിശദമാക്കി.


ഇതുപോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുവൈത്ത് സര്‍ക്കാരും ശ്രദ്ധിക്കുമെന്നാണ് വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം കുവൈത്ത് സര്‍ക്കാര്‍ നല്‍കുമെന്നാണ് കരുതുന്നതെന്നും ഫലപ്രദമായ ഇടപെടല്‍ കേന്ദ്ര സര്‍ക്കാരും നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വിവാദങ്ങളുടെ സമയമല്ല ഇപ്പോഴത്തേതെന്നും കുവൈത്ത് ദുരന്തത്തില്‍ മരിച്ചവരുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശരിയായി ഇടപെട്ടുവെന്നും ഇന്നലെ ഉണ്ടായ സമീപനത്തിന്റെ ശരികേടിനെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് സര്‍ക്കാരും മികച്ച ഇടപെടല്‍ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരും കൃത്യമായ സമീപനമാണ് സ്വീകരിച്ചത്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മന്ത്രിമാരായ പി രാജീവ്, കെ രാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, റോഷി അഗസ്റ്റിന്‍, വീണാ ജോര്‍ജ്, ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് തുടങ്ങിയവരുമുണ്ടായിരുന്നു.

