2.05 ലക്ഷം ഡോളര്‍ സമ്മാനത്തുകയോടെ ‘കതാറ വണ്‍ ലോഫ്റ്റ് റേസ് 2026’ പ്രഖ്യാപിച്ചു

Web Desk
2 Min Read

ദോഹ: പ്രാവ പറത്തല്‍ പന്തയ പ്രേമികള്‍ക്കും വളര്‍ത്തുകാര്‍ക്കുമായി 2,05,000 യു എസ് ഡോളര്‍ സമ്മാനത്തുക വാഗ്ദാനം ചെയ്യുന്ന ‘കതാറ വണ്‍ ലോഫ്റ്റ് റേസ് 2026’ മത്സരത്തിന് കതാറ തുടക്കമിട്ടു. ഖത്തറിനകത്തും പുറത്തുമുള്ള പ്രാവുവളര്‍ത്തല്‍ രംഗത്തെ ആസ്വാദകര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാനാവുമെന്ന് അധികൃതര്‍ അറിയിച്ചു.

city exchange

മത്സരത്തിനായി രജിസ്റ്റര്‍ ചെയ്യുന്ന പ്രാവുകളെ 2026 ജൂണ്‍ 10 മുതല്‍ ഓഗസ്റ്റ് 31 വരെ ഉം ബറാക്ക മേഖലയിലെ കതാറ വണ്‍ ലോഫ്റ്റ് റേസ് ആസ്ഥാനത്ത് സ്വീകരിക്കും.

ഗള്‍ഫ് മേഖലയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി നിരവധി ആരാധകരുള്ള പരമ്പരാഗത കായിക- പൈതൃക പ്രവര്‍ത്തനങ്ങളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാനുള്ള കതാറയുടെ ശ്രമങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

അന്തര്‍ദേശീയമായി അംഗീകരിക്കപ്പെട്ട ബെന്‍സിംഗ് വണ്‍ ലോഫ്റ്റ് റേസ് സംവിധാനത്തെ അടിസ്ഥാനമാക്കിയാകും മത്സരം നടക്കുക. ഇതനുസരിച്ച് എല്ലാ മത്സരപ്രാവുകള്‍ക്കും സംഘാടകര്‍ ഒരേ പരിശീലനവും മത്സരക്രമവും നല്‍കും.

- Advertisement -
Ad image

അന്തിമഫലങ്ങള്‍ ഔദ്യോഗിക ബെന്‍സിംഗ് ഒ എല്‍ ആര്‍ സംവിധാനത്തിലൂടെയായിരിക്കും നിര്‍ണയിക്കുക. പ്രസിദ്ധീകരിക്കുന്ന ഫലങ്ങള്‍ അന്തിമവും എല്ലാ മത്സരാര്‍ഥികള്‍ക്കും ബാധകവുമായിരിക്കുമെന്ന് കതാറ വ്യക്തമാക്കി.

ഹോമിംഗ് പ്രാവ് വളര്‍ത്തുന്നവര്‍ക്കും ഹോബിയായി പ്രാവുപാലനം നടത്തുന്നവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. പ്രാവ് കൈമാറിക്കഴിഞ്ഞാല്‍ അത് നിയമപരമായി ലോഫ്റ്റിന്റെ ഉടമസ്ഥതയിലാകുമെന്നും കതാറ അറിയിച്ചു. ആരോഗ്യപരമോ ഭരണപരമോ ആയ നിബന്ധനകള്‍ പാലിക്കാത്ത പ്രാവുകളെ നിരസിക്കാനുള്ള അവകാശം മാനേജ്‌മെന്റിനുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഒരു പ്രാവിന് 300 യു എസ് ഡോളര്‍ (അല്ലെങ്കില്‍ അതിന് തുല്യമായ പ്രാദേശിക കറന്‍സി) ആണ് രജിസ്‌ട്രേഷന്‍ ഫീസ്. ഇരട്ട സംഖ്യകളായി മാത്രമേ എന്‍ട്രികള്‍ സ്വീകരിക്കൂ. ഒറ്റസംഖ്യ പ്രാവുകളുള്ള വ്യക്തിഗത എന്‍ട്രികള്‍ അനുവദിക്കില്ല.

ഫീസിന്റെ പകുതി പ്രാവുകളെ കൈമാറുമ്പോള്‍ അടയ്ക്കണം. ശേഷിക്കുന്ന തുക ഔദ്യോഗിക 30 കിലോമീറ്റര്‍ പരിശീലനഘട്ടം പൂര്‍ത്തിയായതിന് ശേഷം അഞ്ച് ദിവസത്തിനകം അടയ്‌ക്കേണ്ടതാണ്. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കില്ലെന്നും കതാറ അറിയിച്ചു.

എല്ലാ പ്രാവുകളും പൂര്‍ണ ആരോഗ്യവാന്മാരും സാംക്രമിക രോഗങ്ങളില്‍ നിന്ന് മുക്തരുമായിരിക്കണമെന്ന് സംഘാടകര്‍ നിര്‍ദേശിച്ചു. മറ്റ് മത്സര പ്രാവുകള്‍ക്ക് ഭീഷണിയാകാവുന്ന രോഗലക്ഷണങ്ങള്‍ കാണിക്കുന്ന പ്രാവുകളെ ഒഴിവാക്കാനുള്ള അധികാരം ലോഫ്റ്റ് മാനേജ്‌മെന്റിനും വെറ്ററിനറി ഡോക്ടര്‍ക്കും ഉണ്ടായിരിക്കും.

പ്രാവുകളെ കൈമാറുന്ന സമയത്തെ ആരോഗ്യസ്ഥിതിയുടെ ഉത്തരവാദിത്തം ഉടമകള്‍ക്കായിരിക്കും. കാലാവസ്ഥാ വ്യതിയാനങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, അപകടങ്ങള്‍ തുടങ്ങിയ സ്വാഭാവിക അപകടസാധ്യതകള്‍ പ്രാവുപന്തയത്തിന്റെ ഭാഗമാണെന്നും ഇത്തരം കാരണങ്ങളാല്‍ സംഭവിക്കുന്ന നഷ്ടങ്ങള്‍ക്ക് സംഘാടകര്‍ ഉത്തരവാദികളാകില്ലെന്നും അറിയിച്ചു.

വിജയികള്‍ക്കായി 2,05,000 ഡോളറിന്റെ സമ്മാനത്തുക വിതരണം ചെയ്യും. റേസ് വിഭാഗം അംഗീകരിച്ച് പ്രഖ്യാപിക്കുന്ന ഔദ്യോഗിക ഷെഡ്യൂള്‍ അനുസരിച്ചായിരിക്കും സമ്മാനവിതരണം.

മത്സരത്തിന്റെ സുതാര്യതയും പ്രാവുകളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി ആവശ്യമായ സാഹചര്യങ്ങളില്‍ മത്സര ഷെഡ്യൂളുകളിലും സമയക്രമങ്ങളിലും മാറ്റം വരുത്താനുള്ള അധികാരം കതാറയ്ക്ക് ഉണ്ടായിരിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!