അതിജീവനത്തിന് അനുയോജ്യം പ്രകൃതിയോടിണങ്ങുന്ന ജീവിതം: ഡോ. ടി വി സജീവ്

Web Desk
1 Min Read

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ലീഡര്‍ ഇന്‍സൈറ്റില്‍ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് സയിന്റിസ്റ്റ് ഡോ. ടി വി സജീവ് പ്രഭാഷണം നടത്തി. പ്രകൃതിയില്‍ നിന്നും മാനേജര്‍മാര്‍ക്ക് പഠിക്കാനുള്ള പാഠങ്ങള്‍ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.
മനുഷ്യരുടെ പ്രവര്‍ത്തികള്‍ പലപ്പോഴും പ്രകൃതിയെ നശിപ്പിക്കുന്ന തലത്തിലുള്ളതാണ്. രാവിലെ എഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്ന മുറ്റമടിക്കലില്‍ തുടങ്ങുന്നു പ്രകൃതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍.
നാട്ടിലെ ചെടികളില്‍ നിറവും മണവുമുള്ള പൂക്കള്‍ മാത്രമുണ്ടാവുകയും പലതും കായക്കു വേണ്ടിയുള്ളതുമല്ലാതാകുമ്പോള്‍ കാട്ടില്‍ പൂക്കളുള്ള ഒരു ചെടി പോലും കായകളുണ്ടാവാതിരിക്കുന്നില്ല. നാട്ടിലെ ചെടികളുടെ ദൗത്യം മനുഷ്യരെ സന്തോഷിപ്പിക്കുക എന്നത് മാത്രമാണ്. എന്നാല്‍ കാട്ടിലെ ചെടികളുടെ ദൗത്യം അതല്ലെന്നും ഡോ. ടി വി സജീവ് പറഞ്ഞു.
പ്രകൃതിയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ ഓരോരുത്തരും നായയാണോ പൂച്ചയാണോ എന്ന് തിരിച്ചറിയണം. യജമാനനെ മുഴുവന്‍ സമയവും സ്‌നേഹിക്കുന്ന പ്രകൃതമാണ് നായയുടേത്. എന്നാല്‍ പൂച്ചയുടേതാകട്ടെ തന്റെ യജമാനനോടല്ല തന്റെ ഇടത്തോടാണ് സ്‌നേഹവമുണ്ടാവുക. ഇതിലേത് സ്വീകരിക്കണമെന്നാണ് തീരുമാനിക്കേണ്ടത്.
മനുഷ്യശരീരം ഉള്‍പ്പെടെ ഏത് ജീവജാലവും അവരുടെ കൃത്യമായ പരിസ്ഥിതിയിലും ആരോഗ്യത്തിലും ജീവിക്കുമ്പോള്‍ മാത്രമാണ് അവയുടെ ശരീരത്തിലെ നിരവധി സൂക്ഷ്മ ജീവികള്‍ പുറത്തേക്ക് വരാതിരിക്കുകയുള്ളു. നിപ പോലുള്ള രോഗങ്ങള്‍ വരാന്‍ പ്രധാന കാരണം വവ്വാലുകളുടെ ആവാസവ്യവസ്ഥകള്‍ തകരുകയും അവയുടെ ആന്തരിക അവയവങ്ങളുമായി ബന്ധപ്പെട്ട സൂക്ഷ്മജീവികള്‍ പുറത്തേക്കുവന്ന് പടര്‍ന്നതുമാണ്.
പ്രകൃതി തന്റെ നിലനില്‍പ്പിനു വേണ്ടി വലിയ ശ്രമങ്ങള്‍ നടത്തുമെന്നുറപ്പാണ്. എന്നാല്‍ അത്തരമൊരു നീക്കത്തില്‍ മനുഷ്യരാശിക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കുമോ എന്ന കാര്യം സംശയമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിയിലെ കാര്യങ്ങള്‍ സ്വാംശീകരിക്കുകയും അവയോട് ഇണങ്ങുകയും ചെയ്യുന്നവര്‍ക്ക് പിടിച്ചുനില്‍ക്കാനാവുമെന്നും അല്ലാത്തവയെല്ലാം നശിപ്പിക്കപ്പെടുമെന്നുമുള്ള കന്നഡ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവ് ബസവണ്ണയുടെ വാക്കുകളാണ് ഏറ്റവും അനുയോജ്യമാവുകയെന്നും അദ്ദേഹം വിശദീകരിച്ചു.
കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ബിബു പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ദിലീപ് നാരായണന്‍ സ്വാഗതവും ഹോണററി സെക്രട്ടറി ഡോ. അനില്‍ ജോസഫ് നന്ദിയും പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!