

ആലുവ: മുട്ടം ലിഫ്റ്റ് ഇറിഗേഷന്‍ കനാലില്‍ അശാസ്ത്രീയമായ പ്രവര്‍ത്തി നടത്തിയതു കൊണ്ടു കിണറുകളില്‍ വെളളം ലഭിക്കാത്ത അവസ്ഥയായി. വേനല്‍ കടുത്തതോടെ കനാലില്‍ വെള്ളം വരുമ്പോള്‍ കിണറുകളില്‍ വെള്ളത്തിന്റെ ലഭ്യത ഉണ്ടായിരുന്നു. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളത്തിന് ഏറ്റവും ക്ഷാമമുള്ള പ്രദേശമാണ് മുട്ടം.

കനാലില്‍ മൈനര്‍ ഇറിഗേഷന്‍ വര്‍ക്ക് നടത്തിയപ്പോള്‍ വെള്ളം താഴേക്ക് ഇറങ്ങാത്ത രീതിയില്‍ പ്രതല ഭാഗം കോണ്‍ക്രീറ്റ് ചെയ്തതു കൊണ്ടാണ് കിണറുകളില്‍ വെള്ളം എത്താത്തത്. കനാലിന്റെ രണ്ടു സൈഡും കെട്ടിയപ്പോള്‍ അടി ഭാഗവും കോണ്‍ക്രീറ്റ് ചെയ്തതാണ് പ്രശ്‌നമായത്. കനാലിന്റെ അടി ഭാഗം കോണ്‍ക്രീറ്റ് ചെയ്തപ്പോള്‍ ഇടക്കിടെ ഹോള്‍ ഇട്ടു കൊടുത്തിരുന്നെങ്കില്‍ വെള്ളം താഴേക്ക് ഇറങ്ങുമായിരുന്നു. അതോടെ കിണറുകളില്‍ വെള്ളത്തിന് ക്ഷാമം ഉണ്ടാകുമായിരുന്നില്ല.

പ്രവര്‍ത്തി നടക്കുന്ന സമയത്ത് സമീപവാസികള്‍ പ്രസ്തുത പ്രശ്‌നം ഉദ്യോഗസ്ഥരുടെയും കോണ്‍ട്രാക്ടറുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. പ്രശ്‌നം അറിഞ്ഞു ജനപ്രതിനിധികളായ ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക്, അംഗങ്ങളായ സബിത സുബൈര്‍, പി എസ് യൂസഫ്, റംല അലിയാര്‍, എന്നിവര്‍ പ്രദേശവാസികളായ സി പി നാസര്‍, സബീര്‍ മുട്ടം, എന്നിവരോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.
തുടര്‍ന്ന് ഇറിഗേഷന്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വെള്ളം താഴേക്ക് ഇരിക്കാവുന്ന രീതിയില്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യാം എന്നു ഉറപ്പു നല്‍കി. അശാസ്ത്രീയമായി വര്‍ക്ക് ചെയ്തത് ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ സമരവുമായി വരുമെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു.

