
ദോഹ: ഖത്തര്‍ ഔഖാഫ് ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ‘പ്രവാചക സ്‌നേഹം’ എന്ന വിഷയത്തില്‍ മതപ്രഭാഷണം സംഘടിപ്പിച്ചു. ന്യൂ സലത്തയിലെ 03 മാളിന് സമീപമുള്ള മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ സമാന്‍ മസ്ജിദില്‍ നടന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതന്‍ നസീറുദ്ദീന്‍ റഹ്മാനി പ്രഭാഷണം നടത്തി.

സ്വന്തം ജീവനേക്കാളും കുടുംബത്തേക്കാളും ഉപരിയായി പ്രവാചകന്‍ മുഹമ്മദ് നബിയെ സ്‌നേഹിക്കുക എന്നത് യഥാര്‍ഥ വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പ്രവാചക ജീവിതത്തെ ആഴത്തില്‍ പഠിക്കുകയും അവിടുത്തെ വ്യക്തിത്വവും അധ്യാപനങ്ങളും അടുത്തറിയുകയും ചെയ്യുന്നതിലൂടെ പ്രവാചകനോടുള്ള സ്‌നേഹവും ആദരവും കൂടുതല്‍ ദൃഢമാകുമെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രവാചകസ്‌നേഹം കേവലം വൈകാരികമായ ഒരനുഭവത്തില്‍ ഒതുങ്ങേണ്ടതല്ലെന്നും അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാകേണ്ട വിശ്വാസബോധമാണെന്നും പ്രഭാഷകന്‍ ചൂണ്ടിക്കാട്ടി. പ്രവാചകന്റെ കല്‍പനകള്‍ ജീവിതത്തില്‍ പിന്തുടരുകയും അവിടുന്ന് വിലക്കിയ കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയും മാതൃകാപരമായ ജീവിതചര്യയും ഉന്നതമായ സ്വഭാവഗുണങ്ങളും സ്വന്തം ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുമ്പോഴാണ് പ്രവാചകസ്‌നേഹം അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ പ്രകടമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിരവധി പേര്‍ പങ്കെടുത്ത പരിപാടി ഇശാ നമസ്‌കാരത്തോടെയാണ് ആരംഭിച്ചത്. പ്രവാചകാധ്യാപനങ്ങളെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്ന സന്ദേശമായി പ്രഭാഷണം മാറി.
പരിപാടിയില്‍ മിസ്ബാഹ് പള്ളിപ്പുറം സ്വാഗതവും ഷമീര്‍ പി കെ നന്ദിയും നിര്‍വഹിച്ചു. ഇസ്മായില്‍ വില്യാപ്പള്ളി, നജീബ് അബൂബക്കര്‍, ഹനീഫ് ആയപ്പള്ളി, നൂറുദ്ദീന്‍ എ എ, അന്‍സാര്‍ കണ്ണൂര്‍, മുഹമ്മദ് ലയിസ്, ഡോ. ഹഷിയത്തുള്ള, ഫായിസ് അലി, അഷറഫ് കെ ഇ, അഫ്‌സല്‍ പുളിക്കല്‍, ജാസിം കുന്നോത്ത്, റിയാസ് പി വി, എം എ അബ്ദുല്ലത്തീഫ്, അബ്ദുസ്സലാം കണ്ണൂര്‍ എന്നിവര്‍ പരിപാടിയുടെ സുഗമമായ നടത്തിപ്പിനും വിവിധ ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്‍കി.

