

ചെന്നൈ: കൃസ്ത്യാനിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് പട്ടികജാതി സമുദായ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് യുവതി നല്കിയ ഹര്‍ജിയില്‍ അനുകൂല വിധി നല്കി മദ്രാസ് ഹൈക്കോടതി. വേറൊരു മതത്തില്‍പ്പെട്ട വ്യക്തിയെ വിവാഹം കഴിച്ചത് കൊണ്ട് മതം മാറിയെന്ന് അര്‍ഥമില്ലെന്ന് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഹര്‍ജിക്കാരിയായ വനിതാ ഡോക്ടര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മാതാപിതാക്കള്‍ക്ക് ജനിച്ചതാണെന്നതില്‍ തര്‍ക്കമില്ലെന്നും വിശ്വാസം ഉപേക്ഷിച്ചെന്നോ ക്രിസ്തുമതം സ്വീകരിച്ചെന്നോ അവര്‍ സത്യവാങ്മൂലത്തില്‍ പറയുന്നില്ലെന്നും ചൂണ്ടിക്കാണിച്ച കോടതി യുവതിയുടെ ജാതി സര്‍ട്ടിഫിക്കറ്റ് നിലനില്‍ക്കുന്നതാണെന്ന് വിധിച്ചു.

പള്ളിയില്‍ പോകുന്നതുകൊണ്ടോ ഭിത്തിയില്‍ കുരിശ് തൂക്കിയത് കൊണ്ടോ ഒരാള്‍ ജനിച്ച സമുദായത്തിന്റെ വിശ്വാസം ഉപേക്ഷിച്ചതായി കാണേണ്ടതില്ലെന്നും ഹൈക്കോടതി പറഞ്ഞു.

