
തേഞ്ഞിപ്പലം: കേരളത്തിന്റെ വളര്‍ച്ചാ എഞ്ചിനായി നിലനില്‍ക്കുന്ന പ്രദേശമായ മലബാര്‍ നേരിടുന്ന പരമ്പരാഗതമായ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ അനിവാര്യമാണെന്ന് ഗതാഗതവകുപ്പു മന്ത്രി സി പി ജോണ്‍. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ സി എച്ച് മുഹമ്മദ് കോയാ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ് സംഘടിപ്പിച്ച ‘റീ സെന്ററിംഗ് മലബാര്‍, ബ്രിഡ്ജിംഗ് ഗ്രോത്ത് ഗ്യാപ്സ് ഇന്‍ കേരളാസ് ഫ്യൂച്ചര്‍’ എന്ന പ്രമേയത്തില്‍ നടന്ന ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സാധാരണക്കാരായ പ്രവാസികള്‍ അയക്കുന്ന പണമാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. അതും മലബാറില്‍ നിന്നുള്ളതാണ് ഏറിയ പങ്കും. ആയിരക്കണക്കിന് കോടി രൂപയാണ് കേരളത്തിലേക്ക് മലബാറിലുള്ള ഗള്‍ഫുകാര്‍ അയക്കുന്നത്. സഊദിഅറേബ്യയൊക്കെ മലപ്പുറത്തിന്റെ ഒരു റിഫ്ളക്ഷനാണെന്ന് പറയാവുന്ന ഗള്‍ഫ് രാജ്യമാണ്.

മലബാറിന് പരമ്പരാഗതമായി വന്ന പല തലങ്ങളിലുള്ള പിന്നാക്കാവസ്ഥ എങ്ങിനെ പരിഹരിക്കാമെന്നതിന് കൂട്ടായ പരിശ്രമങ്ങള്‍ ആവശ്യമാണ്. പ്ലസ് ടു സീറ്റിന്റെ കുറവ് മാത്രമല്ല മലബാറിന്റെ പ്രശ്നമെന്നും എല്ലാ മേഖലകളേയും കുറിച്ച് ആഴത്തില്‍ മനസ്സിലാക്കി അനുസൃതമായ പരിഹാരക്രിയകള്‍ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെമിനാര്‍ കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ കാലിക്കറ്റ് സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റംഗം ഡോ. എ കെ ഷാഹിന മോള്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറും സി എച്ച് ചെയര്‍ വിസിറ്റിംഗ് പ്രൊഫസറുമായ പ്രൊഫ. ജി മോഹന്‍ ഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി.
മലബാറിനോടുള്ള അവഗണന സംബന്ധിച്ച് ഡാറ്റാ സഹിതം സി എച്ച് ചെയര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കാസര്‍ക്കോട് കേന്ദ്ര സര്‍വകലാശാലാ ഡീന്‍ പ്രൊഫ. അമൃത് ജി കുമാര്‍ (ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസവും കുറുക്കുവഴികളും), വേങ്ങര മലബാര്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് പ്രിന്‍സിപ്പല്‍
ഡോ. സൈതലവി ചീരങ്ങോട് (ഉന്നത വിദ്യാഭ്യാസം, വാഗ്ദാനങ്ങളും യാഥാര്‍ഥ്യവും), തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ജോസ് സെബാസ്റ്റ്യന്‍ (പൊതുപണം ചെലവഴിക്കലിന്റെ പ്രാദേശിക അസന്തുലിതത്വം), സി എച്ച് ചെയര്‍ ഫെല്ലോ ഡോ. സയ്യിദ് ഷാക്കിര്‍
(വികസനത്തില്‍ അരികുവത്കരിക്കപ്പെട്ട മത്സ്യബന്ധന മേഖല: പ്രശ്‌നങ്ങള്‍, പരിഹാരങ്ങള്‍) എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
കേരളാ സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്‍ പ്രതിനിധി എം പി അബ്ദുല്‍ റാസിഖ്, ഡോ. എന്‍ കെ ഹാഷിം അവലോകനം നടത്തി. എം സി വടകര, മാപ്പിള ഹെറിറ്റേജ് ലൈബ്രറി സി ഇ ഒ സയ്യിദ് അഷ്റഫ് തങ്ങള്‍, സി എച്ച് ചെയര്‍ സ്ഥാപക ഡയരക്ടര്‍ പി എ റഷീദ്, എഴുത്തുകാരന്‍ കെ എസ് ഹരിഹരന്‍, എം എസ് എഫ് ദേശീയ പ്രസിഡന്റ് അഹ്മദ് സാജു, സി എം പി സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ കോട്ടുമല തുടങ്ങിയവര്‍ സംബന്ധിച്ചു.
സി എച്ച് ചെയര്‍ ഡയരക്ടര്‍ ഖാദര്‍ പാലാഴി സ്വാഗതവും ഗ്രെയിസ് ഹെരിറ്റേജ് ഫൗണ്ടേഷന്‍ ഡയരക്ടര്‍ അശ്റഫ് തൂണേരി നന്ദിയും പറഞ്ഞു.

