

കോഴിക്കോട്: കടലിലെ വലിയ മത്സ്യങ്ങള്‍ ചെറിയ മത്സ്യങ്ങളെ വിഴുങ്ങിയാലും അവക്കറിയണമെന്നില്ല, തങ്ങള്‍ മറ്റൊരു മത്സ്യത്തിന്റെ ഉദരത്തിലാണ് കിടക്കുന്നതെന്ന്. അങ്ങനെ മണിക്കൂറുകളോളം അവിടെ കിടക്കുന്നവയില്‍ പകുതിയെണ്ണത്തിനെയും വലിയ മത്സ്യം ചിലപ്പോള്‍ വീണ്ടും വായയിലൂടെ പുറത്തേക്ക് വിട്ടെന്ന് വരും.
പൂരാണ ന്യായ സൂക്തത്തിലെ ഒന്നാം ഭാഗമായ മത്സ്യ ന്യായത്തിലെ ഈ സാരാംശമാണ് മധുശങ്കര്‍ മീനാക്ഷി തന്റെ ക്യാന്‍വാസിലേക്ക് പുതിയ കാലത്തിന്റെ മാറ്റമായ മൗസിലൂടെ തന്റെ കൈ ചലിപ്പിക്കുന്നത്.

പരസ്പരം മറ്റുള്ളവന്റെ ഉദരത്തിനുള്ളില്‍ കിടന്ന് പുളഞ്ഞ് കളിക്കുമ്പോഴും ഓരോ മത്സ്യവും അറിയുന്നില്ല, ഒരു പക്ഷേ ഇനിയൊരിക്കലും പുറത്തുകടക്കുവാന്‍ പറ്റാത്ത രീതിയില്‍ താന്‍ കുടുങ്ങിക്കിടക്കുകയാണെന്ന്.

മത്സ്യ ന്യായം വായനക്കാരന്റെ മുന്നിലവതരിപ്പിക്കുന്ന ഈ സന്ദേശത്തിലൂടെ നമ്മളോരുത്തരും ഇങ്ങനെ ജീവിതത്തിലെ ഒരോരോ ചുറ്റുപാടുകളില്‍ കുടുങ്ങി കിടക്കുന്നുവെന്ന സന്ദേശമാണ് കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ച മത്സ്യ ന്യായം ചിത്രങ്ങളുടെ പ്രദര്‍ശനം കാഴ്ചക്കാരിലേക്ക് പകരുന്ന പുതിയ ചിന്ത.
കൈയ്യൂക്കുള്ളവനും തടിമിടുക്കുള്ളവനും കോര്‍പറേറ്റുകളുമെല്ലാം നാം ഇതുവരെ കാണാത്ത രീതിയില്‍ പുതിയ അധിനിവേശങ്ങളുമായി ദമ്മെ കീഴടക്കുന്നുവെന്ന ഭീതിദമായേക്കാവുന്ന വരും കാലത്തെക്കുറിച്ചും സൂചനകള്‍ നല്കുവാന് ഈ ചിത്രങ്ങള്‍ക്ക് സാധിക്കുന്നുവെന്നതാണ് പ്രദര്‍ശനത്തെ വേറിട്ടതാക്കി മാറ്റി നിര്‍ത്തുന്ന ഘടകങ്ങളിലൊന്ന്.
നൂറോളം ചിത്രങ്ങളാണ് മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കൂടിയായ മധു ശങ്കറിന്റെ പ്രദര്‍ശനത്തിലുള്ളത്.
ഇവിടെ നിന്നും വില്പന നടത്തുന്ന ആദ്യത്തെ നൂറ് ചിത്രങ്ങളുടെ പണം കോഴിക്കോട് മെഡിക്കല്‍ കോളെജിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റിക്കാണ്. 2000, 3000, 7000, 10,000 രൂപ വരെ വിലയിട്ടിട്ടുള്ള ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉണ്ട്.
മലയാള മനോരമയില്‍ നിന്ന് ചീഫ് സബ് എഡിറ്ററായി ഒരു വര്‍ഷം മുന്‍പ് വിരമിച്ച മധുശങ്കര്‍, അതിനു ശേഷമാണ് ചിത്രരചനയില്‍ സജീവമായത്. പത്രപ്രവര്‍ത്തനത്തോടൊപ്പം കവിത, നോവല്‍ രചനയിലും സജീവമായ ഇദ്ദേഹത്തിന്റെ അനേകം പുസ്തകങ്ങളും ഏറെ വായനക്കാരുടെ ശ്രദ്ധ നേടിയവയാണ്.

