

ദോഹ: കേരളത്തില്‍ നടന്ന ഒരു പരിപാടിയില്‍ ഖത്തര്‍ പ്രവാസിയായ ദുര്‍ഗ്ഗാദാസ് ശിശുപാലന്‍ നടത്തിയ പ്രസ്താവന അങ്ങേയറ്റം അപലനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ഖത്തര്‍ സംസ്‌കൃതി പ്രസ്താവനയില്‍ അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരെ അവഹേളിക്കുന്ന പരാമര്‍ശമാണ് ദുര്‍ഗ്ഗാദാസ് നടത്തിയത്.

മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അഫിലിയേഷന്‍ നേടിയ ഖത്തറിലെ സംഘടനയുടെ പ്രതിനിധി എന്ന നിലയില്‍ ‘ഖത്തര്‍ കേരളീയം ഗ്ലോബല്‍’ എന്ന സംഘടയുടെ അഗീകാരം അടിയന്തരമായി റദ്ദാക്കണമെന്നും ഖത്തര്‍ സംസ്‌കൃതി മലയാളം മിഷനോട് ആവശ്യപ്പെട്ടു.

മലയാള ഭാഷാ പഠനം വിദേശ രാജ്യങ്ങളില്‍ കൂടെ ലഭ്യമാകുന്നതിന്റെ ഭാഗമായി മലയാളം മിഷന്‍ വിവിധ വിദേശ രാജ്യങ്ങളിലേ മലയാളി പ്രവാസി സംഘടനകള്‍ക്ക് പഠന പ്രവര്‍ത്തനങ്ങള്‍ക്കു അംഗീകാരം നല്‍കിയിട്ടുണ്ട്. അത്തരത്തില്‍ ഖത്തറിലെ മലയാളം മിഷന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ ഉള്ള ഒരു ഏജന്‍സി മാത്രമാണ് ദുര്‍ഗ്ഗാദാസ് അംഗമായിട്ടുള്ള ‘ഖത്തര്‍ കേരളീയം ഗ്ലോബല്‍’. ദുര്‍ഗ്ഗാദാസ് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച മലയാളം മിഷന്‍ പ്രതിനിധിയാണ് എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്. ഏത് പ്രാവസി സംഘടനകള്‍ക്കും ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ അപേക്ഷിക്കാം. പഠന പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കുക എന്നത് മാത്രമാണ് ഇത്തരം സംഘടനകളുടെ ചുമതല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സംസ്‌കൃതി ജനറല്‍ സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു.

