

കൊച്ചി: അങ്കമാലി ലിറ്റല്‍ ഫ്‌ളവര്‍ ആശുപത്രിയിലെ നേത്രബാങ്ക്- സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി മെഗാസ്റ്റാര്‍ മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും ലിറ്റല്‍ ഫ്‌ളവര്‍ ആശുപത്രിയുമായി കൈകോര്‍ത്തു കൊണ്ട് ‘കാഴ്ച്ച 3 2കെ21’ പദ്ധതി കൊച്ചിയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നാടിന് സമര്‍പ്പിച്ചു. അങ്കമാലിയേ കാഴ്ചയുടെ നഗരമാക്കി മാറ്റിയ ലിറ്റില്‍ഫ്‌ളവര്‍ ആശുപത്രിയുമായി സഹകരിച്ചു കൊണ്ട് ഒരു പദ്ധതിയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.

സ്വകാര്യ മേഖലയില്‍ ഇന്ത്യയിലെ ആദ്യ നേത്രബാങ്കായ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി- ഐ ബാങ്ക് അസോസിയേഷന്‍ കേരളയുടെ സ്ഥാപകനും പ്രശസ്ത നേത്രരോഗ വിദഗ്ധനുമായ പത്മശ്രീ ഡോ. ടോണി ഫെര്‍ണാണ്ടസിനെ മമ്മൂട്ടി പൊന്നാട അണിയിച്ച് ആദരിച്ചു. കുട്ടികള്‍ക്കു വിവിധ ക്യാമ്പുകളില്‍ നേത്രപരിശോധന പ്രത്യേകമായി സജ്ജീകരിക്കുന്ന ‘ഓര്‍ബിസ് റീച്ച് 2’ പദ്ധതിയുടെ തുടക്കവും ഇതിനോടനുബന്ധമായി നടന്നു.

മമ്മൂട്ടി തന്നെ മുന്‍പ് നടപ്പിലാക്കിയ രണ്ട് കാഴ്ച്ച പദ്ധതികളുടെ തുടര്‍ച്ചയാണ് പുതിയ പദ്ധതിയും നിലവില്‍ വന്നിരിക്കുന്നത്.
കേരളത്തിലും ലക്ഷദ്വീപിലുമായി മുതിര്‍ന്നവരില്‍ ഒരു ലക്ഷം സൗജന്യ നേത്ര പരിശോധനകള്‍, അര ലക്ഷം കുട്ടികള്‍ക്കായി സ്‌കൂള്‍ സ്‌ക്രീനിംഗ് പദ്ധതികള്‍, അയ്യായിരം തിമിര ശസ്ത്രക്രിയകള്‍ കണ്ണ് മാറ്റിവക്കല്‍ ശാസ്ത്രക്രിയകള്‍ തുടങ്ങി നിരവധി സൗജന്യ പദ്ധതികള്‍ കാഴ്ച്ച മൂന്നിന്റെ ഭാഗമായി ഉണ്ട്.
കേരളത്തില്‍ സ്വകാര്യ മേഖലയില്‍ നിലവില്‍ വന്ന ആദ്യത്തെ നേത്ര ബാങ്കായ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ നേത്ര ബാങ്കിന്റെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ചാണ് പദ്ധതി നിലവില്‍ വന്നത്. ഒരു വ്യക്തിയുടെ പേരില്‍ നടപ്പാക്കപ്പെട്ട ഏറ്റവും വലിയ നേത്ര ചികിത്സ പദ്ധതികളായാണ് കാഴ്ച്ച ഒന്നും രണ്ടും അറിയപ്പെട്ടത്. പുതിയ പദ്ധതി യില്‍ ആദിവാസി സമൂഹത്തിനായി കൂടുതല്‍ ക്ഷേമപദ്ധതികള്‍ക്ക് ഊന്നല്‍ കൊടുത്തിട്ടുണ്ട്. ഇതിലൂടെ അര്‍ഹരായ ആളുകളെ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും ലിറ്റില്‍ഫ്‌ളവര്‍ ആശുപത്രിയും കൈകോര്‍ത്തു കണ്ടെത്തുകയും ആവശ്യമായ ഇടങ്ങളില്‍ പദ്ധതിയുമായി സഹകരിച്ച് അരലക്ഷത്തോളം ആളുകള്‍ക്കും അന്‍പതിനായിരത്തിലധികം കുട്ടികള്‍ക്കും വിവിധ ക്യാമ്പുകളില്‍ നേത്രപരിശോധനയും സൗജന്യമായി 50 നേത്ര പടല ശസ്ത്രക്രിയ (കണ്ണ് മാറ്റിവെക്കല്‍), 500 കണ്ണടകള്‍, 5000 തിമിര ശസ്ത്രക്രിയ എന്നിവയാണ് സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സൗജന്യമായി ചെയ്യുവാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പദ്ധതി സമര്‍പ്പിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു.
നേത്ര ചികിത്സ ക്യാമ്പുകളിലൂടെയാണ് ശസ്ത്രക്രിയ്ക്കുള്ള ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തകരും പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. കേരളത്തിലും ലക്ഷദ്വീപിലും ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ കഴിവും സന്നദ്ധതയും ഉള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പദ്ധതിയുടെ ഭാഗമാകാവുന്നതാണ്. താല്പര്യം ഉള്ളവര്‍ക്ക് +919961900522 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ കെ മുരളീധരന്‍ അറിയിച്ചു.
മമ്മൂട്ടിയുടെ ‘കാഴ്ച’ എന്ന നേത്ര ചികിത്സ പദ്ധതിയിലൂടെ കണ്ടതും പതിനായിരങ്ങള്‍ക്ക് പ്രയോജനപ്പെട്ട പദ്ധതിയുടെ മൂന്നാം ഘട്ടവുമായി സഹകരിക്കാന്‍ മനസ്സു കാണിച്ച് മലയാളികളുടെ പ്രിയപ്പെട്ട താരത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു അഭിവന്ദ്യ മാര്‍ ആന്റണി കരിയില്‍ പറഞ്ഞു.
ഇന്ത്യയില്‍ തന്നെ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ നേത്രബാങ്ക്, ഏറ്റവും കൂടുതല്‍ നേത്രപടലം ശേഖരിക്കുകയും തുടര്‍ന്ന് കണ്ണ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കേരളത്തില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന നേത്ര ബാങ്ക് ആണ് എല്‍ എഫ് ആശുപത്രിയിലേത്. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിലും ഇതോടനുബന്ധിച്ച് നടപ്പിലാക്കുന്ന കാഴ്ച മൂന്നാംഘട്ട പദ്ധതിയിലൂടെ 75 ലക്ഷം രൂപയിലധികം ചികിത്സാ സഹായങ്ങള്‍ ചെയ്യുന്നതിനാണ് മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. സുവര്‍ണ്ണ ജൂബിലി നിറവില്‍ 24000 മുകളില്‍ കണ്ണുകള്‍ ശേഖരിച്ചു, അതില്‍ 17500ല്‍ അധികം ആളുകള്‍ക്കു ഇതിനോടകം കാഴ്ച നല്‍കാനും സാധിച്ചിട്ടുണ്ട്. കേരളത്തിലെ തന്നെ സ്വകാര്യമേഖലയിലെ വലിയൊരു ചരിത്രനേട്ടമാണ് എല്‍ എഫ് ആശുപത്രിയിലെ നേത്രബാങ്ക് ഇതിലൂടെ നേടുവാന്‍ കഴിഞ്ഞിട്ടുള്ളത് എന്ന് ചടങ്ങില്‍ ആമുഖപ്രഭാഷണം നടത്തിയ ഐ ബാങ്ക് അസോസിയേഷന്‍ കേരളയുടെ പ്രസിഡന്റും ആശുപത്രി ഡയറക്ടറുമായ ഫാ. (ഡോ) വര്‍ഗീസ് പൊട്ടയ്ക്കല്‍ പറഞ്ഞു.
സുവര്‍ണ്ണ ജൂബിലി നിറവിലെത്തിയ നേത്ര ബാങ്കിനെ നയിച്ച മുന്‍കാല പ്രസിഡന്റുമാരായ മോണ്‍സിഞ്ഞോര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ഫാ. ഡോ. പോള്‍ മാടന്‍, ഫാദര്‍ സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍, ഡോ. ടി പി ഇട്ടീര എന്നിവരെ ആദരിച്ചതിനെ തുടര്‍ന്ന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ, ഐ ബാങ്ക് അസോസിയേഷന്‍ കേരളയുടെ ജനറല്‍ സെക്രട്ടറി റവ. ഫാര്‍. വര്‍ഗീസ് പാലാട്ടി, നേത്രചികിത്സാ വിഭാഗം മേധാവി ഡോ. എലിസബത്ത് ജോസഫ്, മെഡിക്കല്‍ സൂപ്രണ്ടും ഹൃദ്രോഗ ചികിത്സാ വിഭാഗം മേധാവിയുമായ ഡോ. സ്റ്റിജി ജോസഫ്, നേത്രചികിത്സാ വിഭാഗം സീനിയര്‍ റെറ്റിനല്‍ സര്‍ജന്‍ ഡോ. തോമസ് ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.

