

കോഴിക്കോട്: ചോദ്യം ചെയ്യാനോ എതിര് പറയാനോ പാടില്ലാത്ത ദൈവമാണ് കേന്ദ്രസര്‍ക്കാരെന്നാണ് പല കോടതികളുടെയും ധാരണയെന്നും ഈ ധാരണ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അപകടകരമാണെന്നും സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. രാജ്യം ഭരിക്കുന്നവരും നീതിന്യായ സംവിധാനങ്ങളും ഒത്തുകളിച്ച് ഭരണഘടനയെ അസ്ഥിരമാക്കുന്ന പ്രവണതയാണിപ്പോഴുള്ളതെന്നും രാജ്യം നേരിടുന്ന ഈ ഭീതിദമായ അവസ്ഥക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് ഉയരണമെന്നും ബേബി പറഞ്ഞു. മീഡിയാവണ്‍ ചാനല്‍ സംപ്രേഷണം തടഞ്ഞുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഭരണഘടനാ സംരക്ഷണസമിതി സംഘടിപ്പിച്ച ‘മാധ്യമ സ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണഘടനയും’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബേബി.

തങ്ങള്‍ക്ക് നേരെ എതിര്‍പ്പ് വരുമ്പോള്‍ മാത്രം പ്രതികരിച്ചാല്‍ മതിയെന്ന ഇന്ന് കാണുന്ന രീതി മാറണം. 1938ല്‍ ജയപ്രകാശ് നാരായണന്റെ അധ്യക്ഷതയില്‍ കോഴിക്കോട്ട് ചേര്‍ന്ന കെ പിസി സി സമ്മേളനമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരോധനത്തെ എതിര്‍ത്ത് പ്രമേയം അവതരിപ്പിച്ചത്. ഇടതുപക്ഷത്തോട് വലിയ താല്‍പ്പര്യമൊന്നുമില്ലാഞ്ഞിട്ടും കോഴിപ്പുറത്ത് മാധവമേനോന്‍ ശക്തമായ ഭാഷയിലാണ് നിരോധനത്തിനെതിരെ ആഞ്ഞടിച്ചത്. ഈ ചരിത്ര സാഹചര്യം ഉള്‍ക്കൊണ്ട്, അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കണം.

മുഴുവന്‍ ജനങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കും വിധമാണ് ഇന്ത്യന്‍ ഭരണഘടന രൂപപ്പെടുത്തിയത്. അഭിപ്രായം പറയലാണ് മാധ്യമ പ്രവര്‍ത്തനം. എന്ത് സാഹചര്യത്തിലാണ് മീഡിയാവണ്ണിന്റെ പ്രവര്‍ത്തനാനുമതി നിരോധിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. എതിര്‍ശബ്ദങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കാനുള്ള ആര്‍ എസ് എസ് ശ്രമങ്ങളുടെ ഭാഗമാണ് മീഡിയാവണ്‍ പ്രവര്‍ത്താനനുമതി തടയല്‍. ഇതിനെതിരെ ശക്തമായ പ്രതിരോധം എല്ലാവരുടെയും ഭാഗത്തുനിന്ന് ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
കെ പി കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സി പിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം പി അധ്യക്ഷത വഹിച്ചു. ഇ ടി മുഹമ്മദ് ബഷീര്‍ എം പി, ജോണ്‍ ബ്രിട്ടാസ് എം പി, ബിനോയ് വിശ്വം എം പി, ഡോ. ജി മോഹന്‍ ഗോപാല്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, വിനോദ് ജോസ്, കെ പി രാമനുണ്ണി, പി കെ പാറക്കടവ് എന്നിവര്‍ സംസാരിച്ചു.

