
ജിദ്ദ: സൗദിയില്‍ കൂടുതല്‍ നഗരങ്ങളില്‍ സിനിമാ തിയേറ്ററുകള്‍ വരുന്നു. അടുത്ത വര്‍ഷം അവസാനത്തോടെ പത്ത് നഗരങ്ങളിലേക്ക് തിയേറ്ററുകള്‍ വ്യാപിപ്പിക്കുവാനാണ് പദ്ധതി. നിലവില്‍ സൗദിയിലെ ആറ് നഗരങ്ങളിലാണ് സിനിമാ പ്രദര്‍ശനം നടന്ന് വരുന്നത്. 2022 അവസാനത്തോടെ ഇത് 10 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് മാജിദ് അല്‍ഫുത്തൈം സിനിമാസിന്റെയും ലെഷര്‍ ആന്റ് എന്റര്ടൈന്മെന്റിന്റേയും സി.ഇ.ഒ ഇഗ്നസ് ലഹൂദ് പറഞ്ഞു. മജിദ് അല്‍ ഫുത്തൈമിന്റെ സിനിമാ വിഭാഗമായ വോക്സ് സിനിമാസിന് നിലവില്‍ രാജ്യത്തൊട്ടാകെ 15 തിയേറ്ററുകളിലായി ആകെ 154 സ്ക്രീനുകളുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനകം ഇത് മൂന്നിരട്ടിയാക്കി വര്‍ധിപ്പിക്കുവാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി വിപണിയില്‍ 2000 ത്തോളം സിനിമാ ശാലകള്‍ക്ക് സാധ്യതയുള്ളതായി പഠനങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. സൗദി അറേബ്യയിലെ ഉള്ളടക്കത്തിന്റെ പത്ത് ശതമാനം അറബി സിനിമയാണെന്നും ഇത് ബോക്സ് ഓഫീസിന്റെ 25 ശതമാനത്തിലധികം വരുമെന്നും അദ്ദേഹം പറഞ്ഞു. റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷിയേറ്റീവ് സമ്മേളനത്തിലാണ് ഇഗ്നസ് ലഹൂദ് ഇക്കാര്യം വ്യക്തമാക്കിയത്. 1980 കളില്‍ സൗദിയില്‍ സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നുവെങ്കിലും, 2018 ഏപ്രില്‍ മാസത്തില്‍ ഹോളിവുഡ് ചിത്രമായ ബ്ലാക് പാന്തര്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടാണ് രാജ്യം പരിവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.


