രജനീകാന്തിനെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കാണാനെത്തി

Web Desk
1 Min Read

ചെന്നൈ: കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ് സൂപ്പര്‍ താരം രജനീകാന്തിനെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കാണാനെത്തി. കൂടിക്കാഴ്ച പത്തു മിനിറ്റ് നീണ്ടു. ആരോഗ്യമന്ത്രിയും സ്റ്റാലിനൊപ്പമുണ്ടായിരുന്നു. ഡോക്ടര്‍മാരോട് മുഖ്യമന്ത്രി രജനിയുടെ ആരോഗ്യനിലയെ പറ്റി സംസാരിച്ചു. താരത്തിന്റെ ആരോഗ്യനില സംബന്ധിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് കാവേരി ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയിരുന്നു. തലച്ചോറിലെ രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള കരോറ്റിഡ് ആര്‍ടറി റിവാസ്‌കുലറൈസേഷന്‍ ശസ്ത്രക്രിയക്കാണ് രജനി വിധേയമായിട്ടുള്ളത്. ഏതാനും ദിവസത്തിനുള്ളില്‍ താരത്തെ ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. കാവേരി ആശുപത്രിക്കു മുമ്പില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. 30 ഉദ്യോഗസ്ഥരെയാണ് ആശുപത്രിക്ക് മുമ്പില്‍ നിയോഗിച്ചിട്ടുള്ളത്. കര്‍ശന പരിശോധനയോടെയാണ് സന്ദര്‍ശകരെ അകത്തേക്ക് കടത്തിവിടുന്നത്. രണ്ട് എസ്‌ഐമാര്‍, നാലു വനിതാ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. അതിനിടെ, താരത്തിന്റെ ആരോഗ്യനില മോശമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്ന് കുടുബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ഡല്‍ഹിയില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം സ്വീകരിച്ചശേഷം കഴിഞ്ഞദിവസമാണ് രജനീകാന്ത് ചെന്നൈയില്‍ തിരിച്ചെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

city exchange
Share This Article
Leave a Comment
error: Content is protected !!