
കാലിക്കറ്റ് ടെക്‌സ്റ്റെയില്‍സ് കത്തി നശിച്ചു; 2007ലെ മിഠായി തെരുവ് തീപിടുത്തത്തിന് സമാനമായ സംഭവം
കോഴിക്കോട്: പുതിയ ബസ്സ്റ്റാന്‍ഡില്‍ വന്‍ തീപിടുത്തം. വൈകിട്ട് നാലരയോടെ തുടങ്ങിയ തീപിടുത്തം രാത്രി ഏഴേ മുക്കാല്‍ കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമാക്കുവാന്‍ കഴിഞ്ഞിട്ടില്ല. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ ഫയര്‍ എഞ്ചിനുകളും കരിപ്പൂരില്‍ നിന്നെത്തിയ അത്യാധുനിക ഫയര്‍ എഞ്ചിനും തീയണക്കുവാനുള്ള കഠിന പരിശ്രമം തുടരുകയാണ്.

2007ല്‍ മിഠായി തെരുവിലെ എം പി റോഡിലെ പടക്ക വില്പന ശാലയിലുണ്ടായ വന്‍ തീപിടുത്തത്തിനു ശേഷം നഗരം കണ്ട വലിയ വന്‍ തീപിടുത്തമെന്നു പറയാമെങ്കിലും ആളപായമില്ല. 2007-ല്‍ ആറോളം പേരാണ് പേരാണ് കൊല്ലപ്പെട്ടത്.


പുതിയ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലെ കാലിക്കറ്റ് ടെക്സ്റ്റയില്‍സ് എന്ന മൊത്ത വസ്ത്ര വ്യാപാര സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചു. തൊട്ടടുത്തെ റീട്ടെയില്‍ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്കും തീ പടര്‍ന്നിട്ടുണ്ട്. സ്റ്റാന്റിന്റെ താഴെ നിലയിലെ പടിഞ്ഞാറ് ഭാഗത്തെ കടകളും വെള്ളം നനഞ്ഞും മറ്റും നശിച്ചിട്ടുണ്ട്.
തീ സമീപത്തെ പല കടകളിലേക്കും പടര്‍ന്നിട്ടുണ്ട്. പ്രദേശമാകെ കറുത്ത പുക പടര്‍ന്നിരിക്കയാണ്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീയണക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നതായി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെട്ടിടം പൂര്‍ണമായും തീ പടര്‍ന്നിരിക്കുകയാണ്. തുണിത്തരങ്ങളാണ് കത്തുന്നതെന്ന് കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സിലെ ജീവനക്കാര്‍ പറഞ്ഞു. തുണിത്തരങ്ങള്‍ ഇട്ടുവച്ചത് പ്ലാസ്റ്റിക് കവറുകളിലാണ്. ഇതും തീവിടുത്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചിരിക്കയാണ്.

സ്‌കൂള്‍ സീസണായതിനാല്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള യൂണിഫോമടക്കമുള്ള
ധാരാളം തുണിത്തരങ്ങള്‍ സ്റ്റോക്ക് ചെയ്തിരുന്നു. അവധി ദിനമായ ഞായറാഴ്ച ആയതിനാല്‍ പുതിയ ബസ്സ്റ്റാന്റിലും മറ്റും പൊതുവെ തിരക്ക് കുറവായിരുന്നു. ഇതാണ് ആളപായമടക്കമുള്ള ദുരന്തത്തിലേക്കെത്താതിരിക്കുവാന്‍ കാരണമായത്. അഗ്നിസേനയുടെ അനേകം യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
വെള്ളം തീര്‍ന്ന അഗ്നിരക്ഷാ യൂണിറ്റുകള്‍ തിരികെപോയി വെള്ളവുമായി സംഭവ സ്ഥലത്തേക്ക് എത്തുന്നുണ്ട്. ഇതാണ് ആദ്യം തീയണക്കാന്‍ കാലതാമസമുണ്ടായത്. പിന്നീട് മാനാഞ്ചിറയില്‍ നിന്നും എഞ്ചിനിലേക്ക് വെള്ളം നിറക്കാന്‍ തുടങ്ങുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കലക്ടര്‍ സ്ഥലത്തെത്തി. സമീപ ജില്ലകളില്‍ നിന്നും അഗ്നിരക്ഷാ യൂണിറ്റുകള്‍ എത്തുന്നുണ്ട്. കെട്ടിടത്തിന്റെ മധ്യഭാഗത്തുനിന്നാണ് തീപിടിച്ചതന്നൊണ് സ്റ്റാന്റിലെ കച്ചവടക്കാര്‍ പറയുന്നത്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. കടയില്‍ തീ പടര്‍ന്നപ്പോള്‍ത്തന്നെ ആളുകള്‍ ഓടിമാറിയെന്ന് പോര്‍ട്ടര്‍മാര്‍ പറഞ്ഞു.
ബസ്സ് സ്റ്റാന്റിലെ മൂന്നു നില ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടത്തിനാണ് തീ പിടിച്ചത്. ബസ് സ്റ്റാന്‍ഡിലെ ബസുകള്‍ പുറത്തേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ സ്റ്റാന്റിന്റെ മറുഭാഗത്തു നിന്ന് മലപ്പുറം, പാലക്കാട് ഭാഗത്തേക്കുള്ള ബസ്സുകള്‍ ഇപ്പോഴും സര്‍വീസ് നടത്തുന്നുണ്ട്. മാവൂര്‍ റോഡിലും മറ്റും ഗതാഗതത്തിന് പൊലീസ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
ബസ്സ്റ്റാന്‍ഡ് പരിസരത്തെ റോഡ് അടച്ചതോടെ നഗരത്തിലെ മറ്റു ഭാഗങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്. അഹമ്മദ് ദേവര്‍കോവില്‍ എം എല്‍ എ, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്, കൗണ്‍സിലര്‍ എസ് കെ അബൂബക്കര്‍, വിവിധ രാഷ്ട്രീയ നേതാക്കളായ എം മെഹ്ബൂബ്, അഡ്വ. പി എം നിയാസ്, ടി ടി ഇസ്മായില്‍, എം എ റസാഖ് മാസ്റ്റര്‍, എം നിഹാല്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

