

റിയാദ്: മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനീഷ്യേറ്റീവ് സമ്മിറ്റ് ആന്റ് സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവ് ഫോറത്തിന്റെ രണ്ടാം എഡിഷന്‍ അടുത്ത മാസം ഈജിപ്തില്‍ സംഘടിപ്പിക്കാന്‍ സൗദി അറേബ്യ. സൗദി വാര്‍ത്താ ഏജന്‍സി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

ആഗോളതലത്തില്‍ അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ നേരിടാന്‍ സൗദിയും ബാധ്യസ്ഥമാണ്. പരിസ്ഥിതി മേഖലയിലും മറ്റും അന്താരാഷ്ട്ര തലത്തിലുമുള്ള സംഘടനകള്‍, മനുഷ്യത്വപരമായ സഹായം, പാരിസ്ഥിതിക സുരക്ഷ തുടങ്ങിയ പൊതുവായ വെല്ലുവിളിയുള്ള വിഷയങ്ങളില്‍ ഊന്നിയ ചര്‍ച്ചകള്‍ ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തില്‍ നടത്തി. സൗദിയെ ആഗോള പരിസ്ഥിതി ഹബ്ബായി ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട നാഷണല്‍ ഇനീഷ്യേറ്റീവ് ഫോര്‍ ഗ്ലോബല്‍ സപ്ലൈ ചെയിന്‍സ് രൂപീകരിക്കണമെന്ന നിര്‍ദേശവും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. ഇതിലൂടെ വന്‍ നിക്ഷേപം വ്യവസായിക, സേവന മേഖലകളിലേക്ക് ആകര്‍ഷിക്കാനുമാണ് പദ്ധതിയിലൂടെ സൗദി ലക്ഷ്യമിടുന്നത്.

പ്രവര്‍ത്തനമാരംഭിച്ച് ആദ്യ രണ്ട് വര്‍ഷത്തിനുള്ളില്‍ 10.6 ബില്ല്യന്‍ ഡോളര്‍ തുകയുടെ നിക്ഷേപം പദ്ധതിയിലൂടെ നേടിയെടുക്കാമെന്ന് സൗദി ലക്ഷ്യമിടുന്നു. ആഗോള സാമ്പത്തിക രംഗത്ത് സ്ഥിരതയും വളര്‍ച്ചയും കൈവരിക്കുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് യോഗം ചൂണ്ടിക്കാട്ടി.
മുണ്ടിനീര്, പോളിയോ എന്നിവ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര പരിശ്രമങ്ങളെ പിന്തുണക്കുന്നത് തുടരുമെന്നും സൗദി ആവര്‍ത്തിച്ചു. ഇതിനായി കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ ലോകാരോഗ്യ സംഘടന, യു എന്‍ ചില്‍ഡ്രന്‍സ് ഫണ്ട് എന്നിവയുമായി ചേര്‍ന്ന് ഒപ്പുവെച്ച ഉടമ്പടി പ്രകാരമാണ് പ്രവര്‍ത്തിക്കുകയെന്നും മന്ത്രി സഭായോഗം വ്യക്തമാക്കി.

