

ദോഹ: കാര്‍ഷിക വിളകളുടെ കൊയ്ത്തുല്‍സവം എന്നതിലുപരി പഴമയുടെ വീണ്ടെടുപ്പു കൂടിയാണ് ഓണാഘോഷങ്ങളെന്നും പ്രവാസ ലോകത്ത് സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങള്‍ കാണുമ്പോള്‍ സ്‌നേഹത്തില്‍ ചാലിച്ച കൂട്ടായ്മകളുടെ വിജയം കൂടിയാണെന്നും യുവകലാസാഹിതി ഖത്തറിന്റെ ‘ഈണം 2023’ ഉദ്ഘാടനം ചെയ്തു കേരള കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. യുവകലാസാഹിതി ഖത്തറിന്റെ 2023ലെ ഈദ്- ഓണം ആഘോഷങ്ങള്‍ സംയുക്തമായി ഈണം 2023 എന്ന പേരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാട്ടില്‍ കാണാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ പ്രവാസ ലോകത്ത് ഓണവുമായി ഉള്ള ആഘോഷ പരിപാടികള്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിധം ആഘോഷിക്കുന്നതിനെ മന്ത്രി പ്രശംസിച്ചു.

ഉദ്ഘാടന സമ്മേളനത്തില്‍ യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജീമോന്‍ ജേക്കബ്, ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡണ്ട് ഇ പി അബ്ദുറഹ്മാന്‍, യുവകലാസാഹിതി രക്ഷാധികാരി ഷാനവാസ് തവയില്‍, കോര്‍ഡിനേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി എം സിറാജ്, വനിത കലാസാഹിതി സെക്രട്ടറി സിതാര രാജേഷ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സനൂപ് എന്നിവര്‍ പ്രസംഗിച്ചു.
‘കനല്‍’ അവതരിപ്പിച്ച നാടന്‍ പാട്ടുകള്‍ ആഘോഷത്തിന് മികവേറ്റുന്നതായിരുന്നു. ബി ജി.എം ഓര്‍ഗാസ്ട്ര അവതരിപ്പിച്ച ഗാനമേളയും കലാകൈരളി അവതരിപ്പിച്ച വിവിധ ഡാന്‍സുകളും ബാലസാഹിതിയുടെ കലാവിരുന്നുകളും യുവകലാസാഹിതി ഗരാഫ യൂണിറ്റ് രൂപം നല്‍കിയ ചിലമ്പ് നാടന്‍പാട്ട് കൂട്ടത്തിന്റെ അവതരണങ്ങളും വടംവലി മത്സരവും വിഭവസമൃദ്ധമായ ഓണസദ്യയുമായി മികവുറ്റതായി.
കെ ഇ ലാലു, ഷാന്‍ പേഴുംമൂട്, സഹീര്‍ ഷാനു, രഘുനാഥന്‍, ഷാജി, എന്‍ പ്രകാശ്, അനീഷ്, ഇബ്രൂ ഇബ്രാഹിം, മുരളി, ബിനു ഇസ്മായില്‍, ഷുക്കൂര്‍, ഷബീര്‍, ബിജു, രഘുനാഥന്‍, ഷനാ ലാലു തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

