NEWS
വി കെ പവിത്രന്‍ ജന്മശതാബ്ദി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു; എഴുത്തുകാരന്‍ ജയമോഹന്‍ മുഖ്യപ്രഭാഷണം നടത്തി

കൊച്ചി: യുക്തിവാദ, മിശ്രവിവാഹ പ്രസ്ഥാനങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ചയാളായിരുന്നു വി കെ പവിത്രനെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിലെ മിശ്രവിവാഹ പ്രസ്ഥാനത്തിന്റെ സ്ഥാപകനും അരനൂറ്റാണ്ടുകാലം അതിന്റെ അമരക്കാരനുമായിരുന്ന വി കെ പവിത്രന്റെ ജന്മശതാബ്ദി സമ്മേളനം എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


ഞങ്ങളിലില്ലാ ഹൈന്ദവ രക്തം എന്നു തുടങ്ങുന്ന പ്രസിദ്ധ മുദ്രാവാക്യം രചിച്ചത് അദ്ദേഹമായിരുന്നുവെന്ന് ഇന്നും പലര്‍ക്കും അറിയില്ലെന്നും രാജീവ് പറഞ്ഞു. കേരള മിശ്രവിവാഹ വേദി, കേരള യുക്തിവാദ സംഘം (കെവൈഎസ്) എന്നീ സംഘടനകളാണ് ശതാബ്ദി ആഘോഷം സംഘടിപ്പിച്ചത്.

തമിഴ്നാട്ടില്‍ അവര്‍ണ ജനതയിലെ വലിയൊരു വിഭാഗം തീവ്രമായ വിശ്വാസലോകത്ത് തുടര്‍ന്നപ്പോള്‍ സവര്‍ണര്‍ക്കിടയില്‍ യുക്തിചിന്ത വളര്‍ന്നുവെന്നും എന്നാല്‍ കേരളത്തില്‍ സവര്‍ണര്‍ പരമ്പരാഗത വിശ്വാസങ്ങളെ മുറുകെപ്പിടിച്ചപ്പോള്‍ അവര്‍ണരും കീഴാളരുമാണ് പുരോഗമന പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടരായി വിശ്വാസങ്ങളുടെ ലോകം വെടിഞ്ഞതെന്നും എഴുത്തുകാരന്‍ ജയമോഹന്‍ പറഞ്ഞു. വി കെ പവിത്രനെപ്പോലുള്ളവരുടെ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ വേരോടിയ ഇത്തരം മുന്നേറ്റങ്ങള്‍ക്ക് അടിത്തറയായത്. അതേസമയം യുക്തിവാദ പ്രസ്ഥാനം ഒരു ബൗദ്ധിക പ്രസ്ഥാനമാകയാല്‍ പൊതുവില്‍ അതിനൊരു ബഹുജന പ്രസ്ഥാനമാകാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


കേരള മിശ്രവിവാഹ സംഘം പ്രസിഡന്റ് അഡ്വ. രാജഗോപാല്‍ വാകത്താനം സമ്മേളനത്തിന്റെ അധ്യക്ഷത വഹിച്ചു. കെവൈഎസ് ജനറല്‍ സെക്രട്ടറി ടി കെ ശശിധരന്‍ സ്വാഗതം ചെയ്തു. കെവൈഎസ് പ്രസിഡന്റ് ഗംഗന്‍ അഴീക്കോട് പി എസ് രാമന്‍കുട്ടിക്കു നല്‍കി സുവനീര്‍ പ്രകാശിപ്പിച്ചു. പവിത്രന്‍ സഹരചയിതാവായ വിജാതീയം എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എയ്ക്കു നല്‍കി പ്രകാശിപ്പിച്ചു. കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ, ജസ്റ്റിസ് കെ കെ ദിനേശന്‍, അഡ്വ. കെ എന്‍ അനില്‍കുമാര്‍, സുനില്‍ ഞാളിയത്ത്, അഡ്വ. മോഹനചന്ദ്രന്‍, അലി അക്ബര്‍, കൗണ്‍സിലര്‍ ദീപാ വര്‍മ്മ എന്നിവര്‍ പ്രസംഗിച്ചു.
വി കെ പവിത്രന്റെ കുടുംബാംഗങ്ങളായ സതി പവിത്രന്‍, എസ് രമണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ”ഞങ്ങളിലില്ലാ ഹൈന്ദവ രക്തം” എന്ന കാവ്യഭാഗത്തിന്റെ സംഗീതാവിഷ്‌കാരവും സമ്മേളനത്തിന്റെ പ്രാരംഭത്തില്‍ അരങ്ങേറി. ശൂരനാട് ഗോപന്‍ നന്ദി രേഖപ്പെടുത്തി.
ഉച്ചയ്ക്കു 2ന് നടന്ന മതരഹിത സംഗമം കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സന്തോഷ് മാനവം, എന്‍ ജി സ്വീറ്റി, സജിത് ശങ്കരന്‍, എം വി മുക്ത, ഷിജി ജെയിംസ് എന്നിവര്‍ ചര്‍ച്ച നയിച്ചു. പി ഇ സുധാകരന്‍ സ്വാഗതം ചെയ്തു. ദ്രാവിഡ കഴകം സെക്രട്ടറി അഡ്വ. എസ് എം മതിവദനി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. മനിത മൈത്രി അവകാശപത്രിക അവതരിപ്പിച്ചു.
ചലച്ചിത്രതാരം മിനോണ്‍, ഡോ. അനാമിക, ഡോ. തനിമ എസ്, മനീഷ പി എം, മിഡാഷ പി എം, ഇ കെ ലൈല തുടങ്ങിയവര്‍ പങ്കെടുത്തു. കെ പി തങ്കപ്പന്‍ നന്ദി രേഖപ്പെടുത്തി. മജീഷ്യന്‍ ആര്‍ കെ മലയത്ത് അവതരിപ്പിച്ച മൈന്‍ഡ് ഡിസൈന്‍, അഡ്വ. അംബരീഷ് ജി വാസുവും സംഘവും അവതരിപ്പിച്ച കവിതയും കലാപവും എന്ന കാവ്യാലാപന പരിപാടിയും അരങ്ങേറി.


