

ദോഹ: നിര്‍മിത ബുദ്ധി രംഗത്ത് ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന്റെ ലക്ഷ്യങ്ങള്‍ പിന്തുടര്ന്ന് വിദ്യാഭ്യാസ മേഖലയ്ക്കായി വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തന്ത്രം വികസിപ്പിക്കുകയാണെന്ന് വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ എന്‍ജിനിയര്‍ മുന സലേം അല്‍ ഫദ്ലി പറഞ്ഞു.
ജി സി സിയിലും അറബ് ലോകത്തും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രാദേശികവല്ക്കരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിരവധി ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുത്ത ഖത്തര്‍ റേഡിയോ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അല്‍ ഫദ്ലി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രതിനിധീകരിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് വിദ്യാഭ്യാസ പ്രക്രിയയുടെ ഗുണനിലവാരം നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള മന്ത്രാലയത്തിന്റെ കഴിവ് വര്‍ധിപ്പിക്കുന്നതിന് പ്രവചന സംവിധാനങ്ങള്‍ വികസിപ്പിക്കുകയാണ് തന്ത്രം ലക്ഷ്യമിടുന്നതെന്ന് അവര്‍ പറഞ്ഞു. സാങ്കേതികവിദ്യയിലൂടെ ഡാറ്റാ മൈനിംഗ് ടെക്നിക്കുകള്‍ ഉപയോഗിച്ച് പ്രവചന സംവിധാനം സൃഷ്ടിക്കുകയും ഭാവിയിലെ ട്രെന്‍ഡുകള്‍ മുന്‍കൂട്ടി അറിയാന്‍ സഹായിക്കുകയും ചെയ്യും.

നിര്‍മിത ബുദ്ധിയുടെ അടിസ്ഥാന വികസന ശ്രമങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ മേഖലയ്ക്കായി തന്ത്രം വികസിപ്പിക്കുന്നതിനുള്ള പ്രക്രിയ ഒരു വര്‍ഷം മുമ്പാണ് ആരംഭിച്ചതെന്ന് അല്‍ ഫദ്ലി പറഞ്ഞു.
വിദ്യാര്‍ഥികളുടെ അക്കാദമിക് പ്രകടനം വിലയിരുത്തുക, അവരുടെ പുരോഗതി നിരീക്ഷിക്കുക, മെച്ചപ്പെടുത്താനുള്ള മേഖലകള്‍ തിരിച്ചറിയുക, ഓരോ വിദ്യാര്‍ഥിക്കും ഇഷ്ടാനുസൃത മാര്‍ഗനിര്‍ദ്ദേശം നല്‍കുക എന്നിങ്ങനെ ലഭ്യമായ വിദ്യാഭ്യാസ ഡാറ്റ വിശകലനം ചെയ്യാന്‍ ഈ സംവിധാനം സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.

