യാത്രാ നയത്തില്‍ ഭേദഗതി വരുത്തി പൊതുജനാരോഗ്യ മന്ത്രാലയം

Web Desk
2 Min Read

ദോഹ: ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ യാത്രാ നയത്തില്‍ ഭേദഗതി വരുത്തി പുതിയ അറിയിപ്പ് പുറത്തിറക്കി. ഒക്ടോബര്‍ ആറാം തിയ്യതി ഉച്ചക്ക് രണ്ട് മണി മുതല്‍ പുതിയ നിയമം പ്രാബല്യത്തിലാകും.

city exchange

വിവിധ രാജ്യങ്ങളിലെ കോവിഡ് അന്താരാഷ്ട്ര, പ്രാദേശിക ആരോഗ്യ അപകട സാധ്യതാ സൂചകങ്ങളും പകര്‍ച്ചവ്യാധിയും അടിസ്ഥാനമാക്കിയുള്ള അസാധാരണ ചുവന്ന രാജ്യങ്ങളുടെ പട്ടികയ്ക്ക് പുറമേ പച്ചയുമായാണ് ഖത്തര്‍ രാജ്യങ്ങളെ തരം തിരിച്ചിരിക്കുന്നത്.

ഇന്ത്യ, ഫിലിപ്പൈന്‍സ്, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താന്‍, ഇന്തോനേഷ്യ, കെനിയ, സുഡാന്‍ എന്നീ രാജ്യങ്ങളാണ് ചുവന്ന പട്ടികയില്‍ ഉള്‍പ്പെട്ടവ.

- Advertisement -
Ad image

ചുവപ്പ് പട്ടികയില്‍ നിന്നുള്ള പൂര്‍ണമായി വാക്‌സിനേറ്റ് ചെയ്ത യാത്രക്കാര്‍ക്ക് ഖത്തറില്‍ രണ്ടു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനാണ് ഉണ്ടാവുക. പതിനൊന്ന് വയസ്സിന് താഴെയുള്ള വാക്‌സിനേറ്റ് ചെയ്തിട്ടില്ലാത്ത കുട്ടികള്‍ വാക്‌സിനേറ്റ് ചെയ്ത മാതാപിതാക്കളോടൊപ്പമാണെങ്കിലും ഇത് ബാധകമാണ്.

എന്നാല്‍ ചുവന്ന പട്ടികയില്‍ നിന്നുള്ള കോവിഡ് വാക്‌സിനെടുക്കാത്ത യാത്രക്കാര്‍ക്ക് ഖത്തറിലേക്ക് പ്രവേശനമുണ്ടാകില്ല.

ചുവന്ന പട്ടികയില്‍ നിന്നുള്ള യാത്രക്കാര്‍ യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ പി സി ആര്‍ പരിശോധന നടത്തിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഖത്തറിലെത്തി 36 മണിക്കൂറിനകവും പി സി ആര്‍ പരിശോധന നടത്തി നെഗറ്റീവായിരിക്കണം.

ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും യാത്ര ചെയ്‌തെത്തുന്ന ഖത്തരി പൗരന്മാര്‍, ജി സി സി പൗരന്മാര്‍, ഖത്തറില്‍ താമസ രേഖയുള്ളവര്‍ എന്നിവര്‍ പൂര്‍ണമായും വാക്‌സിനെടുത്തിട്ടുണ്ടെങ്കില്‍ ക്വാറന്റൈന്‍ ആവശ്യമില്ല. എന്നാല്‍ നാല് വയസ്സിന് താഴെയുള്ള കുട്ടികള്‍ ഒഴികെ ബാക്കിയെല്ലാവരും യാത്രയ്ക്ക് 36 മണിക്കൂറിനകം പി സി ആര്‍ പരിശോധന പൂര്‍ത്തിയാക്കണം. വാക്‌സിനെടുക്കാത്തവരും പൂര്‍ണമായി വാക്‌സിനെടുക്കാത്തവരും ഏഴു ദിവസത്തെ ഹോം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം. ഖത്തറില്‍ താമസ രേഖയില്ലാത്ത ജി സി സി പൗരന്മാര്‍ തങ്ങളുടെ ബന്ധുക്കളുടെ തെളിവ് ഉള്‍പ്പെടെ ഹാജരാക്കേണ്ടതുണ്ട്. ഇവരെല്ലാം യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലും ഖത്തറിലെത്തി ആറാം ദിവസം പി സി ആര്‍ പരിശോധന നടത്തുകയും ഫലം നെഗറ്റീവാണെങ്കില്‍ പുറത്തിറങ്ങുകയും ചെയ്യാം.

നേരത്തെ തന്നെ ഇത്തരത്തില്‍ നിയമമുള്ളതായി പ്രചാരണങ്ങളുണ്ടായിരുന്നെങ്കിലും പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നില്ല. ഇന്നാണ് പൊതുജനാരോഗ്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ഖത്തറിലേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് ആവശ്യമായ രേഖകള്‍ ഇഹ്തിറാസ് ആപ്പില്‍ അപ്‌ലോഡ് ചെയ്യുന്നത് ഔദ്യോഗിക കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും നിര്‍വഹിക്കാന്‍ സഹായിക്കും. യാത്രക്കാര്‍ ഇഹ്തിറാസ് ആപ് തങ്ങളുടെ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതുമുണ്ട്. എന്നാല്‍ ഖത്തറില്‍ നിന്നും വാക്‌സിനെടുത്ത പച്ച പട്ടികയിലെ രാജ്യങ്ങളിലുള്ളവര്‍ക്ക് നിബന്ധനകളില്‍ ഇളവുണ്ട്.

ഹോം ക്വാറന്റൈനില്‍ പോകേണ്ടവര്‍ക്ക് അതിനുള്ള സൗകര്യം തങ്ങളുടെ താമസ കേന്ദ്രങ്ങളില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തണം. അല്ലാത്തപക്ഷം യാത്രയ്ക്കു മുമ്പായി ഡിസ്‌കവര്‍ ഖത്തര്‍ വഴി ഹോട്ടല്‍ ബുക്കിംഗ് നിര്‍വഹിച്ചിരിക്കണം.

ഫൈസര്‍, മോഡേണ, സ്‌പൈക് വാക്‌സ്, ആസ്ട്ര സെനക്ക, കോവിഷീല്‍ഡ്, ഓക്‌സ്‌ഫോര്‍ഡ്, വാക്‌സ് സെവ്രിയ എന്നിവയുടെ രണ്ട് ഡോസുകളും ജാന്‍സെന്‍, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഒരു ഡോസുമാണ് ഖത്തര്‍ അംഗീകരിച്ച വാക്‌സിനുകള്‍. സിനോഫാം വാക്‌സിന്‍, സിനോവാക്, സ്പുട്‌നിക് ഫൈവ് എന്നിവ നിബന്ധനകളോടെ അംഗീകരിച്ചിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!