

ദോഹ: നിയമപരമായ നിലയും വാണിജ്യ രജിസ്‌ട്രേഷനുകളും പരിശോധിക്കാതെ ഏതെങ്കിലും നിക്ഷേപ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ കരാറുകളില്‍ ഒപ്പിടുകയോ നിക്ഷേപ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഫണ്ട് കൈമാറുകയോ ചെയ്യരുതെന്ന് ഖത്തറിലെ എല്ലാ നിക്ഷേപകര്‍ക്കും പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വാണിജ്യ വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത് അപകടകവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ലൈസന്‍സില്ലാതെ ആര്‍ക്കും ഫണ്ട് റൈസിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്താനോ പൊതുജനങ്ങള്‍ക്ക് നിക്ഷേപ സേവനങ്ങള്‍ നല്‍കാനോ നിയമപരമായി അധികാരമില്ലെന്നും അത്തരം സ്ഥാപനങ്ങളുമായി ഇടപഴകുന്നത് നിക്ഷേപകരെ കാര്യമായ നിയമപരവും സാമ്പത്തികവുമായ അപകടസാധ്യതകള്‍ക്ക് വിധേയമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഏതെങ്കിലും കരാറുകളിലോ ഇടപാടുകളിലോ ഏര്‍പ്പെടുന്നതിന് മുമ്പ് ഏതെങ്കിലും വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ നിയമസാധുതയും ലൈസന്‍സിംഗ് നിലയും പരിശോധിക്കുന്നതിന് സമഗ്രമായ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.
നിക്ഷേപ ദാതാക്കളുടെ നിയമപരമായ നില അന്വേഷിക്കുന്നതിനോ സ്ഥിരീകരിക്കുന്നതിനോ പൊതുജനങ്ങള്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക മാര്‍ഗങ്ങള്‍ വഴി ബന്ധപ്പെടാന്‍ പ്രോത്സാഹിപ്പിക്കുന്നു.

