
കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ ഹരിത നേതാക്കള്‍ നല്കിയ പരാതിയില്‍ വനിതാ കമ്മീഷന് അന്വേഷണം ആരംഭിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് നല്കാന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജിന് നിര്‍ദേശം നല്കി. പരാതിക്കാരുടെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍നിലപാടില്‍ ഹരിത നേതാക്കള്‍ ഉറച്ച് നിന്നതോടെ പ്രശ്നപരിഹാരത്തിന് മുനവ്വറലി തങ്ങള്‍ മുന്‍കയ്യെടുത്ത് നടത്തിയ ചര്‍ച്ചയില്‍ സമവായമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്. പരാതി ഒത്തുതീര്‍പ്പാക്കാന്‍ ലീഗ് നേതൃത്വം തിരക്കിട്ട് ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് വനിതാ കമ്മീഷന് നടപടിയിലേക്ക് കടന്നത്. സ്പെഷ്യല്‍ ബ്രാഞ്ച് എസിപി പി സി ഹരിദാസനാണ്് കമ്മീഷണര്‍ അന്വേഷണ ചുമതല കൈമാറിയത്. ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയുടെ മൊഴി കോട്ടക്കലിലെ വീട്ടിലെത്തി രേഖപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്നി അടക്കമുള്ള നേതാക്കളുടെ മൊഴി ഫോണിലൂടെയും എടുത്തു. റിപ്പോര്‍ട്ട് വനിതാ കമ്മീഷന് ഉടന്‍ കൈമാറും. അതിന് ശേഷമാണ് എംഎസ്എഫ് പ്രസിഡന്റ് പി കെ നവാസിനെതിരെയും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബിനെതിരെയും കേസ് എടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

