
തിരുവനന്തപുരം: ലൈംഗിക ചുവയോടെ സംസാരിച്ചെന്നതടക്കമുള്ള എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ സംഘടനയിലെ വനിതാ വിഭാഗം ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങളോട് പ്രതികരിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. ഹരിതയിലെ പ്രശ്‌നങ്ങള്‍ മലപ്പുറം ജില്ലാ കമ്മിറ്റി പുനസംഘടനയുമായി ബന്ധപ്പെട്ടുള്ളതാണെന്നും സ്ത്രീകളെ അപമാനിക്കലല്ല തന്റെ രാഷ്ട്രീയമെന്നും തനിക്കെതിരായ പരാതിക്ക് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും നവാസ് ആരോപിച്ചു. സംഘടനയിലെ ഒരു വിഭാഗം കളളവാര്‍ത്ത പ്രചരിപ്പിക്കുകയാണ്. പാര്‍ട്ടി തീരുമാനം വരും മുമ്പ് പുതിയ നീക്കങ്ങള്‍ നടത്തിയവരുടെ ലക്ഷ്യം നീതിയോ ആദര്‍ശമോ അല്ലെന്നും ലീഗ് നേതൃത്വവുമായി ആലോചിച്ച് സംഘടനാ പരമായ നടപടികള്‍ തീരുമാനിക്കുമെന്നും നവാസ് കൂട്ടിച്ചേര്‍ത്തു.
എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംഘടനയിലെ വനിതാ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും ലൈംഗീക അധിക്ഷേപം നടത്തിയെന്ന് കാട്ടി നല്‍കിയ പരാതി ലീഗ് നേതൃത്വം അവഗണിച്ചതോടെയാണ് 10 വനിതാ നേതാക്കള്‍ കമ്മീഷനെ സമീപിച്ചത്.

