

ദോഹ: കേരളത്തില്‍ നടക്കുന്ന നവകേരള സദസ്സ് കാണാന്‍ ആളുകള്‍ പോകുന്നത് കോമഡിയും കോമാളികളേയും കാണാന്‍ പോകുന്നത് പോലെയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. സൗദി സന്ദര്‍ശനത്തിന് ശേഷം സ്വകാര്യ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ അദ്ദേഹം ആഗോളവാര്‍ത്തയോട് സംസാരിക്കുകയായിരുന്നു.

മലപ്പുറം ജില്ലയില്‍ നവകേരള സദസ്സ് പ്രവേശിച്ചാല്‍ യു ഡി എഫിന്റെ നിരവധി പേര്‍ സഹകരിക്കുമെന്ന ആത്മവിശ്വാസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകടിപ്പിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് എല്ലാ കാര്യത്തിലും ആത്മവിശ്വാസമല്ലേ എന്നായിരുന്നു മറുപടി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 20 സീറ്റും കിട്ടുമെന്നാണ് പറഞ്ഞത്. എന്നിട്ട് 19 സീറ്റുകളും അവര്‍ക്ക് പോയി, പകരം ഒന്നു മാത്രമാണ് കിട്ടിയത്. അത് ഭയങ്കര ആത്മവിശ്വാസമാണല്ലോ. ഒരാളും മുഖ്യമന്ത്രിയുടേയോ ഇടതുമുന്നണിയുടെയോ ഒപ്പമില്ല. സര്‍വ മനുഷ്യരും ഇതിനെതിരാണ്. ആളെ കിട്ടാത്തതുകൊണ്ടല്ലേ എല്‍ പിയിലേയും യു പിയിലേയും കുട്ടികളെ കൊണ്ടുവന്ന് ഇരുത്തുന്നത്. ഡി ഇ ഒമാര്‍ക്കും ഹെഡ്മാസ്റ്റര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കുന്നത് കുട്ടികളെ കൊണ്ടുവരാനാണ്. ജനങ്ങള്‍ കഠിനമായ പ്രതിഷേധത്തിലാണ്. ഇപ്പോള്‍ തന്നെ ഏതാണ്ട് പകുതിയോളം ജനങ്ങളും ഇടതുമുന്നണി ഭരണത്തിന് എതിരാണ്. യാത്ര കഴിയുമ്പോഴേക്കും പൂര്‍ണമാകുമെന്നും അദ്ദേഹം പറഞ്ഞു.

സമസ്തയുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചുവോ എന്ന ചോദ്യത്തിന് സമസ്തയുടെ പ്രശ്‌നം ലീഗ് നോക്കിയിട്ടില്ലെന്നും സമസ്തയും മുസ്‌ലിം ലീഗും വേറെ സംഘടനകളാണെന്നും താന്‍ മുസ്‌ലിം ലീഗിന്റെ ജനറല്‍ സെക്രട്ടറിയാണെന്നും പി എം എ സലാം പറഞ്ഞു.
മുസ്‌ലിം ലീഗ് സഹകരിക്കാമെന്ന തീരുമാനമുണ്ടായിരുന്നുവോ എന്ന ചോദ്യത്തിന് നിങ്ങളാണോ മുസ്‌ലിം ലീഗിന്റെ തീരുമാനമെടുക്കുന്നതെന്ന മറുചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. നിങ്ങളാണ് ലീഗിന്റെ തീരുമാനമെടുക്കുന്നതെങ്കില്‍ അത് ശരിയായിരിക്കാം. എന്നാല്‍ മുസ്‌ലിം ലീഗ് അത്തരം തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പൂക്കോയ തങ്ങളുടെ മാതൃകയെ കുറിച്ച കെ പി എ മജീദ് പറഞ്ഞല്ലോ എന്ന ചോദ്യത്തിന് കെ പി എ മജീദ് മാത്രമല്ല, ഞങ്ങളെല്ലാവരും പറയുന്നത് പൂക്കോയ തങ്ങളുടെ മാതൃകയാണെന്നും പൂക്കോയ തങ്ങള്‍ മോശമാണെന്ന് ആരാണ് പറഞ്ഞതെന്നും അദ്ദേഹം മറു ചോദ്യം ഉന്നയിച്ചു. പൂക്കോയ തങ്ങളുടേയും ബാഫഖി തങ്ങളുടേയും ഖാഇദെ മില്ലത്തിന്റേയുമൊക്കെ നല്ല മാതൃകകളാണെന്നും അതിനനുസരിച്ചു തന്നെ ലീഗ് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞഉു.
കാലഘട്ടം മാറുന്നതിന് അനുസരിച്ച് നയത്തിലും തീരുമാനത്തിലുമൊക്കെ മാറ്റം വരാറില്ലേ എന്ന ചോദ്യത്തിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറ്റത്തിന് ഒരു കാരണവുമില്ലെന്നും തങ്ങള്‍ കഴിഞ്ഞ ദിവസം വയനാട്ടില്‍ നിന്ന് പറഞ്ഞത് ആയിരം കാരണങ്ങള്‍ പോകാതിരിക്കാനുണ്ടെന്നാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
നിങ്ങള്‍ക്കും പി കെ കുഞ്ഞാലിക്കുട്ടിക്കും ഇടതുമുന്നണിയിലേക്ക് പോയാല്‍ കുഴപ്പമില്ലെന്നൊരു തോന്നലുണ്ടല്ലോ എന്ന ചോദ്യത്തെ എന്റെ മനസ്സിലെ കാര്യങ്ങള്‍ നിങ്ങളാണോ പറയുന്നത് എന്നുയിച്ചാണ് അദ്ദേഹം പ്രതിരോധിച്ചത്. മുസ്‌ലിം ലീഗിലെ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണെന്നും വെറുതെ വെള്ളം വെച്ചിട്ട് കാര്യമില്ലെന്നും നവകേരള സദസ്സ് തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും കേരളത്തിലെ എല്ലാ ജനങ്ങളും പിണറായി വിജയന് എതിരാകുമെന്നും പി എം എ സലാം വിശദമാക്കി.

