

കൊച്ചി: ജനാധിപത്യ ധ്വംസനത്തിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ പ്രതിഷേധ സംഗമം നടത്തും.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ദേശീയ പാതയില്‍ അത്താണിയില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം ഉദ്ഘാടനം ചെയ്യും. തൃശൂര്‍, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് കോഡിനേറ്റര്‍ അഡ്വ. മുഹമ്മദ് ഷാ, ജില്ലാ പ്രസിഡന്റ് കെ എം അബ്ദുല്‍ മജീദ്, ജനറല്‍ സെക്രട്ടറി പാറക്കാട്ട് ഹംസ എന്നിവര്‍ അറിയിച്ചു.

എം പി സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിക്കുന്നതിനും അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനുമാണ് മുസ്‌ലിം ലീഗ് വിമാനത്താവളങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്.

