

നേപ്യിഡോ: മ്യാന്‍മറിലുണ്ടായ ഭൂമികുലുക്കം പുറത്തുവിട്ടത് 334 അണുബോംബുകള്‍ക്ക് തുല്യമായ ഊര്‍ജം. ഭൗമശാസ്ത്രജ്ഞരെ ഉദ്ധരിച്ച് സി എന്‍ എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മേഖലയില്‍ തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും അത് മാസങ്ങളോളം നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും അമേരിക്കന്‍ ജിയോളജിസ്റ്റ് ജെസ് ഫീനിക്സ് മുന്നറിയിപ്പ് നല്‍കുന്നു.

ഭൂകമ്പത്തില്‍ മരണം 1600 കവിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൂവായിരത്തിലേറെ പേര്‍ക്ക് പരിക്കുണ്ട്. കെട്ടിടങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്.
വെള്ളിയാഴ്ചയാണ് പ്രാദേശിക സമയം ഉച്ചക്ക് 12.50ന് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മ്യാന്മറിനെയും തായ്ലന്‍ഡിനെയും പിടിച്ചുകുലുക്കിയത്. പിന്നാലെ 6.4 തീവ്രതയുള്ള മറ്റൊരു ഭൂകമ്പവുമുണ്ടായി. മ്യാന്‍മറിലെ സാഗെയിങ് നഗരത്തിനു സമീപത്താണ് പ്രഭവകേന്ദ്രമെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നത്.
ലോകത്തെ ഏറ്റവും ഭൂകമ്പസാധ്യതയുള്ള മേഖലകളിലൊന്നിലാണ് മ്യാന്മര്‍ സ്ഥിതിചെയ്യുന്നത്. രാജ്യത്തെ ആറു മേഖലകളില്‍ സൈനിക ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത ഭൂമിയിലേക്ക് വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും സഹായങ്ങളുമായി എത്തിത്തുടങ്ങിയിട്ടുണ്ട്.

