

ദോഹ: ഗാസയ്ക്കെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ 41,118 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതില്‍ 16,500 പേരും കുട്ടികളാണ്. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവുമെന്ന് ഐക്യരാഷ്ട്രസഭയുടെ റൈറ്റ്‌സ് ഓഫീസ് അറിയിച്ചു.

കാണാതായ 10,000 ഫലസ്തീനികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയോ കുഴിച്ചിടപ്പെടുകയോ ചെയ്തിട്ടുണ്ടെന്നു കരുതുന്നതിനാല്‍ മരിച്ചവരുടെ സംഖ്യം ഇനിയും ഉയരാനാണ് സാധ്യതയെന്ന് ഗാസയുടെ ആരോഗ്യ മന്ത്രാലയം പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യങ്ങളുടെ ഏകോപന ഓഫീസ്, ലോകാരോഗ്യ സംഘടന, ഫലസ്തീന്‍ ഗവണ്‍മെന്റ് എന്നിവയില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച്, സെപ്റ്റംബര്‍ 8 വരെയുള്ള ഇസ്രായേലി ആക്രമണങ്ങള്‍ ഉണ്ടാക്കിയ നഷ്ടങ്ങള്‍ ഇവയാണ്:
- ഗാസ/fnz പകുതിയിലധികം വീടുകളും കേടുപാടുകള്‍ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു
- വാണിജ്യ സൗകര്യങ്ങളുടെ 80 ശതമാനവും തകര്‍ന്നു
- 85 ശതമാനം സ്‌കൂള്‍ കെട്ടിടങ്ങള്‍ തകര്‍ന്നു
- 65 ശതമാനം റോഡ് നെറ്റ്വര്‍ക്കുകള്‍ തരിപ്പണമായി
- വിളനിലത്തിന്റെ 65 നശിപ്പിച്ചു
- ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ 36 തകര്‍ത്തു. ആശുപത്രികളില്‍ 17 എണ്ണം ഭാഗികമായി പ്രവര്‍ത്തിക്കുന്നു
ഗാസയ്ക്കു നേരെ 11 മാസമായി തുടരുന്ന ആക്രമണത്തില്‍ ഇതിനകം നിരവധി തവണ ബോംബാക്രമണം നടത്തിയ നുസെറാത്തിലെ അല്‍-ജവാനി സ്‌കൂളില്‍ ഇസ്രായേല്‍ വീണ്ടും ബോംബെറിഞ്ഞു. ഇതില്‍ രണ്ട് യു എന്‍ ജീവനക്കാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നത് ഉപരോധിച്ച എന്‍ക്ലേവിലെ 85 ശതമാനം സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ്. മധ്യ ഗാസയില്‍ കുടിയിറക്കപ്പെട്ട ഫലസ്തീനികളെ പാര്‍പ്പിക്കാന്‍ യു എന്‍ നടത്തുന്ന സൗകര്യത്തിന്റെ ഒരു ഭാഗം നിരപ്പാക്കി.

