നരേന്ദ്ര മോഡിക്ക് പുല്‍വാമയിലെ ജവാന്മാരെ ഒറ്റുകൊടുത്തതില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല: മണിശങ്കര്‍ അയ്യര്‍

Web Desk
2 Min Read

കൊച്ചി: കള്ളങ്ങളുടെ മറവിലിരുന്ന് മന്‍ കി ബാത്ത് നടത്തുന്ന നരേന്ദ്ര മോഡിക്ക് പുല്‍വാമയിലെ ജവാന്മാരെ ഒറ്റുകൊടുത്തതില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് നയതന്ത്ര വിദഗ്ധനും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. സബര്‍മതി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ പ്രഥമ സമ്മേളനത്തിന്റെ 120-ാം വാര്‍ഷികവും സേലം സി വിജയരാഘവാചാരി അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

സേലം വിജയരാഘവാചാരി കോണ്‍ഗ്രസിനെ ജനങ്ങളുടെ പാര്‍ട്ടിയാക്കി മാറ്റിയപ്പോള്‍ കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രമായി ഒതുങ്ങാതെ സാമൂഹ്യ നവോഥാനത്തിനുള്ള മാധ്യമവുമായി. സാമൂഹ്യ അനാചാരങ്ങള്‍ക്കും അയിത്തത്തിനുമെതിരെ അതിശക്ത സാന്നിധ്യമായി കോണ്‍ഗ്രസ്. ബ്രിട്ടീഷുകാരുടെ കുത്സിത ബുദ്ധിയുടെ ഭാഗമായ വര്‍ഗ്ഗീയ വിഭജനങ്ങള്‍ക്കെതിരെയും മതത്തിന്റെയും ഭാഷയുടെയും സംസ്‌കാരത്തിന്റെയും വിശ്വാസം, നിറം, സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസ നിലവാരം എന്നിവയുടെയും എല്ലാവിധ ഭിന്നിപ്പിക്കലുകളെയും ദേശീയത വികാരം കൊണ്ട് നേരിടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

പെണ്‍കുട്ടികള്‍ക്ക് പിതൃസ്വത്തില്‍ അവകാശം ആവശ്യപ്പെട്ടതടക്കമുള്ള 19-ാം നൂറ്റാണ്ടില്‍ വിദൂര ഭാവനയായിരുന്ന കാര്യങ്ങള്‍ വിജയരാഘവാചാരിയുടെ നാവില്‍ നിന്ന് കേട്ടപ്പോള്‍ അത് ഭാരതത്തിന് ഒരു സിംഹഗര്‍ജ്ജനം തന്നെയായിരുന്നു. കോണ്‍ഗ്രസ് ഭരണഘടന തയ്യാറാക്കിയതില്‍ മുഖ്യപങ്കു വഹിച്ച അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ്
‘സ്വരാജ്’ എന്ന ആവശ്യം ബ്രിട്ടീഷുകാരോട് ഉന്നയിച്ചത്. അദ്ദേഹം എന്നും ഉയര്‍ത്തിപ്പിടിച്ച ലിബറല്‍ മൂല്യങ്ങളും നാനാത്വത്തില്‍ ഏകത്വമെന്ന ഐക്യ സ്വഭാവവും ദേശീയ പ്രസ്ഥാനത്തിന് തന്നെ ദിശാബോധം നല്‍കി. സംസ്‌കാരങ്ങളിലും വിശ്വാസങ്ങളിലും നിര്‍ബന്ധിത ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ വഴി ഭാഷയിലുമൊക്കെ കടന്നുകയറുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സേലം വിജയരാഘവാചാരിയുടെ നിലപാടുകള്‍ ഇന്നും പ്രസക്തമാണ്.

- Advertisement -
Ad image

ഇന്ന് മോഡി സര്‍ക്കാര്‍ ചരിത്രത്തെ തമസ്‌കരിക്കുന്നു, വസ്തുതകളെ വളച്ചൊടിക്കുന്നു, വ്യക്തികളുടെ സ്വാഭാവിക നീതിയും പൗരാവകാശങ്ങളും നിഷേധിക്കുന്നു. ജവഹര്‍ലാല്‍ നെഹ്റു ചാണക്യയില്‍ സ്വയം വിമര്‍ശകമായി എഴുതിയതുപോലെ മോഡിക്ക് പറ്റില്ല. കാരണം മോഡി സ്വന്തം വ്യക്തിത്വത്തെ തന്നെ ഭയപ്പെടുന്നു. ഗാന്ധി സത്യത്തെ കുറിച്ച് പറയുമ്പോള്‍ മോഡി കള്ളം മാത്രം പറയുന്നു. ഇന്ന് മോഡിയുടെ വിദ്യാഭ്യാസ രേഖവരെ രാജ്യ സുരക്ഷ രഹസ്യമായി.

രാജ്യത്തെ കാര്‍ഷിക മേഖല മുതല്‍ തുറമുഖങ്ങള്‍ വരെ കോര്‍പ്പറേറ്റുകള്‍ക്ക് കൊടുത്തപ്പോള്‍ കറന്‍സി മുതല്‍ ഷെയര്‍ മാര്‍ക്കറ്റില്‍ വരെ അദാനി പിടിമുറുക്കി. കള്ളന്മാരായ മോഡിമാരെകൊണ്ട് രാജ്യത്തിന്റെ ജനാധിപത്യം വെല്ലുവിളി നേരിടുന്നു.

എതിര്‍ ശബ്ദം ഉയര്‍ത്തുന്ന പ്രതിപക്ഷത്തെ അയോഗ്യമാക്കാന്‍ നോക്കുമ്പോള്‍ പത്ര മാധ്യമങ്ങള്‍ മുതല്‍ ഭരണഘടനാ സ്ഥാപനങ്ങളെ വരെ കള്ളത്തിന്റ മറയില്‍ നിര്‍ത്തുന്നു. നെഹ്റു മുതല്‍ മന്‍മോഹന്‍ സിംഗ് വരെയുള്ള പ്രധാനമന്ത്രിമാര്‍ പത്രക്കാരെ ഭയപ്പെട്ടിരുന്നില്ല, പാര്‍ലമെന്റിലെ ചോദ്യങ്ങളെ ഭയപ്പെട്ടിരുന്നില്ല. മോഡിയാകട്ടെ മറവില്‍ ഇരുന്നു മന്‍ കി ബാത്ത് നടത്തുന്നതിന് കാരണം ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഭയം വേട്ടയാടുന്നതാണെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. കെ ബാബു എം എല്‍ എ, യു ഡി എഫ് ചെയര്‍മാന്‍ ഡൊനിക് പ്രസന്റേഷന്‍, കെ പി ധനപാലന്‍, ഐ കെ രാജു, ജെയ്‌സണ്‍ ജോസഫ്, മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം സി ദിലീപ്കുമാര്‍, ഡോ. ടി എസ് ജോയി, എം എ ചന്ദ്രശേഖരന്‍, കെ എം സലിം, സോണ ജയരാജ്, ഷൈജു കേളന്തറ, അഡ്വ. കെ ബി സാബു, ഡോ. ജാക്ക്‌സണ്‍ തോട്ടുങ്കല്‍, ഡോ. ജിന്റോ ജോണ്‍, ജോസഫ്, അഡ്വ. പി എന്‍ സജീവന്‍, സി പി ജോയി തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!