

സ്വന്തമായി യാത്ര ചെയ്താണ് സന്തോഷ് ജോര്‍ജ് കുളങ്ങര യാത്രകളുടെ ലോകത്തെ മലയാളികളെ കുറിച്ച് അന്വഷിക്കുമ്പോള്‍ ഒന്നാം സ്ഥാനത്തെത്തിയതെങ്കില് സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുള്പ്പെടെ ലക്ഷങ്ങള്‍ക്ക് സുഖകരമായി വിചാരിച്ച സ്ഥലത്ത് വിചാരിച്ചപോലെ എത്തുവാന്‍ പറ്റിയത് നരേന്ദ്രന് എന്ന ഈ കുറിയ മനുഷ്യന് ഉള്ളതു കൊണ്ടാണെന്ന് (അല്പം അതിശയോക്തിപരമായി ചിലര്‍ക്ക് തോന്നുമെങ്കിലും) പറയാവുന്നത് തന്നെയാണ്.

ടൂറിസം സംഘാടന മേഖയില്‍ ഒരുപക്ഷേ ഇത്രത്തോളം അര്‍പ്പണ ബോധത്തോടെ കേരളത്തില്‍ പ്രവര്‍ത്തിച്ചവര്‍ ചുരുക്കം ചിലരെ ഉണ്ടായിരുന്നുള്ളൂ. മലബാറില്‍ നരേന്ദ്രേട്ടന് തന്നെയാണ് ഒന്നാം സ്ഥാനത്ത്.


കശ്മീര്‍, കൊല്‍ക്കത്ത, ഹൈദരാബാദ്, ഡല്‍ഹി പല യാത്രകളിലും വെളിച്ചെണ്ണയും തേങ്ങയും തനി നാടന്‍ പപ്പടവും നാട്ടു പ്രദേശത്തു നിന്നുള്ള കുശിനിക്കാരനെ വരെ അറേഞ്ച് ചെയ്ത് യാത്രയുടെ പൊലിമ പരമാവധി കൂട്ടുവാന്‍ ഇദ്ദേഹം കാട്ടുന്ന താല്പര്യത്തിന് പകരം വെക്കാനില്ല. പല യാത്രകളിലുമായിരിക്കും യാദൃശ്ചികമായി ആര്‍ക്കെങ്കിലും അസുഖം, അടുത്തുള്ളവരുടെ മരണം ഇവയൊക്കെ കടന്നുവരിക. ആ സമയങ്ങളിലെല്ലാം അവരെ നാട്ടിലെത്തിക്കുവാനും വേണ്ട സൗകര്യങ്ങളൊരുക്കുന്നതിലും ഇദ്ദേഹം കീശയിലെ നോട്ടിന്റെ കനം കുറയുന്നത് നോക്കിയല്ല പല കാര്യങ്ങളും ചെയ്തിരുന്നത്. മറിച്ച് ആളുകള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് കോട്ടം തട്ടരുതെന്നതായിരുന്നു ഇദ്ദേഹത്തിന് പ്രധാനം.

സാധാരണ പല പ്രമുഖരും അച്ചടിക്കുന്ന കോപ്പികളുടെ എണ്ണം കൊണ്ട് മുന്നില്‍ നില്ക്കുന്ന പത്രങ്ങളോടും മാധ്യമങ്ങളോടും അതിലെ മാധ്യമ പ്രവര്‍ത്തകരോടും ഒരല്പം മമത കൂടുതല്‍ കാട്ടാറുണ്ട്. സ്വാഭാവികവുമാണത്. എന്നാല്‍ നരേന്ദ്രേട്ടേന് ഇതില്‍ നിന്നും ഏറെ വ്യത്യസ്തനായിരുന്നു. അദ്ദേഹത്തിന് ഇത്തരം വലുപ്പച്ചെറുപ്പങ്ങളൊന്നുമില്ലായിരുന്നു. ഇതുകൊണ്ട് തന്നെയായിരിക്കാം എന്നെ പോലുള്ള പലരും അദ്ദേഹത്തിന്റെ ഇഷ്ടമുള്ളവരായി മാറിയത്.

വിവേകാനന്ദ ട്രാവല്‍സ് എന്ന ബോര്‍ഡ് കാണുമ്പോള്‍ ആദ്യം നമുക്കോര്‍മ വരിക. ശബരിമലയിലേക്ക് മണ്ഡലകാലത്ത് ഇവ റോഡ് നിറഞ്ഞു നില്ക്കുന്നതാ
യിരിക്കും.
ഒരു പൂര്‍ണ ഭക്തനായിരുന്നു നരേന്ദ്രേട്ടന്. കശ്മീരിലെ ഐസ് തോറ്റുപോകുന്ന മൈനസ് തണുപ്പില്‍ രാവിലെ എണീറ്റ് സ്നാനം ചെയ്ത് പ്രാര്‍ഥനയോടെ ഒരു ദിനത്തിന് തുടക്കം കുറിക്കുന്ന നരേന്ദ്രേട്ടെനെ സംബന്ധിച്ചിടത്തോളം വിശ്വാസം അതല്ലെ എല്ലാം എന്നത് വെറുമൊരു പരസ്യ വാചകം മാത്രമല്ല. സ്വന്തം വിശ്വാസത്തില്‍ മൗലിക വാദിയായിരിക്കെ തന്നെ മറ്റുള്ളവരുടെ വിശ്വാസത്തെയും അതേ പോലെ ബഹുമാനിച്ചിരുന്ന ഒരു വ്യക്തി കൂടിയായിരുന്നു.

കോഴിക്കോട് ബീച്ചില്‍ പെരുന്നാള്‍ ദിനത്തില്‍ ഈദ് ഗാഹിലേക്ക് പ്രാദേശികമായി സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകളെ നമസ്ക്കരത്തിനായി കൊണ്ടുപോകാറുണ്ടായിരുന്നു. പണം കൊടുത്തുള്ള ഒരു സര്‍വീസായിരുന്നു. ഇതിന് ചുക്കാന്‍ പിടിച്ച സീനിയര്‍ ജേര്‍ണലിസ്റ്റ് സി പി എം സഈദ് ഉദ്ദേശിച്ചതെങ്കിലും സംഗതി അറിഞ്ഞതോടെ ഇത് എന്റെ വക ഫ്രീ യെന്നായിരുന്നു നരേന്ദ്രേട്ടന്റെ മറുപടി. പിന്നീട് അടുത്തെ കൊല്ലവും ആ നല്ല കാര്യം അങ്ങനെത്തന്നെ നടക്കെട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എപ്പോഴും ഉള്ളില്‍ നിന്നും വരുന്ന ആ മുഖം നിറഞ്ഞ പുഞ്ചിരി വിസ്മൃതിയിലാകുമ്പോഴും ഓര്‍മയില്‍ ബാക്കിയാക്കുന്ന ഏറ്റവും വലിയ മഹത്തായ കാര്യങ്ങളിലൊന്ന് ഇതത്രെ.


