സി എം എഫ് ആര്‍ ഐയുടെ കൂട് മത്സ്യകൃഷി പദ്ധതിക്ക് അംഗീകാരം

Web Desk
2 Min Read

കൊച്ചി: കൂട് മത്സ്യകൃഷി ജനകീയമാക്കാനുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി എം എഫ് ആര്‍ ഐ) പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി സംസ്ഥാന സര്‍ക്കാറിന്റെ ‘തൊഴില്‍ശ്രേഷ്ഠ’ പുരസ്‌കാരം.

city exchange

സി എം എഫ് ആര്‍ ഐയുടെ കീഴില്‍ കൂട് മത്സ്യകൃഷി ആരംഭിച്ച കണ്ണൂര്‍ ജില്ലയിലെ പി എം ദിനില്‍ പ്രസാദാണ് മത്സ്യമേഖലയില്‍ നിന്ന് ഈ പുരസ്‌കാരത്തിന് അര്‍ഹനായത്. വിവിധ തൊഴില്‍ മേഖലകളില്‍ മികവു പുലര്‍ത്തിയവര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ‘തൊഴില്‍ശ്രേഷ്ഠ’ പുരസ്‌കാരം നല്‍കുന്നത്.

കൂട് മത്സ്യകൃഷിയില്‍ ആകൃഷ്ടനായതോടെ കരസേനയിലെ ജോലി വിട്ട് 2018ലാണ് പിണറായി സ്വദേശി ദിനില്‍ സി എം എഫ് ആര്‍ ഐയുടെ പദ്ധതിയില്‍ അംഗമാകുന്നത്. ആഭ്യന്തര മത്സ്യോല്‍പാദനം കൂട്ടുകയെന്ന ലക്ഷ്യത്തോടെ കേരളത്തില്‍ 500 കൂടുമത്സ്യകൃഷി യൂണിറ്റുകള്‍ക്ക് സി എം എഫ് ആര്‍ ഐ തുടക്കമിട്ടപ്പോള്‍ ആദ്യ മത്സ്യക്കൂട് ലഭിച്ചത് ദിനില്‍ പ്രസാദിനായിരുന്നു. നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ (എന്‍ എഫ് ഡി ബി) സാമ്പത്തിക സഹായത്തോടെ സബ്‌സിഡി നല്‍കിയാണ് പദ്ധതി തുടങ്ങിയത്.

- Advertisement -
Ad image

സി എം എഫ് ആര്‍ ഐയുടെ സാങ്കേതിക പരിശീലനവും മേല്‍നോട്ടവും ലഭിച്ചതോടെ മൂന്നര വര്‍ഷത്തിനുള്ളില്‍ തന്നെ കൂട് മത്സ്യകൃഷിയില്‍ വന്‍നേട്ടം സ്വന്തമാക്കാനായതാണ് ദിനിലിനെ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഏഴ് കൂടുകളിലായി കരിമീന്‍ കൃഷിയും കരിമീന്‍ വിത്തുല്‍പാദനവും ചെയ്യുന്നതോടൊപ്പം കൂടുമത്സ്യകൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാങ്കേതിക സഹായവും ദിനില്‍ നല്‍കി വരുന്നുണ്ട്.

നാല് മീറ്റര്‍ വീതം നീളവും വീതിയും ആഴവുമുള്ള ഏഴ് കൂടുകളിലായി ഏഴായിരം കരിമീന്‍ കുഞ്ഞുങ്ങളെയാണ് കൃഷി ചെയ്യുന്നത്. ഓരോ കൂടില്‍ നിന്നും ശരാശരി 150 കിലോ കരിമീനാണ് ഒരു വര്‍ഷം വിളവെടുക്കുന്നത്. ദിനിലിന്റെ സഹായത്തോടെ 75ഓളം കൂടുമത്സ്യകൃഷി യൂണിറ്റുകള്‍ മലബാറിലെ വിവിധ സ്ഥലങ്ങളില്‍ നടന്നുവരുന്നുണ്ട്.

ഡോ. ഇമല്‍ഡ ജോസഫിന്റെ നേതൃത്വത്തിലുള്ള സി എം എഫ് ആര്‍ ഐയിലെ മാരികള്‍ച്ചര്‍ വിഭാഗത്തിന്റെ പിന്തുണയോടെയാണ് 28 വയസ്സുള്ള ദിനില്‍ പ്രസാദ് കൂടുമത്സ്യകൃഷി രംഗത്ത് സംരംഭകനായത്. കോവിഡ് നിയന്ത്രണങ്ങളൊന്നും മത്സ്യകൃഷിയെ ബാധിക്കാതെ നോക്കാന്‍ ദിനിലിനായി. സാമൂഹിക മാധ്യമങ്ങളുപയോഗിച്ചാണ് വിളവെടുത്ത മത്സ്യങ്ങള്‍ വിറ്റഴിച്ചത്. സേനയിലെ ജോലി വിട്ട് മത്സ്യകൃഷിയിലേക്ക് തിരിഞ്ഞത് ആദ്യഘട്ടത്തില്‍ പലര്‍ക്കും ഉള്‍ക്കൊള്ളാനാകുമായിരുന്നില്ലെന്ന് ദിനില്‍ പറഞ്ഞു. എന്നാല്‍ സംരംഭകനായി മികവ് തെളിയിച്ചതോടെ കൂടുമത്സ്യകൃഷിയില്‍ ആകൃഷ്ടരായി പലരും സമീപിക്കുന്നുണ്ട്. സര്‍ക്കാറുകളില്‍ നിന്ന മതിയായ സഹകരണം ലഭിക്കുകയാണെങ്കില്‍ മത്സ്യകൃഷിയില്‍ കേരളത്തിന് വന്‍നേട്ടമുണ്ടാക്കാന്‍ കഴിയും. നദികളും കായലുകളുമുള്‍പ്പെടെ ജലാശയ സമ്പുഷ്ടമായ സംസ്ഥാനത്ത് കൂടുമത്സ്യകൃഷിക്ക് മികച്ച സാധ്യതകളുണ്ട്. ഓരോ ഘട്ടത്തിലും സി എം എഫ് ആര്‍ ഐയുടെ സഹായം വലിയ തോതില്‍ പ്രയോജനകരമായെന്നും ദിനില്‍ പ്രസാദ് പറഞ്ഞു.

സി എം എഫ് ആര്‍ ഐ തദ്ദേശീയമായി വികസിപ്പിച്ച കൂട് മത്സ്യകൃഷി സാങ്കേതികവിദ്യ ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന വിധത്തില്‍ ജനകീയമാകുന്നതില്‍ സന്തോഷമുണ്ടെന്ന് ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആഭ്യന്തര മത്സ്യോല്‍പാദനം കൂട്ടാന്‍ കൂട്മത്സ്യകൃഷി സഹായിച്ചിട്ടുണ്ട്. യുവജനങ്ങളുള്‍പ്പെടെ ധാരാളം പേര്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നത് പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!