ദഗ്മാവി തെവോദ്രോസ്; ദി വണ്ടര്‍ ബോയ് ഫ്രം എത്യോപ്യ

Web Desk
3 Min Read

എത്യോപ്യയില്‍ നിന്നൊരു അത്ഭുത ബാലന്‍

കണ്ടയ്നര്‍ കൊണ്ടുണ്ടാക്കിയ ലോകത്തിലെ ആദ്യത്തെ സ്റ്റേഡിയത്തെ- ഫിഫ ലോകകപ്പ് ഖത്തര്‍ 2022ലെ റാസ് അബു അബൗദിലെ സ്റ്റേഡിയം 974 പകര്‍ത്താനായിരുന്നു ഞങ്ങളെത്തിയത്. ഫിഫയുടെ ചരിത്രത്തിലെ ആദ്യത്തെ താത്ക്കാലിക സ്റ്റേഡിയമാണല്ലോ 974. ഒരുപക്ഷേ ലോകകപ്പ് ഫൈനല്‍ കഴിയുന്നതിന് മുമ്പ് പൊളിച്ചു തുടങ്ങി സ്റ്റേഡിയത്തിന്റെ എല്ലാ സൗകര്യങ്ങളും ഒരു ദരിദ്രരാജ്യത്തിന് സംഭാവന ചെയ്യാനൊരുങ്ങുന്ന 974 സ്റ്റേഡിയത്തെ നേരില്‍ കണ്ട് പകര്‍ത്തിയെടുക്കുകയായിരുന്നു ലക്ഷ്യം. 974 കണ്ടയ്നറുകള്‍ ഉപയോഗപ്പെടുത്തി നിര്‍മിച്ചു എന്നത് മാത്രമല്ല ഖത്തറിന്റെ ഇന്റര്‍നാഷണല്‍ കോഡ് കൂടിയാണ് 974.

city exchange

974 അത്ഭുതം കാണാനെത്തിയ ഞങ്ങള്‍ക്ക് മുമ്പില്‍ മറ്റ് രണ്ട് അത്ഭുതങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. ഒന്നാമത്തേത് ഖത്തറിന്റെ ഔദ്യോഗിക ഭാഷയായ അറബിയിലും ലോകഭാഷയായ ഇംഗ്ലീഷിലും മാത്രമല്ല നമ്മുടെ കൊച്ചു കേരളത്തിന്റെ ഭാഷയായ മലയാളത്തിലും കൂടി രേഖപ്പെടുത്തിവെച്ച ഈ വാക്കുകള്‍ അത്ഭുതവും കൗതുകവും അഭിമാനവുമുണ്ടാക്കി. ഞാനും നിങ്ങളുടെ ആകാശത്തിന് കീഴെ തന്നെയാണ് ജീവിക്കുന്നത് എന്നതായിരുന്നു ആ വാചകം.

രണ്ടാമത്തെ അത്ഭുതം ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ നിന്നായിരുന്നു. എത്യോപ്യയില്‍ നിന്നൊരു അത്ഭുത ബാലന്‍- പേര് ദഗ്മാവി തെവോദ്രോസ്. എത്യോപ്യയില്‍ ഗിബ്സണ്‍ സ്‌കൂള്‍ സിസ്റ്റംസില്‍ എട്ടാം ഗ്രേഡ് വിദ്യാര്‍ഥി. ഫിഫയുടെ ക്ഷണപ്രകാരമാണ് പിതാവ് തെവോദ്രോസിനൊടൊപ്പം ദഗ്മാവി ലോകകപ്പ് കാണാന്‍ ഖത്തറിലെത്തിയത്. ലോകകപ്പിലെ 64 കളികളിലേതും കാണാന്‍ ദഗ്മാവിക്കാകും.

- Advertisement -
Ad image

974 സ്റ്റേഡിയത്തിന് മുമ്പില്‍ 974 തവണ കീപി അപ്പി നടത്തുകയായണ് ദഗ്മാവി തെവോദ്രോസ്. കാല്‍പാദങ്ങള്‍, നെഞ്ച്, തോള്‍, തല എന്നിവ ഉപയോഗിച്ച് ഫുട്ബാള്‍ തറയിലേക്ക് വീഴാതെ മികച്ച രീതിയില്‍ മാറിമാറി ഒരാള്‍തന്നെ തട്ടുന്നതിന്റെ പേരാണ് കീപി അപ്പി. കീപ് അപ്സ്, കിക്ക് അപ്സ് എന്നൊക്കെയും ഇതിനെ വിളിക്കാറുണ്ട്. മലയാളത്തില്‍ ഈ രീതിക്ക് എന്തെങ്കിലും പേരു പറയുമോ ആവോ. ഒരു മായാജാലക്കാരന്റെ ‘കാല്‍വിരുതുകളോടെ’ ദഗ്മാവി ഫുട്ബാളിനെ അങ്ങോട്ടുമിങ്ങോട്ടും തട്ടി 974 പൂര്‍ത്തിയാക്കുകയാണ്. മൂവായിരത്തിലേറെ തവണ ഇങ്ങനെ ചെയ്തിട്ടുള്ള ദഗ്മാവിക്ക് ഇതൊക്കെ എന്തെന്ന ഭാവം.

ഫുട്ബാള്‍ കളിക്കാനുള്‍പ്പെടെ വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത എത്യോപ്യയ്ക്ക് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ദഗ്മാവിയുടെ കീപി അപി ലക്ഷ്യം. അര്‍ബുദം, ഹൃദ്രോഗം തുടങ്ങിയവ ബാധിച്ച എത്യോപ്യന്‍ കുട്ടികളെ ഉള്‍പ്പെടെ സഹായിക്കാനാണ് പദ്ധതി. പത്തു മിനുട്ടിനകം ദഗ്മാവി തന്റെ പന്തുതട്ടല്‍ 974 പൂര്‍ത്തിയാക്കി.

ദഗ്മാവിയെ പ്രോത്സാഹിപ്പിക്കാന്‍ ഏതാനും എത്യോപ്യക്കാരും ഈ പരിപാടി ചിത്രീകരിക്കാന്‍ ഞങ്ങളും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ഉള്‍പ്പെടെ ഏതാനും ക്യാമറകളും മാത്രമാണ് ഉണ്ടായിരുന്നത്. അതായത് ദഗ്മാവിയുടെ ദൃശ്യങ്ങള്‍ ലോകമാധ്യമങ്ങളില്‍ റോയിട്ടേഴ്സ് വഴിയെത്തുമ്പോള്‍ ഞങ്ങളുടെ പ്രിയപ്പെട്ട കാഴ്ചക്കാരേ, നിങ്ങളിലേക്ക് ആഗോളവാര്‍ത്ത നേരിട്ടെത്തിക്കുന്നു.

യൂറോപ്പിലെ കുട്ടികള്‍ക്ക് പരിശീലനത്തിന് ലഭിക്കുന്ന സൗകര്യങ്ങള്‍ പോലും എത്യോപ്യയിലെ ഏറ്റവും മികച്ച സ്റ്റേഡിയത്തിനില്ലെന്നാണ് ദഗ്മാവി പറയുന്നത്. വലിയ ടൂര്‍ണമെന്റുകള്‍ പോലും മണലിലാണ് കളിക്കുന്നത്.

വലുതാകുമ്പോള്‍ ലിവര്‍പൂളിന് വേണ്ടി ജേഴ്സിയണിയണമെന്നതാണ് ദഗ്മാവിയുടെ ഏറ്റവും വലിയ ആഗ്രഹം. സങ്കടങ്ങളും സംഘര്‍ഷങ്ങളുമെല്ലാം തങ്ങള്‍ മറക്കുന്നത് ഫുട്ബാള്‍ കളിയിലൂടെയാണെന്നും ദഗ്മാവി പറയുന്നു.

ദഗ്മാവി ത്രേദ്രോസ് ബച്ചെയുടെ പിതാവ് തെദ്രോസ് എത്യോപ്യയിലെ റേഡിയോയിലും ടെലിവിഷന്‍ ചാനലിലും ജേര്‍ണലിസ്റ്റാണ്. മാതാവ് ഡിസൈനറും.

തന്റെ പിതാവ് തനിക്കുവേണ്ടി വലിയ ത്യാഗങ്ങളാണ് സഹിക്കുന്നതെന്ന് ദഗ്മാവി പറയുന്നു. ഇതുപോലൊരു ഡാഡിനെ കിട്ടിയതാണ് തന്റെ ഭാഗ്യമെന്നും അവനറിയാം. ഇതുകേട്ട് കണ്ണില്‍ വെള്ളം നിറച്ച തെദ്രോസിനോടു താങ്കളെന്തു പറയുന്നു എന്നു ചോദിച്ചപ്പോള്‍ ഒന്നും പറയാനാവാതെ ഒരു നിമിഷം നിശ്ശബ്ദനായി. പിന്നെ മകന്റെ കവിളില്‍ ചുംബിച്ച് താങ്ക്യു എന്നു മാത്രം പറഞ്ഞു.

ഖത്തറിലെ സ്റ്റേഡിയങ്ങളില്‍ കളിക്കിടയില്‍ എത്യോപ്യ സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ട് ബാനറുയര്‍ത്തിയും തന്റെ വിദ്യാലയമായ ഗിബ്സണ്‍ സ്‌കൂള്‍ സിസ്റ്റംസിന്റെ പേര് തന്റെ പേരിനോടൊപ്പം എഴുതിച്ചേര്‍ത്തും ദഗ്മാവി തന്റെ ദൗത്യം നിര്‍വഹിക്കുന്നുണ്ട്. അവന്റെ സ്‌കൂളാകട്ടെ തങ്ങളുടേയും രാജ്യത്തിന്റേയും പേര് ഖത്തറിലുയര്‍ത്തിയതിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ഖത്തര്‍ ലോകകപ്പിന് ഇത്രയും സൗകര്യങ്ങളൊരുക്കിയതിന് ഭരണാധികാരികളോട് നന്ദി രേഖപ്പെടുത്തുന്നുവെന്ന് ദഗ്മാവി വിശദമാക്കി. തങ്ങളെ പോലുള്ള രാജ്യങ്ങളിലേക്ക് കളി ഉള്‍പ്പെടെയുള്ള സഹായങ്ങളെത്തിക്കാന്‍ ഖത്തര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കും അവന്‍ നന്ദി അറിയിച്ചു. ഖത്തര്‍ മികച്ച രാജ്യമാണെന്ന് അവന് അറിയാമായിരുന്നു.

ലോകകപ്പ് കഴിയുന്നതോടെ റാസ് അബു അബൗദിലെ 974 സ്റ്റേഡിയം ഇല്ലാതാകും. അവിടെ വലിയൊരു പാര്‍ക്ക് നിലവില്‍ വരും. ദഗ്മാവി എത്യോപ്യയിലേക്ക് മടങ്ങും. കാലം കാത്തുവെക്കുന്ന ചില അത്ഭുതങ്ങള്‍ക്ക് ലോകം പിന്നേയും കാതോര്‍ക്കുക തന്നെ ചെയ്യും.

Share This Article
Leave a Comment
error: Content is protected !!