ഈ കണക്ക് ഞെട്ടിക്കും; പുകയില ഉപയോഗിക്കാത്ത ഓറല്‍ ക്യാന്‍സര്‍ രോഗികളില്‍ വര്‍ധനവ്

Web Desk
4 Min Read

വിപിഎസ് ലേക്ഷോറിലെ പഠനത്തില്‍ നിര്‍ണായക കണ്ടെത്തല്‍

കൊച്ചി: പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തികളിലെ ഓറല്‍ ക്യാന്‍സര്‍ കേസുകളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഗണ്യമായ വര്‍ധനവ് കണ്ടെത്തി വിപിഎസ് ലേക്ഷോറിലെ പഠനം. വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലെ ഹെഡ് ആന്‍ഡ് നെക്ക് വിഭാഗത്തിന്റെ ഗവേഷണത്തിലാണ് പുതിയ നിര്‍ണായക കണ്ടെത്തല്‍.

city exchange

പുകയിലയോ മദ്യ ഉപയോഗമോ ക്യാന്‍സര്‍ രോഗികളില്‍ സാധാരണയായി കാണാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ ശീലങ്ങള്‍ ഇല്ലാത്തവരിലും ഓറല്‍ ക്യാന്‍സര്‍ രോഗം കണ്ടെത്തുന്നത് വര്‍ധിച്ചു.

- Advertisement -
Ad image

ഈയടുത്ത വര്‍ഷങ്ങളില്‍ കണ്ടെത്തിയ ഓറല്‍ ക്യാന്‍സര്‍ കേസുകളില്‍ 57 ശതമാനം പേരും മുന്‍പ് പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തികളാണ്. പുതിയ ഡാറ്റ പ്രകാരം 61 ശതമാനം കേസുകള്‍ നാവിലെ ക്യാന്‍സറുകളും 19 ശതമാനം കേസുകള്‍ ബക്കല്‍ മ്യൂക്കോസയിലാണെന്നും പഠനം കാണിച്ചു. കൂടാതെ 3 ശതമാനം കേസുകള്‍ വായയുടെ അടിഭാഗത്തും 3 ശതമാനം താഴത്തെ ആല്‍വിയോളസിലും ഒരു ശതമാനം മുകളിലെ ആല്‍വിയോളസിലുമാണ്.

2014 ജൂലൈ മുതല്‍ 2024 ജൂലൈ വരെയുള്ള പത്ത് വര്‍ഷത്തിനിടെ 515 രോഗികളില്‍ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് ആശുപത്രി ഈ കണ്ടെത്തല്‍ നടത്തിയത്.

രോഗബാധിതരില്‍ 75.5 ശതമാനം പുരുഷന്മാരും 24.5 ശതമാനം സ്ത്രീകളുമാണ്. 58.9 ശതമാനം രോഗികളില്‍ മറ്റു രോഗങ്ങളുണ്ടെന്നും അവരില്‍ 30 ശതമാനം പേര്‍ക്ക് ഒന്നിലധികം രോഗാവസ്ഥകള്‍ ഉണ്ടെന്നും കണ്ടെത്തി. 41.4 ശതമാനം രോഗികളില്‍ വേറെ രോഗങ്ങള്‍ ഇല്ല എന്നും കണ്ടെത്തി.

282 (54.7 ശതമാനം) രോഗികളില്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗനിര്‍ണയം നടത്തിയതായും 233 (45.3 ശതമാനം) പേര്‍ക്ക് ക്യാന്‍സര്‍ നിര്‍ണയം രോഗത്തിന്റെ അവസാന ഘട്ടങ്ങളില്‍ നടത്തിയെന്നും പഠനം എടുത്തുകാണിച്ചു.

അഡിക്ഷന്‍ ഉള്ള ഓറല്‍ ക്യാന്‍സര്‍ രോഗികളില്‍ 64.03 ശതമാനം പേര്‍ മുന്‍പ് പുകയില ഉപയോഗിക്കുന്ന, പ്രത്യേകിച്ച് ചവയ്ക്കുന്ന ശീലമുള്ളവരായിരുന്നു. കൂടാതെ, 51.2 ശതമാനം പേര്‍ പുകവലി ശീലമുള്ളതായും 42.3 ശതമാനം പേര്‍ മദ്യം ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. ഈ രോഗികളില്‍ 45.3 ശതമാനം പേര്‍ക്ക് ഒന്നിലധികം ദുശ്ശീലങ്ങളുണ്ടായിരുന്നു.

ഇന്ത്യയുടെ പല ഭാഗങ്ങളിലും പുകയിലയുമായി ബന്ധപ്പെട്ട അര്‍ബുദങ്ങള്‍ പ്രാബല്യമാണെങ്കിലും കേരളത്തിലെ പുതിയ പ്രവണത ആശങ്കയുണ്ടാക്കുന്നതാണ്. പുകയില ഉപയോഗവുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്ന ബക്കല്‍ മ്യൂക്കോസ കാന്‍സര്‍ കൂടുതലായി കാണപ്പെടുന്ന മറ്റ് പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, സംസ്ഥാനത്തെ 64 ശതമാനം ഓറല്‍ ക്യാന്‍സര്‍ കേസുകളും നാവിലെ അര്‍ബുദമാണെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

‘മുന്‍പ് മിക്കവാറും എല്ലാ ഓറല്‍ ക്യാന്‍സര്‍ കേസുകളും പുകയില ഉപയോഗത്തില്‍ നിന്ന് വന്നിരുന്നതാണ്. ഇപ്പോള്‍ സ്ഥിതി വളരെയധികം മാറി. ഓറല്‍ ക്യാന്‍സര്‍ രോഗികളില്‍ രണ്ടില്‍ ഒരാള്‍ പുകയില ഉപയോഗിക്കാത്ത ആളാണെന്നത് ഞെട്ടിപ്പിക്കുന്നതാണ്,’ ഗവേഷണത്തിന് നേതൃത്വം നല്‍കിയ വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലെ ഹെഡ് ആന്‍ഡ് നെക്ക് സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ഷോണ്‍ ടി ജോസഫ് പറഞ്ഞു.

രോഗലക്ഷണമുള്ള വ്യക്തി പ്രാരംഭ ഘട്ടത്തില്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍ അര്‍ബുദ ചികിത്സ കൂടുതല്‍ ഫലപ്രദമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നിങ്ങളുടെ ശരീരത്തില്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകാം. രണ്ടാഴ്ചയ്ക്കുള്ളില്‍ വായിലെ അള്‍സര്‍ ഭേദമാകുന്നില്ലെങ്കില്‍ അല്ലെങ്കില്‍ പുരോഗമിക്കുകയാണെങ്കില്‍, അല്ലെങ്കില്‍ വായില്‍ ചുവപ്പ് അല്ലെങ്കില്‍ വെള്ള പാടുകള്‍ അല്ലെങ്കില്‍ തലയിലും കഴുത്തിലും അസാധാരണമായ മുഴകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, നിങ്ങള്‍ ഉടന്‍ തന്നെ നിങ്ങളുടെ ഡോക്ടറെ സന്ദര്‍ശിക്കണം,’ അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും, വര്‍ധിച്ചുവരുന്ന ഓറല്‍ ക്യാന്‍സര്‍ കേസുകളുടെ കൃത്യമായ കാരണങ്ങള്‍ ഇനിയും കണ്ടെത്തേണ്ടതുണ്ട്. കൃത്യമായ ഉറവിടം കണ്ടെത്താന്‍ വിപുലമായ ഗവേഷണം ആവശ്യമാണ്. ‘ഈ രോഗത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തുന്നതിനുള്ള ഗവേഷണം ഞങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഞങ്ങളുടെ സംരംഭത്തില്‍ പങ്കുചേരാന്‍ സര്‍ക്കാര്‍ ഏജന്‍സികളും മുന്നോട്ട് വന്നിട്ടുണ്ട്,’ വിപിഎസ് ലേക്ഷോര്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള പറഞ്ഞു.

സി ഇ ഒ ജയേഷ് വി നായര്‍, കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ അനില്‍കുമാര്‍ ടി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍

  • സമീപ വര്‍ഷങ്ങളില്‍ ഓറല്‍ ക്യാന്‍സര്‍ കേസുകളില്‍ 57 ശതമാനം പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തികളിലാണ് സംഭവിച്ചത്.
  • ജൂലൈ 2014 മുതല്‍ ജൂലൈ 2024 വരെ പത്ത് വര്‍ഷത്തിനിടെ 515 രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
  • 282 രോഗികള്‍ക്ക് (54.7 ശതമാനം) പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗനിര്‍ണയം നടത്തി, 233 രോഗികള്‍ക്ക് (45.3 ശതമാനം) അവസാന ഘട്ടങ്ങളിലാണ് രോഗം കണ്ടെത്തിയത്.
  • ഓറല്‍ ക്യാന്‍സര്‍ രോഗികളിലെ അഡിക്ഷന്‍
  • 64.03 ശതമാനം പേര്‍ പുകയില ചവച്ചിരുന്നു
  • 51.2 ശതമാനം പേര്‍ക്ക് പുകവലി ശീലമുണ്ടായിരുന്നു.
  • 42.3 ശതമാനം പേര്‍ മദ്യം ഉപയോഗിച്ചിരുന്നു.
  • 45.3 ശതമാനം പേര്‍ക്ക് ഒന്നിലധികം ശീലങ്ങളുണ്ടായിരുന്നു.
  • ശരീരഘടനപരമായ കണ്ടെത്തലുകള്‍
  • 61 ശതമാനം കേസുകളും നാവിന്റെ ക്യാന്‍സറായിരുന്നു.
    -19 ശതമാനം പേര്‍ക്ക് ബക്കല്‍ മ്യൂക്കോസയില്‍ കണ്ടെത്തി.
    -3 ശതമാനം പേര്‍ക്ക് വായുടെ അടിഭാഗത്തായിരുന്നു ക്യാന്‍സര്‍.
  • 3 ശതമാനം ക്യാന്‍സര്‍ കേസുകള്‍ താഴത്തെ ആല്‍വിയോളസിലും ബാക്കിയുള്ളത് മുകളിലെ ആല്‍വിയോളസിലും കണ്ടെത്തി.

ജെന്‍ഡര്‍ സ്റ്റാറ്റിസ്റ്റിക്‌സും ആരോഗ്യസ്ഥിതിയും
-രോഗം ബാധിച്ച വ്യക്തികളില്‍ 75.5 ശതമാനം പുരുഷന്മാരും 24.5 ശതമാനം സ്ത്രീകളുമാണ്.
-58.9 ശതമാനം പേര്‍ക്ക് മറ്റു രോഗങ്ങള്‍ ഉണ്ടായിരുന്നു, 30 ശതമാനം പേര്‍ക്ക് ഒന്നിലധികം രോഗാവസ്ഥകള്‍ ഉണ്ടായിരുന്നു.
-41.4 ശതമാനം പേര്‍ക്ക് മറ്റു രോഗങ്ങള്‍ ഉണ്ടായിരുന്നില്ല.

Share This Article
Leave a Comment
error: Content is protected !!