Connect with us

Community

വിദ്യാഭ്യാസ വിപ്ലവത്തിന് പടവുകളൊരുക്കുകയാണ് ഖുര്‍തുബ: ഡോ. സുബൈര്‍ ഹുദവി

Published

on


ദോഹ: മത- ഭൗതിക- പാരസ്ഥിതിക വിദ്യാഭ്യാസത്തിന്റെ വികസനം ലക്ഷ്യമിട്ടാണ് ബീഹാറിലെ സീമാഞ്ചല്‍ പ്രദേശത്ത് ഖുര്‍തുബ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതെന്ന് ഡോ. സുബൈര്‍ ഹുദവി പറഞ്ഞു. ഹ്രസ്വസന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ അദ്ദേഹം ആഗോളവാര്‍ത്തയുമായി സംസാരിക്കുകയായിരുന്നു.

പഴയകാല മുസ്‌ലിം സാംസ്‌ക്കാരിക കേന്ദ്രമായ സ്‌പെയിന്‍ എന്ന കൊര്‍ദോവയെ സൂചിപ്പിക്കുന്ന അറബിക്ക് നാമമാണ് ഖുര്‍തുബ.

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പല കാരണങ്ങളാല്‍ പിറകില്‍ നില്‍ക്കുന്ന സംസ്ഥാനമായ ബീഹാറിലാണ് ഖുര്‍തുബ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. ബീഹാറിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സീമാഞ്ചല്‍ ഏരിയയിലെ ഏറ്റവും പിന്നാക്കക്കാരായ മുസ്‌ലിം സമൂഹത്തെയാണ് കുര്‍ത്തുബയുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നത്.

കിഷന്‍ഗഞ്ച് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുര്‍ത്തുബ തീര്‍ച്ചയായും സമഗ്രമായ മുസ്‌ലിം വികസനമാണ് ഉദ്ദേശിക്കുന്നത്. അവരുടെ സമഗ്രമായ വികസനമാണ് കിസന്‍ഗഞ്ച് കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ബീഹാറില്‍ നിന്നുള്ള ഒരു സംഘം 2017ല്‍ ദാറൂല്‍ ഹുദയിലെ നേതൃത്വ ക്യാംപില്‍ പങ്കെടുക്കാനെത്തിയതാണ് ബീഹാര്‍ സംസ്ഥാനം കേന്ദ്രമായി വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന ആലോചനയുണ്ടായത്. ഇതേ തുടര്‍ന്ന് 2018ല്‍ ബീഹാറിലെത്തുകയും തുടര്‍ന്ന് ഒരു വര്‍ഷത്തോളം അവിടുത്തെ ജനങ്ങളേയും ജീവിത രീതികളേയും പഠിക്കുകയും വിദ്യാഭ്യാസ മേഖലയില്‍ അവരുടെ ആവശ്യങ്ങള്‍ കണ്ടറിയുകയും ചെയ്തു.

ഒരു വര്‍ഷക്കാലം ബീഹാറില്‍ നടപ്പാക്കേണ്ട പദ്ധതികളെ കുറിച്ച് പഠിക്കുമ്പോഴും സമാന്തരമായി ദാറുല്‍ ഹുദയുടെ മക്തബ് പ്രൊജക്ടും പൊതുവിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രയാണ്‍ ഫൗണ്ടേഷന്റെ പ്രവത്തനങ്ങളും നടപ്പാക്കുകയും ചെയ്തിരുന്നു.

വ്യക്തമായ കാഴ്ചപ്പാടും നേതൃപരമായ കഴിവുകളും വാര്‍ത്തെടുക്കാനും വളര്‍ത്തെടുക്കാനും സഹായിക്കുന്ന തരത്തിലാണ് 2019ല്‍ ഖുര്‍തുബ ഇന്‍സ്റ്റിറ്റ്യൂട്ടിന് തുടക്കമിട്ടത്. ആറാം ക്ലാസ് മുതല്‍ പത്തു വര്‍ഷത്തെ കോഴ്‌സാണ് ആദ്യത്തെ മുന്‍ഗണന. അതിന്റെ ഭാഗമായി നേതൃത്വപരമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാനാവുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി അവര്‍ക്കാവശ്യമായ വിദ്യാഭ്യാസത്തിന് തുടക്കമിടുകയാണ് ചെയ്തത്. ആദ്യ ബാച്ച് ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെന്നും ഡോ. സുബൈര്‍ ഹുദവി പറഞ്ഞു.

കേരളത്തിലേത് പോലെ കാഴ്ചപ്പാടോ നേതൃത്വം വഹിക്കാനാവുന്നവരോ ഉത്തരേന്ത്യയിലില്ലെന്നതാണ് അഴിടുത്തെ പ്രധാന ന്യൂനത. ഇത് പരിഹരിക്കാന്‍ ഖുര്‍തുബയുടെ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം എല്ലാ മേഖലയിലും ഇടപെടലുകളും വികസനവും ആവശ്യമാണെന്ന തിരിച്ചറിവുകളുമുണ്ട്.

ആണ്‍കുട്ടികളേക്കാള്‍ വളരെ പിന്നിലാണ് വിദ്യാഭ്യാസ നിലവാരത്തില്‍ പെണ്‍കുട്ടികളെങ്കിലും പിന്നീട് ആണ്‍കുട്ടികള്‍ തൊഴിലിലേക്കും മറ്റും മാറുമ്പോള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ മുന്നേറുന്ന കാഴ്ചകള്‍ കാണുന്നുണ്ട്.

ഉത്തരേന്ത്യയില്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ ശക്തമായ ബന്ധങ്ങള്‍ നിലനില്‍ക്കുമ്പോഴും ഭൂമിയുടേയും മറ്റും പേരില്‍ അവരില്‍ പലരും പരസ്പരം കോടതിക്കേസുകളിലും വിചാരണകളിലുമാണ്. പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ പോലും കോടതിയിലെത്തി വര്‍ഷങ്ങളോളം കേസിനായി പണവും സമ്പത്തും ചെലവഴിക്കുന്ന ഒരു വലിയ വിഭാഗത്തെ കണ്ടിട്ടുണ്ട്. ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ സമൂഹത്തില്‍ ചിലരെങ്കിലും ഉണ്ടാവേണ്ടതുണ്ട്.

സാമൂഹിക ബന്ധങ്ങള്‍കാത്തുസൂക്ഷിക്കാന്‍ കൂട്ടായ്മയോ പ്രവര്‍ത്തനങ്ങളോ ഇവര്‍ക്കിടയിലില്ലെന്നതും പ്രധാന ന്യൂനതയായി ബീഹാര്‍ സന്ദര്‍ശനങ്ങളില്‍ ബോധ്യപ്പെട്ടിട്ടുണ്ട്.

ബീഹാറിന്റെ മറ്റൊരു ന്യൂനതയായി കണ്ടത് ഫലഭൂയിഷ്ഠമായ കൃഷി ഭൂമി ഉണ്ടായിട്ടും അവിടെ കെട്ടിടം പണിയാനും ഇഷ്ടികയുണ്ടാക്കാനും മണ്ണെടുക്കുന്നു എന്നതാണ്. ഇത്രയും കൃഷി ചെയ്യാവുന്ന ഭൂമിയില്‍ നിന്നും മണ്ണ് കുഴിച്ചെടുക്കുന്നത് പാരിസ്ഥിതികമായും മാനുഷികമായും വലിയ തകര്‍ച്ചയുണ്ടാക്കുമെന്ന് പറഞ്ഞുകൊടുക്കാനോ ഉയര്‍ത്തിക്കൊണ്ടുവരാനോ അവിടങ്ങളില്‍ ആരുമില്ല.

സ്‌കൂള്‍ ഡ്രോപ്പ് ഔട്ടുകളെ തിരികെ സ്‌കൂളിലെത്തിക്കുക, അനാഥ സംരക്ഷണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയവയും തങ്ങളുടെ പദ്ധതികളില്‍ ഉള്‍പ്പെടുന്നതായി ഡോ. സുബൈര്‍ ഹുദവി പറഞ്ഞു.


error: Content is protected !!