
ദോഹ: ഒരുമ എടക്കുളം ഖത്തറിന്റെ ഓണാഘോഷവും വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഇന്‍സ്പയര്‍ ഹാളില്‍ സംഘടിപ്പിച്ചു. യോഗത്തില്‍ പ്രജി തനയനെ പ്രസിഡന്റായും നൗഷാദിനെ ജനറല്‍ സെക്രട്ടറിയായും സമീര്‍ കെ കെയെ ട്രഷററായും തിരഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തിലുള്ള 38 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും ഐകകണ്‌ഠ്യേന അംഗീകരിച്ചു.

ജനറല്‍ സെക്രട്ടറി ഷബാദ് എം പി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ മന്‍സൂര്‍ അലി വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. മിച്ച ബജറ്റ് അംഗങ്ങള്‍ അംഗീകരിച്ചു. ജനുവരിയില്‍ ആരംഭിക്കുന്ന ഒരുമ കുറി പദ്ധതിയെക്കുറിച്ച് കണ്‍വീനര്‍ അസ്ലം ആര്‍ കെ വിശദീകരിച്ചു.

പരിപാടിയുടെ ഭാഗമായി ലോകകപ്പ് മത്സരങ്ങളിലെയും ലക്കി ഡ്രോയിലെയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കഴിഞ്ഞ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം കാഴ്ചവെച്ച അംഗങ്ങളെയും ആദരിച്ചു.
ഒരുമ രക്ഷാധികാരി മുസ്തഫ എം വി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പ്രസിഡന്റ് സാജിദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷബാദ് എം പി സ്വാഗതവും വൈശാഖ് നന്ദിയും പറഞ്ഞു.

