ചന്ദ്രപര്യവേക്ഷണത്തിന് റേഡിയോ ആശയവിനിമയ സംവിധാനങ്ങള്‍; ദോഹയില്‍ നിര്‍ണായക പ്രമേയം അംഗീകരിച്ചു

Web Desk
1 Min Read

ദോഹ: ചന്ദ്രപര്യവേക്ഷണ ദൗത്യങ്ങള്‍ക്ക് ആവശ്യമായ റേഡിയോ ഫ്രീക്വന്‍സി സ്‌പെക്ട്രത്തിന്റെ ഉപയോഗം സംബന്ധിച്ച നിര്‍ണായക പ്രമേയം ദോഹയില്‍ നടക്കുന്ന അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്റെ (ഐ ടി യു) പ്ലീനിപൊട്ടന്‍ഷ്യറി കോണ്‍ഫറന്‍സായ പിപി26ല്‍ അംഗീകരിച്ചു.

city exchange

ചന്ദ്രപര്യവേക്ഷണത്തിനായി മാത്രമായി ഐടിയുവിന്റെ പ്ലീനിപൊട്ടന്‍ഷ്യറി കോണ്‍ഫറന്‍സ് അംഗീകരിക്കുന്ന ആദ്യ പ്രമേയമാണിത്. ചന്ദ്രോപരിതലത്തിലും ചന്ദ്രന്റെ ഭ്രമണപഥത്തിലും വ്യാപിച്ചുവരുന്ന പര്യവേക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ റേഡിയോ ഫ്രീക്വന്‍സി സ്‌പെക്ട്രം ലഭ്യമാക്കുന്നതില്‍ ഐടിയുവിന്റെ പങ്ക് കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് തീരുമാനം.

ചന്ദ്രപര്യവേക്ഷണ ദൗത്യങ്ങള്‍ക്ക് നൂതന റേഡിയോ ആശയവിനിമയ സംവിധാനങ്ങള്‍ വികസിപ്പിക്കണമെന്ന് പ്രമേയം ആഹ്വാനം ചെയ്യുന്നു. ചന്ദ്രോപരിതലത്തിലും ചന്ദ്രന്റെ ഭ്രമണപഥത്തിലും പ്രവര്‍ത്തിക്കുന്ന ആശയവിനിമയ സംവിധാനങ്ങള്‍ തമ്മിലുള്ള ബന്ധത്തിനായി സാങ്കേതികവും നിയന്ത്രണപരവുമായ മാര്‍ഗങ്ങള്‍ പരിഗണിക്കാനും നിര്‍ദേശമുണ്ട്. നിലവിലുള്ള റേഡിയോ ആശയവിനിമയ സേവനങ്ങളുമായുള്ള പൊരുത്തം ഉറപ്പാക്കുക, ഫ്രീക്വന്‍സി സ്‌പെക്ട്രം കാര്യക്ഷമമായി വിനിയോഗിക്കുക, ആശയവിനിമയ സംവിധാനങ്ങള്‍ക്ക് ഹാനികരമായ തടസ്സങ്ങള്‍ ഒഴിവാക്കുക എന്നിവയും പ്രമേയത്തിന്റെ ലക്ഷ്യങ്ങളാണ്.

ഐടിയുവിന്റെ റേഡിയോ കമ്മ്യൂണിക്കേഷന്‍ വിഭാഗമായ ഐടിയു-ആര്‍ നടത്തുന്ന സാങ്കേതിക പഠനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പ്രമേയം പിന്തുണ നല്‍കുന്നു. സ്‌പെക്ട്രത്തിന്റെ ആവശ്യകത, നിലവിലുള്ള സേവനങ്ങളുമായുള്ള പങ്കിടലും പൊരുത്തവും, ഭാവിയില്‍ നടപ്പാക്കേണ്ട നിയന്ത്രണ വ്യവസ്ഥകള്‍ എന്നിവയാണ് ഈ പഠനങ്ങളില്‍ പ്രധാനമായും പരിഗണിക്കുന്നത്. 2027ല്‍ നടക്കുന്ന ലോക റേഡിയോ കമ്മ്യൂണിക്കേഷന്‍ കോണ്‍ഫറന്‍സില്‍ ചന്ദ്രനിലെ ആശയവിനിമയ സംവിധാനങ്ങള്‍ക്കായുള്ള ഭാവി നിയന്ത്രണ ചട്ടക്കൂട് രൂപപ്പെടുത്തുമ്പോള്‍ അംഗരാജ്യങ്ങള്‍ക്ക് ഈ സാങ്കേതിക പഠനങ്ങള്‍ അടിസ്ഥാനമാക്കാനാകും.

- Advertisement -
Ad image

ദോഹയില്‍ പ്രമേയം അംഗീകരിച്ചത് പിപി26ന്റെ നടപടിക്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ഖത്തര്‍ കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി പ്രസിഡന്റ് കൂടിയായ ഐ ടി യു പിപി26 ചെയര്‍മാന്‍ എന്‍ജിനീയര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ മുസ്ലെമാനി പറഞ്ഞു.

ആശയവിനിമയ മേഖലയുടെയും ബഹിരാകാശ പര്യവേക്ഷണത്തിന്റെയും ഭാവിയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിഷയങ്ങളില്‍ അംഗരാജ്യങ്ങള്‍ക്ക് സമവായത്തിലെത്താന്‍ കഴിയുന്നതിന്റെ തെളിവാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. അംഗരാജ്യങ്ങള്‍ക്കിടയില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ക്കും ധാരണയിലെത്തുന്നതിനും അനുയോജ്യമായ അന്തരീക്ഷം ഒരുക്കാന്‍ ദോഹയ്ക്ക് കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!