കക്കൂസ് മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ പഞ്ചായത്ത് അംഗങ്ങളുടെ നൈറ്റ് സ്‌ക്വാഡ്

Web Desk
3 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ പുളിഞ്ചോട് മുതല്‍ മുട്ടം വരെയുള്ള ദേശീയപാതയില്‍ കക്കൂസ് മാലിന്യം തളളുന്നവരെയും സമീപം പ്രദേശങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെയും പിടിക്കുന്നതിനായി പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ നൈറ്റ് സ്‌ക്വാഡ് ഇറങ്ങി.

city exchange

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, അംഗങ്ങളായ പി എസ് യൂസഫ്, രാജേഷ് പുത്തനങ്ങാടി, പി വി വിനീഷ്, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിന്‍ഷ വിജയന്‍, പഞ്ചായത്ത് ജീവനക്കാരായ അബ്ദുല്‍ റസാഖ്, ശരണ്‍ കുമാര്‍, ഷെഹര്‍ബാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നൈറ്റ് സ്‌ക്വാഡ് ഇറങ്ങിയത്.

ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചയാത്തില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം പല തവണകളിലായി ദേശീയപാതയിലും സമീപ പ്രദേശങ്ങളിലും പല ഭാഗങ്ങളില്‍ തള്ളുന്നു. ഈ പ്രവൃത്തി ചെയ്യുന്നവരെയും മാലിന്യം റോഡില്‍ വലിച്ചെറിയുന്നവരെയും കണ്ടുപിടിക്കുന്നതിന് വേണ്ടിയാണ് രാത്രികാല സ്‌ക്വാഡ് ഇറങ്ങിയത്.

- Advertisement -
Ad image

കഴിഞ്ഞ രണ്ടാഴ്ച്ചയായി ഇടക്കിടെ മാലിന്യ മാഫിയ ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ ദേശീയപാതയില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നത് പതിവായിരുന്നു. പഞ്ചായത്ത് ദേശീയപാതയില്‍ വെച്ച ക്യാമറ ഇല്ലാത്ത സ്ഥലം നോക്കിയാണ് മാലിന്യം തട്ടുന്നത്. മുട്ടം മെട്രോ യാര്‍ഡിലും മാലിന്യം തട്ടിയിരുന്നു. സമീപത്തുള്ള കടകളിലെ ക്യാമറകളില്‍ നോക്കിയെങ്കിലും വാഹനത്തിന്റെ നമ്പര്‍ വ്യക്തമായിരുന്നില്ല.

കുറച്ചു നാളുകള്‍ക്കു മുമ്പ് മാലിന്യം തട്ടിയപ്പോള്‍ എല്ലാം വാഹനങ്ങളുടെ നമ്പര്‍ ക്യാമറയില്‍ പതിഞ്ഞതു കൊണ്ടു പഞ്ചായത്ത് പൊലീസില്‍ പരാതി നല്‍കി വലിയ തുക ഈടാക്കി മാലിന്യം തള്ളിയവരെ കൊണ്ടു മാലിന്യം മാറ്റിയിരുന്നു. അതുകൊണ്ടു കുറച്ചു നാളായി മാലിന്യം തള്ളുന്നത് അവസാനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ച്ചയായി വീണ്ടും മാലിന്യ മാഫിയ രംഗത്തിറങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ മാലിന്യം അടിച്ച ചിലരെ തെളിവുകള്‍ വെച്ചു പിടിച്ചു പഞ്ചായത്ത് പിഴ ഈടാക്കിയിരുന്നു. പുലര്‍ച്ചെ ക്യാമറ ഇല്ലാത്ത സ്ഥലം നോക്കി തട്ടുന്നത് കൊണ്ടു വാഹനങ്ങള്‍ എല്ലാം പിടിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് പഞ്ചായത്ത് അംഗങ്ങളുടേയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെയും നേതൃത്വത്തില്‍ നൈറ്റ് സ്്ക്വാഡ് ഇറങ്ങാന്‍ തീരുമാനിച്ചത്. സ്ഥിരമായി മാലിന്യം റോഡില്‍ വലിച്ചെറിയുന്ന പലരും അസമയത്ത് നൈറ്റ് സ്‌ക്വാഡിന്റെ സാന്നിധ്യം മനസിലാക്കിയതോടെ വലിച്ചെറിയാന്‍ കൊണ്ടുവന്ന മാലിന്യവുമായി മടങ്ങി.

ദേശീയപാതയില്‍ തട്ടാന്‍ വന്ന നാലു സെപ്റ്റിക് മാലിന്യ ടാങ്കറുകള്‍ നൈറ്റ് സ്‌ക്വാഡിന്റെ സാന്നിധ്യം മനസിലാക്കിയതോടെ വാഹനം നിര്‍ത്താതെ വിട്ടു. ഒരു മാലിന്യ ടാങ്കര്‍ ലോറി അമ്പാട്ടുകാവില്‍ മാലിന്യം തട്ടാന്‍ നിറുത്തിയെങ്കിലും ഒളിച്ചിരുന്ന നൈറ്റ് സ്‌ക്വാഡ് പിടിക്കാന്‍ വന്നതോടെ വണ്ടി ഓടിച്ച് പോയി. പിറകെ പോയെങ്കിലും വാഹനം സ്പീഡില്‍ ഓടിച്ചതോടെ കിട്ടിയില്ല.

കക്കൂസ് മാലിന്യം തള്ളുന്ന പുളിഞ്ചോട് മുതല്‍ മുട്ടം വരെയും മാലിന്യം സ്ഥിരമായി വലിച്ചെറിയുന്ന മുട്ടം മെട്രോ യാര്‍ഡ് പരിസരം, ചവര്‍പ്പാടം, സടക്ക് റോഡ്, മാന്ത്രക്കല്‍ അംമ്പലത്തിനു മുന്‍വശം റെയില്‍വേ സൈഡ്, തുരങ്കം എന്നിവിടങ്ങളിലാണ് പ്രധാനമായും നൈറ്റ് സ്‌ക്വാഡ് നിരീക്ഷണ നടത്തിയത്. പുലര്‍ച്ചെ റോഡില്‍ മാലിന്യം വലിച്ചെറിഞ്ഞ രണ്ടു പേരില്‍ നിന്നും മാലിന്യം തിരികെ എടുപ്പിച്ചതിനു ശേഷം പിഴ ഈടാക്കുകയും ചെയ്തു. സടക്ക് റോഡില്‍ വലിച്ചെറിഞ്ഞ ചില ചാക്കുകള്‍ പരിശോധിച്ചപ്പോള്‍ മാലിന്യം എറിഞ്ഞവരുടെ അഡ്രസ്സ് കിട്ടിയിട്ടുണ്ടെന്നും അവര്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കുമെന്നും തുടര്‍ന്നും മാലിന്യം എറിയുന്നവരെ പിടിക്കാന്‍ നൈറ്റ് സ്‌ക്വാഡ് ഉണ്ടാകുമെന്നും പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിന്‍ഷ വിജയന്‍ പറഞ്ഞു.

മാലിന്യം റോഡില്‍ തളളുന്നത് അവസാനിപ്പിക്കണമെന്നും വീടു മാത്രമല്ല റോഡും സമീപ പ്രദേശങ്ങളും വൃത്തിയായി കിടക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും മാലിന്യമുക്ത ചൂര്‍ണ്ണിക്കരക്കായി എല്ലാവരും പഞ്ചായത്തിനോട് സഹകരിക്കണമെന്നും മാലിന്യം വലിച്ചെറിയുന്നവരുടെ ഫോട്ടോയോ വീഡിയോയോ സഹിതം തെളിവുകള്‍ തന്നാല്‍ തരുന്നവര്‍ക്ക് 2500 രൂപ വരെ പാരിതോഷികം പഞ്ചായത്ത് നല്‍കുമെന്നും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്കും ഷീല ജോസും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!