‘നിലാവ്’ കെട്ടു; കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പെട്ടു

Web Desk
3 Min Read

ആലുവ: സംസ്ഥാന സര്‍ക്കാരിന്റെ നിലാവ് എന്ന പദ്ധതിയില്‍പ്പെടുത്തി വാര്‍ഡുകളില്‍ സ്ഥാപിച്ച എല്‍ ഇ ഡി സ്ട്രീറ്റ് ലൈറ്റുകള്‍ പലതും രണ്ടു മാസമായിട്ടും കത്തുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സിന്ധുവിനെ ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ ഉപരോധിച്ചു. വാര്‍ഡുകളില്‍ നിലാവ് ലൈറ്റ് ഇട്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ പലതും കെട്ടുപോയെന്നും കെ എസ് ഇ ബി ഓഫീസില്‍ പല പ്രാവശ്യം പരാതി പറഞ്ഞിട്ടും നന്നാക്കാന്‍ വന്നില്ലെന്നും പല ലൈറ്റുകളും കെട്ടു പോയിട്ട് എട്ടു മാസം വരെ ആയെന്നും ലൈറ്റുകള്‍ കത്താത്തതു മൂലം വാര്‍ഡുകളിലെ പല ഭാഗങ്ങളിലും ഇരുട്ടായെന്നും അംഗങ്ങള്‍ പരാതി പറഞ്ഞു.

city exchange

കെ എസ് ഇ ബിയില്‍ ലൈറ്റിന്റെ കാര്യം പറഞ്ഞു വിളിക്കുമ്പോള്‍ മാറ്റിയിടാന്‍ സ്റ്റോക്കില്ല എന്ന സ്ഥിരം പല്ലവിയാണ് കേള്‍ക്കുന്നതെന്നും ലൈറ്റ് ഇല്ലാത്തത് മൂലം രാത്രിയില്‍ ഇഴ ജന്തുക്കളുടെ ശല്യം അറിയാന്‍ സാധിക്കാതെ ജനങ്ങള്‍ ബുദ്ധിമുട്ടിലാവുകയാണെന്നും ലൈറ്റ് കത്തിക്കാത്തതു കൊണ്ടു വാര്‍ഡില്‍ ജനങ്ങളുമായി എന്നും വാക്കു തര്‍ക്കത്തിലാവുന്ന അവസ്ഥയാണെന്നും അംഗങ്ങള്‍ക്ക് നിലാവ് സ്ട്രീറ്റ് ലൈറ്റ് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണെന്നും അംഗങ്ങള്‍ പരാതി പറഞ്ഞു. കൂടാതെ പല വാര്‍ഡുകളിലും ടൈമര്‍ വര്‍ക്ക് ചെയ്യുന്നില്ലെന്നും പല പോസ്റ്റുകളിലും കാടു കയറിയത് വെട്ടാത്തത് മൂലം പഞ്ചായത്തിലെ നിലാവ് അല്ലാത്ത സ്ട്രീറ്റ് ലൈറ്റ് എടുത്ത കരാറുകാരനു കേടായ ലൈറ്റുകള്‍ നന്നാക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും അംഗങ്ങള്‍ പറഞ്ഞു.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ തങ്ങള്‍ക്കു നിലാവ് പദ്ധതിയില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നും കെ എസ് ഇ ബി ഈ വിഷയത്തില്‍ നിസ്സഹായരാണെന്നും കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ ഇ എസ് എല്‍ ആണ് നിലാവ് പദ്ധതി നടപ്പാക്കുന്നതെന്നും അവര്‍ ബജാജ്, ഓറിയന്റല്‍ എന്നീ കമ്പനികള്‍ക്ക് എല്‍ ഇ ഡി ലൈറ്റ് കെ എസ് ഇ ബിക്ക് വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്തിരിക്കുകയാണെന്നും എന്നാല്‍ പ്രസ്തുത കമ്പനികള്‍ കൃത്യമായി ലൈറ്റ് വിതരണം ചെയ്യുന്നില്ലെന്നും അതുകൊണ്ടു പല പഞ്ചായത്തുകളും കേടായത് നന്നാക്കണമെന്നാവശ്യപ്പെടുമ്പോള്‍ സാധനം സ്റ്റോക്ക് ഇല്ലാത്തതു കൊണ്ടു നന്നാക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.

- Advertisement -
Ad image

ലൈറ്റ് വിതരണം ചെയ്യുന്ന കമ്പനി പ്രതിനിധികള്‍ താന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഫോണ്‍ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കുന്നില്ലെന്നും എന്‍ജിനീയര്‍ പറഞ്ഞു. തുടര്‍ന്ന് അപ്പോള്‍ തന്നെ എന്‍ജിനീയറുടെ കൈയ്യില്‍ നിന്നും വൈസ് പ്രസിഡന്റ് പ്രസ്തുത കമ്പനി പ്രതിനിധിയുടെ ഫോണ്‍ നമ്പര്‍ വാങ്ങി ഫോണ്‍ വിളിച്ചെങ്കിലും അവര്‍ ഫോണ്‍ എടുത്തില്ല. നിലാവ് പദ്ധതി നടപ്പാക്കിയ എല്ലാ പഞ്ചായത്തുകളും നിലവില്‍ പെട്ട അവസ്ഥയിലാണ്. എന്നാല്‍ പഞ്ചായത്ത് നിലാവ് പദ്ധതി പ്രകാരം തുക അടച്ചത് കെ എസ് ഇ ബിയില്‍ ആണെന്നും പഞ്ചായത്തിനു കരാര്‍ കെ എസ് ഇ ബിയുമായിട്ടാണെന്നും അതുകൊണ്ടു ലൈറ്റ് കത്താതതിനു പരിഹാരം കാണണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടതോടെ എന്‍ജിനീയര്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറെ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹവും കൈ ഒഴിഞ്ഞു. തുടര്‍ന്ന് പരിഹാരം കാണാതെ പോകില്ലെന്നു പറഞ്ഞപ്പോള്‍ എന്‍ജിനീയര്‍ സെക്ഷന്‍ ഓഫീസുകളില്‍ വിളിച്ചു അന്വേഷിച്ചപ്പോള്‍ സാധനം സ്റ്റോക്ക് ഇല്ലെന്നും പത്തെണ്ണം മാത്രം സ്റ്റോക്ക് ഉള്ളൂ എന്നും പറഞ്ഞപ്പോള്‍ വളരെ അത്യാവശ്യം ഉള്ള വാര്‍ഡിലെ പ്രധാനപ്പെട്ടതു മാത്രം നന്നാക്കി കൊടുക്കാന്‍ എന്‍ജിനീയര്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ ഉള്ള സ്റ്റോക്ക് വെച്ചു ഒന്നു, രണ്ടു, മൂന്ന്, പതിനേഴ് വാര്‍ഡുകളിലെ പ്രധാന കവലയിലെ മാത്രം നന്നാക്കാന്‍ തീരുമാനിച്ചു. ബാക്കിയുള്ള വാര്‍ഡുകളിലേത് സ്റ്റോക്ക് വന്നാല്‍ ചെയ്തു തരാമെന്നും എന്‍ജിനീയര്‍ പറഞ്ഞു.

തുടര്‍ന്ന് ഇനിയും നിലാവ് പദ്ധതിയിലെ അപാകതക്ക് പരിഹാരം കണ്ടില്ലെങ്കില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജനങ്ങളെ സംഘടിപ്പിച്ചു കൊണ്ടു ചീഫ് എന്‍ജിനീയറുടെ ഓഫീസ് ഉപരോധമടക്കമുളള സമരവുമായി മുന്നോട്ടു പോകുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടിയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്കും പറഞ്ഞു. കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസ് ഉപരോധ സമരം ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, ബ്ലോക്ക് അംഗം സതി ഗോപി, അംഗങ്ങളായ രാജേഷ് പുത്തനങ്ങാടി, സി പി നൗഷാദ്, നാട്ടുകാരായ ജയദേവന്‍, ജോസ് ദാസ്, പി കെ യൂസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!