Featured
യു എസ് – സൗദി 142 ബില്യണ്‍ ഡോളര്‍ ആയുധ കരാര്‍

റിയാദ്: യു എസും സൗദി അറേബ്യയും തമ്മില്‍ 142 ബില്യണ്‍ ഡോളറിന്റെ ആയുധ കരാറില്‍ ഒപ്പുവച്ചു. സൗദി അറേബ്യയ്ക്ക് അഥ്യാധുനിക യുദ്ധോപകരണങ്ങള്‍ നല്‍കുകന്ന കരാറിനെ വൈറ്റ് ഹൗസ് ചരിത്രപരം എന്നാണ് പ്രസ്താവനയില്‍ വിശേഷിപ്പിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.


സൈനിക സംവിധാനങ്ങള്‍, ആയുധങ്ങള്‍, സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന കരാറില്‍ മറ്റ് വാണിജ്യ ഇടപാടുകള്‍, ഗ്യാസ് ടര്‍ബൈനുകളുടെ കയറ്റുമതിയും ഉള്‍പ്പെടുന്നുണ്ട്.

രണ്ടാം തവണയും യു എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണള്‍ഡ് ട്രംപിന്റെ ആദ്യ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനമാണിത്. സൗദിക്കു പുറമേ ഖത്തറും യു എ ഇയും ട്രംപ് സന്ദര്‍ശിക്കുന്നുണ്ട്.


ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് നിക്ഷേപം വര്‍ധിപ്പിക്കാനാണ് ട്രംപ് ശ്രമം നടത്തുന്നത്.
നാല് വര്‍ഷത്തിനുള്ളില്‍ സൗദി അറേബ്യ യു എസില്‍ 600 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് നേരത്തെ സൗദി കിരീടാവകാശി പ്രഖ്യാപിച്ചിരുന്നു. ഇത് ഒരു ട്രില്യണ്‍ ഡോളറാകുമെന്നാണ് ട്രംപ് പറഞ്ഞത്.
അല്‍ യമാമ രാജകൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഊര്‍ജ്ജം, പ്രതിരോധം, ബഹിരാകാശം, ധാതുവിഭവങ്ങള്‍ എന്നീ മേഖലകളിലെ സഹകരണം ഇരുരാജ്യങ്ങളും വാഗ്ദാനം ചെയ്തു. നീതിന്യായം, പകര്‍ച്ചവ്യാധി നേരിടല്‍, സാങ്കേതിവിദ്യ എന്നിവയിലും ഇരുരാജ്യങ്ങളും സഹകരിക്കും.


