

കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് മരിച്ച രണ്ടുപേര്‍ക്കും നിപയെന്ന് സ്ഥിരീകരണം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് നിപ വൈറസ് ബാധയാണ് മരണത്തിന് കാരണമെന്ന് സ്ഥിരീകരിച്ചത്.

സംശയമുള്ള നാലു സാംപിളുകളുടെ ഫലം കാത്തിരിക്കുകയാണ്. നിപയുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്ക് കേന്ദ്രസംഘം കേരളത്തിലെത്തും.

കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു രണ്ടു മരണങ്ങളും നടന്നത്. മരിച്ച രണ്ട് പേര്‍ക്കും നിപ ലക്ഷണങ്ങള്‍ ഉണ്ടായതാണ് പരിശോധനയ്ക്ക് അയക്കാന്‍ കാരണമായത്. ഇവരിലൊരാളുടെ മൂന്നു ബന്ധുക്കളും ആശുപത്രിയില്‍ ചികിത്സയിലാണ്.
നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രി മുഹമ്മദ് റിയാല്‍ പറഞ്ഞത്. നിപ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടില്ല. ജാഗ്രതയുടെ ഭാഗമായി മാസ്‌ക് ധരിക്കാമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ആശങ്ക സൃഷ്ടിക്കരുതെന്നും മന്ത്രി പറഞ്ഞു.
പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. എട്ട് പഞ്ചായത്തുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. നിപയുടെ സൂചന കിട്ടിയ സമയം മുതല്‍ പ്രതിരോധ മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി പറഞ്ഞു. എട്ട് പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുത്തു. മരുതോങ്കര പഞ്ചായത്തില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി അറിയിച്ചു. തൊണ്ണൂറ് വീടുകളില്‍ പരിശോധന നടത്തിയതില്‍ സൂചനകള്‍ കണ്ടെത്തിയിട്ടില്ല.

