റിലീസിന് മാറ്റമില്ല, ആട് 3 ആഗോള റിലീസ് മാര്‍ച്ച് 19ന് തന്നെ

Web Desk
4 Min Read

കൊച്ചി: മിഥുന്‍ മാനുവല്‍ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ‘ആട് 3 പാര്‍ട്ട് 1; വണ്‍ ലാസ്റ്റ് റൈഡ്’ എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രത്തിന്റെ റിലീസ് തിയ്യതി ഒരിക്കല്‍ കൂടി ഉറപ്പിച്ച് നിര്‍മ്മാതാക്കളായ വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും. നേരത്തെ അറിയിച്ചിരുന്നത് പോലെ ഈ മാസം 19നു തന്നെ ചിത്രം ആഗോള റിലീസായി എത്തുമെന്നാണ് അവര്‍ ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്.

city exchange

ഗള്‍ഫില്‍ നടന്നു വരുന്ന യുദ്ധ സമാനമായ സാഹചര്യത്തില്‍ സമ്മര്‍ റിലീസായി എത്തുന്ന ആട് 3 ഉള്‍പ്പെടെയുള്ള മലയാള ചിത്രങ്ങളുടെ റിലീസ് തിയ്യതി മാറ്റിയേക്കുമെന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ് തങ്ങളുടെ ചിത്രം പറഞ്ഞ ദിവസം തന്നെ റിലീസ് ചെയ്യുമെന്ന ഔദ്യോഗിക പ്രഖ്യാപനവുമായി ഒരിക്കല്‍ കൂടി ആട് 3 ടീം എത്തിയത്.

വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനി എന്നിവര്‍ ചേര്‍ന്നാണ് ജയസൂര്യ നായകനായ ഈ വമ്പന്‍ കോമഡി ഫാന്റസി ചിത്രം നിര്‍മ്മിക്കുന്നത്. 2026 മാര്‍ച്ച് 19ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തില്‍ പ്രദര്‍ശനത്തിന് എത്തുക. മലയാള സിനിമാ പ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ഫ്രാഞ്ചൈസ് ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആഗോള തലത്തില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ തങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ഒട്ടേറെ പ്രേക്ഷകര്‍ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട സംശയങ്ങളുമായി തങ്ങളെ സമീപിക്കുന്നുണ്ട് എന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. ഈ പ്രത്യേക സാഹചര്യത്തിന്റെ എല്ലാ വശങ്ങളും പരിഗണിച്ച ശേഷം ഇപ്പോള്‍ വലിയ വെല്ലുവിളി നേരിടുന്ന മലയാള സിനിമക്ക് ഒപ്പം നിന്ന് കൊണ്ട് പറഞ്ഞ തിയ്യതിയില്‍ തന്നെ ചിത്രം റിലീസ് ചെയ്യാനാണ് തങ്ങളുടെ തീരുമാനം എന്നും അവര്‍ അറിയിച്ചു. പ്രേക്ഷകരുടെ സ്‌നേഹവും പിന്തുണയുമാണ് ഈ ഫ്രാഞ്ചൈസിനെയും തങ്ങളെയും വളര്‍ത്തിയത് എന്നും അത്‌കൊണ്ട് തന്നെ ഈ സമയത്ത് അവരിലേക്ക് കൂടുതല്‍ സന്തോഷവും സമാധാനവും സ്‌നേഹവും വിനോദവും എത്തിക്കാനാണ് തങ്ങളുടെ ശ്രമം എന്നും വിജയ് ബാബു, വേണു കുന്നപ്പിള്ളി എന്നനിവര്‍ ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം ഫാന്റസി ഘടകങ്ങളും കോര്‍ത്തിണക്കിയാണ് ഇത്തവണ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ നല്‍കുന്നത്. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നതെന്നും ട്രെയ്ലര്‍ കാണിച്ചു തരുന്നുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നിവര്‍ നിര്‍മ്മിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് ‘ആട് 3 പാര്‍ട്ട് 1; വണ്‍ ലാസ്റ്റ് റൈഡ്’.

മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ 2018, അമ്പതു കോടി ക്ലബില്‍ ഇടം പിടിച്ച മാളികപ്പുറം, രേഖാചിത്രം തുടങ്ങിയവയും നിര്‍മ്മിച്ചിട്ടുള്ള കാവ്യാ ഫിലിം കമ്പനി ആട് ഫ്രാന്‍ഞ്ചൈസിലേക്കു കടന്ന് വന്നതോടെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഏറെ വര്‍ധിച്ചിട്ടുണ്ട്. 22 ചിത്രങ്ങള്‍ ഇതിനു മുന്‍പ് നിര്‍മ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ 23-ാമത്തെ ചിത്രമാണ് ആട് 3.

ജയസൂര്യ, വിനായകന്‍, ഇന്ദ്രന്‍സ്, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജയ് ബാബു, നോബി, നിര്‍മ്മല്‍ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണന്‍, ഭഗത് മാനുവല്‍, സണ്ണി വെയ്ന്‍, സുധി കോപ്പ, ബിജു കുട്ടന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം എത്തുന്ന ഈ മൂന്നാം ഭാഗം വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതരായ, അവരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ മൂന്നാം ഭാഗത്തിലൂടെയും വെള്ളിത്തിരയില്‍ എത്തുന്നുണ്ട്. ‘ആട് 3 പാര്‍ട്ട് 1; വണ്‍ ലാസ്റ്റ് റൈഡ്’ എന്ന ടൈറ്റില്‍ ടാഗ് ലൈനിലൂടെ ചിത്രത്തിന്റെ അവസാന ഭാഗത്തിന് ഇനി ഒരു പാര്‍ട്ട് കൂടെ ഉണ്ടാകും എന്ന ഉറപ്പും അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനയ് ബാബു, ഛായാഗ്രഹണം- അഖില്‍ ജോര്‍ജ്ജ്, മ്യൂസിക്, ഒറിജിനല്‍ തീം- ഷാന്‍ റഹ്മാന്‍, പശ്ചാത്തല സംഗീതം, ന്യൂ തീം- ഡോണ്‍ വിന്‍സെന്റ്, എഡിറ്റര്‍- ലിജോ പോള്‍, ലൈന്‍ പ്രൊഡ്യൂസര്‍- ഗോപകുമാര്‍ ജി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിബു ജി സുശീലന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- അനീസ് നാടോടി, മേക്കപ്പ്- റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍- സ്റ്റെഫി സേവ്യര്‍, ക്രിയേറ്റീവ് ഡയറക്ടര്‍- വിഷ്ണു ഭരതന്‍, വിഎഫ്എക്‌സ് ഡയറക്ടര്‍- ജിഷ്ണു ആര്‍ ദേവ്, സൗണ്ട് ഡിസൈന്‍- കിഷന്‍ മോഹന്‍ (സപ്ത റെക്കോര്‍ഡ്സ്), വരികള്‍- മനു മന്‍ജിത്, ചീഫ് അസോസിയേറ്റ് ഡിറക്ടര്‍സ്: പ്രേംനാഥ്, റോബിന്‍ വര്‍ഗീസ്, ഡി ഐ ഹ്യൂസ് ആന്റ് ടോണ്‍സ് കളര്‍ ഹബ് കളറിസ്റ്റ്- ഷണ്‍മുഖപാണ്ഡ്യന്‍ എം, സ്റ്റില്‍ ഫോട്ടോഗ്രാഫി- വിഷ്ണു എസ് രാജന്‍, ടൈറ്റില്‍ ഡിസൈന്‍സ്- കോളിന്‍സ് ലിയോഫില്‍, പബ്ലിസിറ്റി ഡിസൈന്‍- എയ്‌സ്‌തെറ്റിക് കുഞ്ഞമ്മ, പി ആര്‍ ഒ ആന്‍ഡ് മാര്‍ക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

Share This Article
Leave a Comment
error: Content is protected !!