

ആലുവ: സപ്ലൈക്കോ മാവേലി മെഡിക്കല്‍ സ്റ്റോറില്‍ ആവശ്യമായ മരുന്നുകള്‍ ഇല്ലാത്തില്‍ പ്രതിഷേധിച്ച് ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് മെഡിക്കല്‍ സ്റ്റോറിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. വാര്‍ഡിലെ ഒരാള്‍ക്ക് മരുന്ന് വാങ്ങാന്‍ വന്നപ്പോള്‍ ആണ് മരുന്നൊന്നും സ്റ്റോക്ക് ഇല്ലെന്നു അറിയുന്നത്.

പുറത്തു മെഡിക്കല്‍ ഷോപ്പില്‍ നിന്നും വാങ്ങിയാല്‍ വില കൂടുതല്‍ ഉള്ളതു കൊണ്ടാണ് സര്‍ക്കാരിന്റെ മെഡിക്കല്‍ ഷോപ്പില്‍ നിന്നു വാങ്ങാന്‍ തീരുമാനിച്ചത്. സാധാരണക്കാരായ പലരും വില കൂടുതല്‍ കാരണം അവശ്യ മരുന്നുകള്‍ വാങ്ങാന്‍ സപ്ലൈകോ മെഡിക്കല്‍ സ്റ്റോറിലാണ് വരുന്നത്. എന്നാല്‍ പല മരുന്നുകളും ഇല്ലാത്തത് മൂലം പുറത്തു നിന്നും വലിയ വില കൊടുത്തു വാങ്ങേണ്ട അവസ്ഥയാണ്.

മൂന്നില്‍ കൂടുതല്‍ മരുന്നുകള്‍ വാങ്ങാന്‍ വരുന്നവര്‍ക്ക് വേണ്ട മരുന്ന് ഉണ്ടാവാറില്ല. ചിലപ്പോള്‍ ചില മരുന്നുകള്‍ ഉണ്ടാകും. അപ്പോള്‍ ബാക്കി പുറത്തു നിന്നും വലിയ വില കൊടുത്തു വാങ്ങണ്ട അവസ്ഥയാണ്. എന്താണ് മരുന്നുകള്‍ ഇല്ലാത്തത് എന്നന്വേഷിച്ചപ്പോള്‍ ആണ് സര്‍ക്കാരിന്റെ അനാസ്ഥ പുറത്തു വന്നത്. സപ്ലൈകോ മരുന്നുകള്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് കഴിഞ്ഞ എട്ട് മാസമായി വിതരണം ചെയ്ത മരുന്നിന്റെ തുക കൊടുക്കാത്തത് കൊണ്ട് കമ്പനികള്‍ മരുന്നു വിതരണം നിര്‍ത്തിയിരിക്കുകയാണ്.
മരുന്നുകള്‍ വിതരണം ചെയ്യുന്നവര്‍ പല പ്രാവശ്യം പറഞ്ഞിട്ടും വിതരണം ചെയ്ത മരുന്നുകളുടെ കുടിശിക തീര്‍ക്കാന്‍ സപ്ലൈകോ തയ്യാറായിട്ടില്ല എന്നാണ് മരുന്നു വിതരണക്കാര്‍ പറയുന്നത്. കുടിശിക കൂടിയത് കൊണ്ടു മരുന്നുകള്‍ വിതരണം ചെയ്യാന്‍ വിതരണക്കാര്‍ തയ്യാറാകുന്നില്ല. പല രോഗികള്‍ക്കും മാസത്തില്‍ പതിനായിരം രൂപ വരെ മരുന്നിനു മാത്രം ആകുന്നുണ്ട്. മരുന്നുകളുടെ അന്യായമായ വിലക്കയറ്റം കൊണ്ടു ബുദ്ധിമുട്ടുന്ന സാധാരണക്കാര്‍ക്ക് ആശ്രയമായ സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളില്‍ ആവശ്യത്തിന് മരുന്നുകള്‍ ഇല്ലാത്തത് പ്രതിഷേധാര്‍ഹമാണെന്നും ജനങ്ങളോടുള്ള ക്രൂരതയാണെന്നും അടിയന്തിരമായി മരുന്നു വിതരണക്കാര്‍ക്കുളള കുടിശിക തീര്‍ത്ത് സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളില്‍ ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമാക്കണമെന്നും സര്‍ക്കാരിന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്നും ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് ആവശ്യപ്പെട്ടു.

