സെപ്റ്റംബര്‍ 1 മുതല്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ കൗണ്ടറില്‍ ബോര്‍ഡിങ് പാസില്‍ സ്റ്റാമ്പില്ല

Web Desk
2 Min Read

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് സെപ്റ്റംബര്‍ 1 മുതല്‍ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ നടപടിക്രമത്തില്‍ സുപ്രധാന മാറ്റം. ഇമിഗ്രേഷന്‍ ക്ലിയറന്‍സിന്റെ ഭാഗമായി ബോര്‍ഡിങ് പാസില്‍ സ്റ്റാമ്പ് ചെയ്യേണ്ട നിലവിലെ രീതി അവസാനിപ്പിക്കുന്നു.

city exchange

യാത്രക്കാര്‍ക്ക് കൂടുതല്‍ വേഗത്തിലും സൗകര്യപ്രദമായും ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ പുതിയ സംവിധാനം നടപ്പാക്കുന്നത്. പുതിയ സംവിധാനപ്രകാരം യാത്രക്കാര്‍ക്ക് മൊബൈല്‍ ഫോണിലുള്ള ഇലക്ട്രോണിക് ബോര്‍ഡിങ് പാസോ പ്രിന്റ് ചെയ്ത ബോര്‍ഡിങ് പാസോ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചാല്‍ മതിയാകും. എന്നാല്‍ ബോര്‍ഡിങ് പാസില്‍ ഇനി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സ്റ്റാമ്പ് ചെയ്യില്ല.

ഇതുവരെ അന്താരാഷ്ട്ര യാത്രക്കാര്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സിനിടെ ബോര്‍ഡിങ് പാസ് ഹാജരാക്കേണ്ടതും അതില്‍ ഉദ്യോഗസ്ഥര്‍ സ്റ്റാമ്പ് ചെയ്യുന്നതുമായിരുന്നു പതിവ്.

ഡല്‍ഹി എഫ് ആര്‍ ആര്‍ ഒ ഉദ്യോഗസ്ഥനായ ദീപക് യാദവിന്റെ ആഭ്യന്തര അറിയിപ്പില്‍ സെപ്റ്റംബര്‍ 1 മുതല്‍ ബോര്‍ഡിങ് പാസില്‍ സ്റ്റാമ്പ് ചെയ്യേണ്ട നിബന്ധന ഒഴിവാക്കുന്നതായി വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. പുതുക്കിയ നടപടിക്രമം സംബന്ധിച്ച് ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ വിമാനത്താവള നടത്തിപ്പുകാര്‍ക്കും കേന്ദ്ര വ്യവസായ സുരക്ഷാ സേനയ്ക്കും (സി ഐ എസ് എഫ്) മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്കും അറിയിപ്പ് നല്‍കിയിട്ടുണ്ട്.

- Advertisement -
Ad image

ബോര്‍ഡിങ് പാസില്‍ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള അധിക ഭൗതിക നടപടിക്രമം ഒഴിവാക്കുന്നതോടെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തല്‍. ചില സന്ദര്‍ഭങ്ങളില്‍ സ്റ്റാമ്പുകള്‍ വ്യക്തമാകാതിരിക്കുകയോ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുകയോ ചെയ്യുന്നത് യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കിയിരുന്നു.

പുതിയ സംവിധാന പ്രകാരം മൊബൈല്‍ ഫോണിലുള്ള ഇ-ബോര്‍ഡിങ് പാസ് ഇമിഗ്രേഷന്‍ കൗണ്ടറില്‍ കാണിച്ചാല്‍ മതിയാകും. ഇമിഗ്രേഷന്‍ സ്റ്റാമ്പിനായി മാത്രം പ്രിന്റ് ചെയ്ത ബോര്‍ഡിങ് പാസ് കൈവശം വയ്‌ക്കേണ്ട സാഹചര്യം ഇതോടെ ഒഴിവാകും.

അതേസമയം, പ്രിന്റ് ചെയ്ത ബോര്‍ഡിങ് പാസ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് അത് തുടരാം. എന്നാല്‍ അതില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സ്റ്റാമ്പ് ചെയ്യുകയില്ല.

ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കാണ് പുതിയ മാറ്റം ബാധകമാകുക. അനാവശ്യമായ ഒരു അധിക നടപടിക്രമം ഒഴിവാക്കി ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കൂടുതല്‍ ലളിതവും വേഗത്തിലുമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Share This Article
Leave a Comment
error: Content is protected !!